'ദാവൂദ് 20 വർഷംമുമ്പ് തീവ്രവാദം നിർത്തി, ധുരന്ധറിൽ അവതരിപ്പിച്ചത് തെറ്റായ രീതിയിൽ': രാം ഗോപാൽ വർമ

രാം ഗോപാൽ വർമ, ദാവൂദ് ഇബ്രാഹിം / AFP
രാം ഗോപാൽ വർമ, ദാവൂദ് ഇബ്രാഹിം / AFP

'ധുരന്ധർ 2' (Dhurandhar: The Revenge) സിനിമയെ ഏറ്റവും കൂടുതൽ പ്രശംസിച്ച ബോളിവുഡ് പ്രമുഖരിലൊരാളാണ് രാം ഗോപാൽ വർമ. സിനിമയെയും സംവിധായകൻ ആദിത്യ ധറിനെയും അഭിനന്ദിക്കാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നുമില്ല. സിനിമയെ അഭിനന്ദിക്കാത്തവരെ ഒരു ഘട്ടത്തിൽ രാം ഗോപാൽ വർമ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് തനിക്കുള്ള ഏക വിയോജിപ്പിനെക്കുറിച്ച് ആർ.ജി.വി. ഹുസൈൻ സൈദിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയാണ് അദ്ദേഹം.

''എനിക്ക് വിയോജിപ്പുള്ള ഒരേയൊരു കാര്യമുണ്ട്. അത് ദാവൂദ് ഇബ്രാഹിമിന്റെ (Dawood Ibrahim) കഥാപാത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. ആ കഥാപാത്രത്തെ ഇങ്ങനെ അവതരിപ്പിച്ചതിൽ അവർക്ക് അവരുടേതായ ഉറവിടങ്ങളുണ്ടായിരിക്കാം. പക്ഷേ, അത് തെറ്റായിട്ടാണ് കാണിച്ചിരിക്കുന്നത്''.

സിനിമയിൽ കുപ്രസിദ്ധനായ ഗുണ്ടാനേതാവ് 'ബഡേ സാഹബ്' എന്ന പേരിലാണ് ദാവൂദ് ഇബ്രാഹിമിനെ അവതരിപ്പിച്ചിരിക്കുന്നത്. പാകിസ്താൻ കേന്ദ്രമാക്കി ഇന്ത്യയിൽ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങളുടെ സൂത്രധാരനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, താൻ സത്യമെന്ന് വിശ്വസിക്കുന്ന ചില കാര്യങ്ങളുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ലെന്നും ആർ.ജി.വി പറയുന്നു. ദാവൂദിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള തന്റെ ധാരണയുമായി സിനിമയുടെ ആഖ്യാനം പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ''അധികാരത്തോടെ എനിക്ക് അങ്ങനെ പറയാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ എനിക്കറിയാവുന്ന കാര്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ല''.

വർഷങ്ങളായി താൻ കേട്ടറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ദാവൂദ് വളരെയധികം നിഷ്‌ക്രിയനാണെന്നും (inactive) ആർ.ജി.വി കൂട്ടിച്ചേർത്തു. ''അദ്ദേഹം നിഷ്‌ക്രിയനായിരുന്നു. കാരണം എല്ലാം അദ്ദേഹം നിർത്തിയിരുന്നു. 20 വർഷം മുമ്പ് ദാവൂദ് ക്രിമിനൽ പ്രവർത്തനങ്ങളിൽനിന്ന് വിരമിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്''.

അതേസമയം അത്തരം കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അവ്യക്തത അദ്ദേഹം അംഗീകരിച്ചു. ആർക്കും സത്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ കഴിയില്ല. ''ഇതാണ് സത്യമെന്ന് ആർക്കും അറിയാൻ കഴിയില്ല. ധുരന്ധർ ചില കാര്യങ്ങൾ കാണിച്ചുതന്നു. എനിക്കത് നിരാകരിക്കാൻ കഴിയില്ല. സംവിധായകന് അത് തെളിയിക്കാനും കഴിയില്ല'', ആർ.ജി.വിയുടെ വാക്കുകൾ.

ഇപ്പോഴും 'ധുരന്ധർ' കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ 1733 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. സിനിമയുടെ രണ്ടുഭാഗങ്ങളും ചേർന്ന് ഇതുവരെ 3000 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. രൺവീർ സിങ് നായകനായ രണ്ടാം ഭാഗത്തിൽ ആർ.മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, സഞ്ജയ് ദത്ത് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ram Gopal Varma critiques the depiction of Dawood Ibrahim in Dhurandhar 2. RGV claims Dawood Ibrahim has been inactive in criminal activities for 20 years.