ജയിലുകളിൽ പുകവലി കേന്ദ്രങ്ങൾ വേണമെന്ന് നടൻ, പരാമർശം ജാമ്യം കിട്ടിയതോടെ

ഒൻപതു കോടി രൂപയുടെ ചെക്ക് കേസിൽ പെട്ട നടൻ രാജ്പാൽ യാദവ് കഴിഞ്ഞദിവസമാണ് തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. ബോളിവുഡിൽ നിന്ന് പല പ്രമുഖ താരങ്ങളും പണം നൽകി സഹായിച്ചതോടെയാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്. തനിക്ക് പിന്തുണ നൽകിയ രാജ്യത്തിനും ബോളിവുഡിനും അദ്ദേഹം നന്ദി അറിയിച്ചു. ജയിലിനുള്ളിൽ പുകവലി മുറികൾ ഏർപ്പെടുത്താൻ രാജ്പാൽ അധികൃതരോട് അഭ്യർഥിച്ചിരിക്കുകയാണ് ഇപ്പോൾ.
ഷാജഹാൻപൂർ ജില്ലയിലെ തൻ്റെ ഗ്രാമത്തിൽ സംസാരിക്കവേ, "റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമുള്ള സൗകര്യങ്ങൾക്ക് സമാനമായി ജയിലുകളിൽ പുകവലിക്കാനുള്ള പ്രത്യേക സ്ഥലങ്ങൾ വേണ"മെന്ന് രാജ്പാൽ ആവശ്യപ്പെടുന്നു. ജയിലുകളെ പുനരധിവാസ കേന്ദ്രങ്ങളായി കണക്കാക്കണമെന്നും, നിയമം അനുസരിക്കാത്തവർക്ക് കർശനമായ ശിക്ഷ നൽകുമ്പോഴും, മാറ്റം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പുറത്തുനിന്ന് നോക്കുമ്പോൾ ആരാണ് കഠിനമായ കുറ്റവാളിയെന്നും ആരാണ് തെറ്റ് ചെയ്തതെന്നും തീരുമാനിക്കാൻ പലപ്പോഴും പ്രയാസമാണ്. എല്ലാ നിയമപരമായ ചോദ്യങ്ങൾക്കും എൻ്റെ അഭിഭാഷകൻ ഭാസ്കർ ഉപാധ്യായ ഔദ്യോഗികമായി പ്രതികരിക്കും"- അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ വിവാഹമുള്ളതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും പിന്നീട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേസിനെക്കുറിച്ചുള്ള വിവരങ്ങൾ
2012 മുതലുള്ള ചെക്ക് കേസിലായിരുന്നു നടനെ അറസ്റ്റ് ചെയ്തിരുന്നത്. ഡൽഹി ഹൈക്കോടതി മാർച്ച് 18 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് ഒരു ലക്ഷം രൂപ ജാമ്യത്തുകയ്ക്കും ആൾജാമ്യത്തിനും വിധേയമായി രാജ്പാലിന് ജാമ്യം അനുവദിച്ചത്. 1.5 കോടി രൂപ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു. പരാതി നൽകിയ എം/എസ് മുരളീ പ്രോജക്ടിൻ്റെ അഭിഭാഷകൻ, ബാങ്ക് ചെക്ക് തുകയുടെ വിഹിതമായി നടൻ്റെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിച്ചതായി സ്ഥിരീകരിച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
അടുത്ത വാദം കേൾക്കുന്ന മാർച്ച് 18 വരെ അദ്ദേഹത്തിന് ജയിലിന് പുറത്ത് തുടരാം. അപ്പോഴേക്കും ശിക്ഷ ഒഴിവാക്കാൻ ബാക്കിയുള്ള തുക അടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോനു സൂദ് മുതൽ മിക സിങ് വരെയുള്ള നിരവധി ബോളിവുഡ് താരങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്പാലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Rajpal Yadav released on interim bail in Rs 9 cr debt case. He speaks out about his release and suggests designated smoking areas in jails.