രശ്മികയേക്കാൾ 13 വയസ്സിന് മൂത്ത നടനുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്, ആശ്വാസം പകർന്നത് വിജയ്

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തങ്ങൾ വിവാഹിതരാവുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഫെബ്രുവരി 26 ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. അതേസമയം, വിജയിയെ പരിചയപ്പെടുന്നതിനു മുമ്പ്, നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പക്ഷെ വിവാഹത്തിലേക്ക് ആ ബന്ധമെത്തിയില്ല.
2016 ലെ കന്നഡ സൂപ്പർഹിറ്റ് ചിത്രമായ 'കിരിക് പാർട്ടി'യാണ് രശ്മികയുടെ കരിയറിൽ നാഴികക്കല്ലായത്, ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയൊരു ആരാധകവൃന്ദത്തെ അവർ സ്വന്തമാക്കി. രക്ഷിത് ഷെട്ടിയായിരുന്നു ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്, നിർമ്മാതാവും അദ്ദേഹമായിരുന്നു. അങ്ങനെ സെറ്റിൽ വെച്ച് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു. ഇതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
രശ്മികയേക്കാൾ 13 വയസ്സിന് മുതിർന്നതാണ് രക്ഷിത് ഷെട്ടി, നിശ്ചയം നടക്കുമ്പോൾ 21 വയസ്സേ രശ്മികയ്ക്ക് പ്രായമുള്ളൂ, കരിയറും തുടങ്ങിയിട്ടേയുള്ളൂ. രശ്മികയുടെ മാതാപിതാക്കൾക്കും വിവാഹത്തോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. മാതാപിതാക്കളെ രശ്മികയ്ക്ക് സമ്മതിപ്പിക്കേണ്ടി വന്നു. 2017 ജൂലൈ മൂന്നിന് സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഒരു ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. പിന്നാലെ വലിയൊരു വിവാഹച്ചടങ്ങ് പ്രതീക്ഷിച്ച ആരാധകർക്കിടയിലേക്ക് ഇരുവരും നിശ്ചയത്തിൽ നിന്ന് പിന്മാറിയെന്ന വാർത്തയാണ് വന്നത്. 2018 സെപ്റ്റംബറിൽ ഇരുവരും വിവാഹ നിശ്ചയം റദ്ദാക്കി.
'പൊരുത്തക്കേടായിരുന്നു' കാരണമെന്നും റിപ്പോർട്ടുകൾ വന്നു. 'കിരിക് പാർട്ടി'ക്ക് ശേഷം രശ്മികയ്ക്ക് ധാരാളം നല്ല അവസരങ്ങൾ ലഭിച്ചിരുന്നു, ഇതോടെ അഭിനയ രംഗത്ത് മുന്നോട്ട് പോകാൻ അവർ ആഗ്രഹിക്കുകയും ചെയ്തു.
എന്നാൽ രക്ഷിതിന് ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളുടെ ചിന്തകൾ തമ്മിൽ യോജിക്കുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു, അതിനാൽ ബന്ധം തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇരുവരും ഒരിക്കലും പരസ്പരം പഴിചാരുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. സൗഹൃദം നിലനിർത്തുകയും ചെയ്തു.
അതേസമയം, ബന്ധം തകർന്ന ദുഃഖത്തിൽ നിന്ന് കരകയറാൻ രശ്മികയെ സഹായിച്ചത് വിജയ് ദേവരകൊണ്ടയായിരുന്നു. 'ഗീത ഗോവിന്ദം' സിനിമയിൽ രശ്മികയുടെ സഹതാരമായിരുന്നു വിജയ്. അതിനെപ്പറ്റി ഇന്റർനാഷണൽ ബിസിനസ് ടൈംസിന് നൽകിയ അഭിമുഖത്തിൽ രശ്മിക പറഞ്ഞതിങ്ങനെ, " രക്ഷിത് ഷെട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിൽ നിന്ന് ഞാൻ സുഖപ്പെട്ടുവരികയായിരുന്നു. എനിക്ക് ആശ്വാസവും പരിചരണവും ആവശ്യമുണ്ടായിരുന്നു, അത് ഞാൻ ദേവരകൊണ്ടയിൽ കണ്ടെത്തി. വികാരങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ പാടുപെടുകയായിരുന്നു, എന്റെ ആത്മാവിനെ ഉയർത്തിയത് അദ്ദേഹമാണ്. പുറത്ത് ഒരു വ്യത്യസ്ത ലോകം കാത്തിരിപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നത് അദ്ദേഹമാണ്."
രശ്മികയും വിജയും 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നുമുതൽ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്. എന്നാൽ ബന്ധത്തെപ്പറ്റി ഇരുവരും ഒരിക്കലും തുറന്നുസമ്മതിച്ചിരുന്നില്ല. 2025 ഒക്ടോബറിൽ, ലളിതമായ ചടങ്ങിൽ ഇരുവരും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why Rashmika Mandanna called off her wedding with Rakshit Shetty & how Vijay Deverakonda helped her. Get the inside story on their past & present.