രശ്മിക മന്ദാന കർണാടിക് സംഗീതം പഠിക്കുന്നു, ജീവിതത്തിൽ ഇതുവരെ സംഗീതം പരീക്ഷിച്ചിട്ടില്ലെന്ന് താരം

രശ്മിക മന്ദാന, എം.എസ്.സുബ്ബലക്ഷ്മി | Instagram, IMDb
രശ്മിക മന്ദാന, എം.എസ്.സുബ്ബലക്ഷ്മി | Instagram, IMDb

കർണാടിക് സംഗീത ഇതിഹാസം എംഎസ്. സുബ്ബലക്ഷ്മിയായി, അവരുടെ ജീവചരിത്രസിനിമയിൽ വേഷമിടാനൊരുങ്ങുകയാണ് രശ്മിക മന്ദാന. കഥാപാത്രം തന്നിലേക്ക് വന്നപ്പോൾ അനുഭവപ്പെട്ട കാര്യങ്ങളും അതിന്റെ സ്വാഭാവികതയ്ക്കായി നടത്തുന്ന പരിശീലനത്തെപ്പറ്റിയും തുറന്നുപറയുകയാണ് രശ്മികയിപ്പോൾ.

ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ, ഇത്രയും വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്ന് അവരോട് ചോദിച്ചു. "ഇതൊരു വിശേഷപ്പെട്ട ചിത്രമാണ്. അതിനെപ്പറ്റി എത്രത്തോളം സംസാരിക്കണമെന്ന് എനിക്കറിയില്ല, അല്പം ആശങ്കയുണ്ട്. ഈ ചിത്രത്തെ ഞങ്ങൾക്ക് സാധ്യമായ എല്ലാ രീതിയിലും സംരക്ഷിക്കേണ്ടതുണ്ട്. ഞാൻ കർണാടക സംഗീതം പഠിച്ചു തുടങ്ങണം. വെറുതെ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റില്ല. സംഗീതത്തെപ്പറ്റി എനിക്ക് വലിയ അറിവില്ലെങ്കിലും ഭാവങ്ങൾ പകർന്നുകൊടുക്കാൻ കഴിയും... പക്ഷേ സംഗീതം എന്നത് എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ചെയ്യാത്ത ഒരേയൊരു കാര്യമാണ്. വീട്ടിൽ ഞാൻ മൂളുകപോലുമില്ല. എന്നാൽ ഈ പ്രൊജക്റ്റിലൂടെ എനിക്ക് മൂളാനും പാടാനും ആഗ്രഹമുണ്ട്. എനിക്ക് ഒരിക്കലും അത് സാധിക്കില്ലായിരിക്കാം, എങ്കിലും എം.എസ്. അമ്മയായി വേഷമിടാനുള്ള ഈ അവസരവും എനിക്ക് ലഭിച്ചിരിക്കുന്നു," അവർ പറഞ്ഞു.

"ഈ വേഷവുമായി എന്നെ സമീപിച്ചപ്പോൾ, സ്പർശിക്കാൻ കഴിയാത്തത്ര വലിയൊരു ചരിത്രമാണിതെന്ന് ഞാനവരോട് അവരോട് പറഞ്ഞു. അവരുടെ ജീവിതം വളരെ മനോഹരവും വരും തലമുറകൾ അറിയേണ്ടതുമാണ്. എന്നിലെ അതിമോഹിയായ വ്യക്തി 'നീ ഇത് ചെയ്തേ തീരൂ' എന്ന് പറഞ്ഞു. ഇപ്പോഴെനിക്ക് സംഗീതത്തിന്റെ പുതിയൊരു ലോകത്തിലേക്ക് കടക്കേണ്ടതുണ്ട്. വലിയ ആകാംക്ഷയുണ്ട്. എനിക്കറിയില്ല... ഒരുപക്ഷേ ഇത് അത്ഭുതകരമായിരിക്കാം അല്ലെങ്കിൽ വിജയിച്ചില്ലെന്നും വരാം. എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ഇതിനായി നൽകും."

എം.എസ്. സുബ്ബലക്ഷ്മി (മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി) 1916 സെപ്റ്റംബർ 16-ന് മധുരയിലാണ് ജനിക്കുന്നത്. 70 വർഷത്തോളം നീണ്ട തന്റെ സംഗീത ജീവിതത്തിനിടയിൽ അവർ കർണാടക സംഗീതത്തിന്റെ മുഖമുദ്രയായി മാറി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna will portray legendary singer MS Subbulakshmi in an upcoming biopic., The actor revealed she is starting to learn Carnatic music for the role, noting she has never sung before