ബിക്കിനി പോലുള്ള വസ്ത്രധാരണത്തോട് നോ പറയാറുണ്ടെന്ന് രശ്മിക; കാരണമിതാണ്

'കോഫി വിത്ത് കരണി'ന്റെ ഒമ്പതാമത്തെ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരിപാടിയുടെ രണ്ടാമത്തെ എപ്പിസോഡിൽ അതിഥികളായെത്തിയത് താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുമാണ്. സംഭാഷണത്തിനിടയിൽ 'പെഡ്ഡി' എന്ന സിനിമയിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും കരൺ ചോദിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കവെ കരൺ ഇങ്ങനെ പറഞ്ഞു, ''രശ്മിക, നിങ്ങളുടെ കാര്യത്തിൽ ഇത്തരം സംഭവങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. ഹിന്ദി, തെലുങ്ക്, തമിഴ്, അല്ലെങ്കിൽ മറ്റേത് ഭാഷയിലുള്ള സിനിമകളിലായാലും, ഇക്കാര്യത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ?''
താൻ അതിരുകൾ നിശ്ചയിച്ചിട്ടുണ്ടെന്നാണ് രശ്മിക മറുപടി നൽകിയത്. ''എനിക്ക് ഒട്ടും സ്വീകാര്യമല്ലാത്ത ചില കാര്യങ്ങളുണ്ട്. ചില കഥാപാത്രങ്ങൾക്ക് ബിക്കിനി പോലുള്ള വസ്ത്രധാരണം ആവശ്യമായി വന്നേക്കാം എന്ന് എനിക്കറിയാം. എന്നാൽ അത്തരം സന്ദർഭങ്ങളിൽ പോലും, ശരീരം അമിതമായി പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തോട് എനിക്ക് ഒട്ടും താത്പര്യമില്ല; ഞാൻ അത്തരത്തിലുള്ള ഒരാളല്ല''.
പക്ഷേ കൊമേഴ്സ്യൽ ചിത്രങ്ങൾ ചെയ്യുമ്പോൾ ഇതല്ല അവസ്ഥ. ''വാണിജ്യ സിനിമകൾ ചെയ്യുമ്പോൾ, പൂർണ്ണമായും സുഖകരമല്ലാത്ത വസ്ത്രങ്ങൾ ധരിക്കേണ്ടി വന്നേക്കാം. എങ്കിലും, അത്തരം കാര്യങ്ങളിൽ ഞാൻ എന്റേതായ ചില അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. മിക്കപ്പോഴും സംവിധായകർ അതിനോട് സഹകരിക്കാറുമുണ്ട്; കാരണം, അത്തരത്തിലുള്ള ആളുകളുമായി പ്രവർത്തിക്കാനാണ് എനിക്ക് കൂടുതൽ താത്പര്യം'', അവർ കൂട്ടിച്ചേർത്തു.
തങ്ങൾക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകളെക്കുറിച്ച് തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരു സാഹചര്യം അഭിനേതാക്കൾക്ക് ആവശ്യമാണെന്ന് രശ്മിക പറഞ്ഞു. തനിക്കും പലപ്പോഴും തന്റെ ആശങ്കകൾ തുറന്നുപറയാൻ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ ഉറപ്പിനായും പിന്തുണയ്ക്കായും വിജയ്യെ സമീപിക്കാറുണ്ടെന്നും അവർ സമ്മതിച്ചു. ''അഭിനേതാക്കൾക്ക് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന സാഹചര്യം കൂടുതൽ എളുപ്പമാക്കേണ്ടതുണ്ട്. എനിക്ക് പോലും അത് പ്രയാസകരമായി തോന്നാറുണ്ട്. ചിലപ്പോൾ 'എനിക്കിത് ചെയ്യാൻ താത്പര്യമില്ല' എന്ന് പറയണമെന്ന് തോന്നാറുണ്ട്. അപ്പോൾ വിജയ്യുമായി പലതവണ സംസാരിക്കേണ്ടി വരും; 'എനിക്കിത് പറയണമെന്ന് ആഗ്രഹമുണ്ട്' എന്ന് ഞാൻ പറയുമ്പോൾ, 'തീർച്ചയായും, നിനക്ക് പറയാം, പറയുക തന്നെ വേണം' എന്ന് അദ്ദേഹം മറുപടി നൽകും''.
എന്നാൽ ഇതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ നടത്തുന്നത് ഇപ്പോഴും വെല്ലുവിളിയാണെന്ന് വിജയ് അഭിപ്രായപ്പെടുന്നു. ''ഈ സംഭാഷണങ്ങൾ നടത്തുന്നത് ഇത് ഇപ്പോഴും വെല്ലുവിളിയാണ്. അവർക്കെല്ലാം പറയാനുള്ള ഒരു സപ്പോർട്ട് സിസ്റ്റം ആവശ്യമാണ്. നോ എന്ന് പറയാനുള്ള അവകാശം. എന്നാൽ 'നിങ്ങൾ ഒരു നടിയാണ്, നിങ്ങൾ ഈ സിനിമയിൽ ഒപ്പുവച്ചു, ഇത് നിങ്ങളുടെ ജോലിയല്ലേ, ഞങ്ങൾ അധികം ചോദിക്കുന്നില്ല' എന്നൊരു ധാരണ മറ്റുള്ളവർക്കുണ്ടാവുമെന്ന് നടിമാർക്ക് തോന്നും. അതിനാൽ 'ഞാൻ എന്റെ ജോലി ചെയ്യുന്നില്ലേ? ഞാൻ ഒരു പ്രൊഫഷണലല്ലേ?' എന്ന സമ്മർദ്ദം നിങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങുന്നു''.
രശ്മികയും വിജയ്യും പ്രധാനവേഷങ്ങളിൽ അഭിനയിച്ച 'രണബാലി'ക്ക് തിയേറ്ററുകളിൽനിന്ന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പെഡ്ഡി വിവാദം
റാം ചരണും ജാൻവി കപൂറും നായികാനായകൻമാരായ 'പെഡ്ഡി' എന്ന ചിത്രത്തിൽ, ജാൻവി അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രീതിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചുവെന്നാണ് വിമർശനങ്ങളുണ്ടായത്. നായകൻ അനുവാദമില്ലാതെ നായികയെ ചുംബിക്കുന്ന ഒരു രംഗവും വിവാദമായി. അതിനിടെ ജാൻവിയുടെ അഭിപ്രായങ്ങൾ എന്ന പേരിൽ ചില സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. ഇത്തരത്തിലുള്ള ഷോട്ടുകൾ പാടില്ലെന്ന് താൻ നേരത്തെ സംവിധായകനോട് പറഞ്ഞതായാണ് അതിൽ സൂചിപ്പിക്കുന്നത്. പിന്നാലെ സംവിധായകൻ ബുച്ചി ബാബു സന മാപ്പ് പറയുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna and Vijay Deverakonda appeared as guests on Koffee with Karan Season 9., Rashmika discussed her boundaries regarding costume choices like bikinis and skin show in commercial films., She admitted finding it difficult to say no sometimes and relies on Vijay Deverakonda for support and reassurance