എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടേക്കാം, അതുകൊണ്ടാണ് എളിയ ജീവിതം നയിക്കുന്നത്-രശ്മിക മന്ദാന

കന്നഡയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 'കിരിക്ക് പാര്‍ട്ടി'യിലൂടെയാണ് രശ്മിക മന്ദാന സിനിമയിലെത്തുന്നത്. അനിമല്‍, പുഷ്പ -2 തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ രശ്മിക ഇന്ന് രാജ്യത്തെ തിരക്കുള്ള നടികളില്‍ ഒരാളാണ്. സിനിമാരംഗത്തുപ്രവര്‍ത്തിച്ച ഒന്‍പതു വര്‍ഷത്തിനിടെ കരിയര്‍ നല്ലരീതിയില്‍ മെച്ചപ്പെടുത്തി. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചു. കന്നഡ നടിയില്‍ നിന്ന് തെലുഗിലും തമിഴിലും ഹിന്ദിയിലും പരിചിതമുഖമായി വളരാന്‍ രശ്മികയ്ക്ക് അധികനാള്‍ വേണ്ടിവന്നില്ല.
അതേസമയം, തന്റെ സിനിമകള്‍ വലിയ വിജയം കൊയ്യുമ്പോഴും ലളിതമായ ജീവിതം നയിക്കാനാണ് രശ്മിക ഇഷ്ടപ്പെടുന്നത്. അടുത്തിടെ ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അതിന്റെ കാരണവും താരം തുറന്നുപറഞ്ഞു.
താരപ്രഭയേക്കാള്‍ ആളുകളുടെ മുഖത്ത് ഒരുപുഞ്ചിരി വരുത്തുന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രശ്മിക പറയുന്നു. 'എന്തൊക്കെ തന്നെ നേടിയാലും സ്വദേശമായ കൂര്‍ഗിലെ വേരുകളില്‍ നിലകൊള്ളാനാണ് താത്പര്യം. നമ്മളിന്ന് ആരാധിക്കുന്നതും ആസ്വദിക്കുന്നതുമായ കാര്യങ്ങളും ആഡംബരങ്ങളുമെല്ലാം തുടരുകയോ ഒറ്റയടിക്ക് നഷ്ടപ്പെടുകയോ ചെയ്‌തേക്കാം, അതുതന്നെയാണ് എളിയ ജീവിതം നയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കുടുംബത്തിന്റെ വേരുകളുമായി ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടുതന്നെ.
കുടുംബവും സുഹൃത്തുക്കളുമാണ് അതിനെന്നെ സഹായിക്കുന്നത്. അവരെന്റെ ജീവിതത്തിലെ ശരിയായ ആളുകളാണ്, അവരെല്ലാം ലാളിത്യത്തില്‍ വിശ്വസിക്കുന്നു, അത്തരമാളുകളാല്‍ ചുറ്റപ്പെട്ടതുകൊണ്ട് ഞാനിരിക്കുന്നത് ഒരു നല്ലയിടത്താണെന്ന് എനിക്ക് പറയാന്‍ കഴിയും'-രശ്മിക പറയുന്നു.
പ്രൊഫഷണല്‍ വിജയത്തിനായി കുടുംബത്തോടോപ്പമിരിക്കുന്ന സമയം തനിക്ക് ത്യജിക്കേണ്ടി വരുന്നുണ്ടെന്ന് മുമ്പ് രശ്മിക പറഞ്ഞിരുന്നു. പ്രത്യേകിച്ചും ചെറിയ അനിയത്തിയെ. അവളുടെ വളര്‍ച്ച കാണാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അത് മിസ്സ് ചെയ്യുന്നു, ദിവസവും അനിയത്തിയുമായി ചാറ്റ് ചെയ്യുമെന്നും രശ്മിക പറഞ്ഞിരുന്നു.
Content Highlights: rashmika mandanna open up about humble life