‘ഏഴ് സ്‌കൂളുകളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഏറ്റവും നല്ല കാലമായിരുന്നു അത്’

2016ൽ സിനിമയിൽ അരങ്ങേറ്റം. ആദ്യചിത്രത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം. 'ജൂൺ', 'ഫൈനൽസ്', 'ഖോ-ഖോ', 'മധുര മനോഹര മോഹം'... തുടങ്ങി 'മസ്തിഷ്‌കമരണം'വരെ എത്തിനിൽക്കുന്ന നായികാ പ്രാധാന്യമുള്ള സിനിമകൾ. മലയാളത്തിന്റെ അതിരുകൾ മായ്ച്ച് തമിഴിലേക്കും തെലുഗുവിലേക്കുമുള്ള യാത്ര. ധനുഷിനൊപ്പം 'കർണൻ', സൂര്യയുടെ 'ജയ് ഭീം', മാരി സെൽവരാജ് ഒരുക്കിയ 'ബൈസൺ'... സിനിമയിൽ പത്തുവർഷം പൂർത്തിയാക്കുന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ് രജിഷാ വിജയൻ.
The magic of Frida Soman
അപഹരിക്കപ്പെടുന്ന സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും കഥപറയുന്ന ചിത്രമാണ് 'മസ്തിഷ്‌കമരണം'. അഭിനയജീവിതത്തിൽ പത്തുവർഷം പിന്നിടുന്ന വേളയിൽ ആഘോഷംതീർക്കാനായി ലഭിച്ച വേഷം. 2046-ൽ നടക്കുന്ന കഥയിലേക്കാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഏറെ ആസ്വദിച്ച് അവതരിപ്പിച്ച കഥാപാത്രമാണ് ഫ്രിഡാ സോമൻ. സംവിധായകൻ കൃഷാന്തിൽനിന്ന് കഥ കേട്ടപ്പോൾതന്നെ അഭിനയിക്കാമെന്ന് ഉറപ്പുനൽകി. ഗ്രാഫിക്സും മ്യൂസിക്കുമെല്ലാം ചേർത്തുവെച്ച് വേറിട്ട രീതിയിലാണ് അദ്ദേഹം തിരക്കഥ അവതരിപ്പിച്ചത്. ഏതൊരു അഭിനേത്രിയും ആഗ്രഹിക്കുന്ന വേഷം, സിനിമയെ സീരിയസായി കാണുന്ന ആർക്കും ഫ്രിഡാ സോമനെ മാറ്റിനിർത്താൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്.
സിനിമയ്ക്കായി ആറുമാസംകൊണ്ട് പതിനഞ്ചുകിലോ ഭാരം കുറച്ചു. ബോക്സിങ് പഠിച്ചു. കഥാപാത്രത്തിന്റെ കോസ്റ്റ്യൂംസെല്ലാം വ്യത്യസ്തമായിരുന്നു. ഫോട്ടോഷൂട്ടുകൾക്കുവേണ്ടിപ്പോലും ഞാനിത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. പാട്ടും നൃത്തവും ട്രെയ്ലറുമെല്ലാം സിനിമ ഇറങ്ങുന്നതിനുമുൻപുതന്നെ ചർച്ചയായി. ചിത്രം പ്രദർശനത്തിനെത്തും മുൻപുയർന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കഥയിലൂടെ സിനിമയ്ക്ക് നൽകാൻ കഴിഞ്ഞു. ഒരു സൈബർപാത്ത് സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് 'മസ്തിഷ്‌കമരണം'. കണ്ടും കേട്ടും പരിചയിച്ച സ്ഥിരം രീതികളിലൂടെയല്ല ഈ സിനിമയുടെ സഞ്ചാരം.
Just on Insta
കഴിഞ്ഞ ഏഴെട്ടുവർഷമായി വാട്സാപ്പ് ഉപയോഗിക്കാറില്ല. എല്ലാ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും സജീവമായി നിൽക്കണമെന്നില്ലല്ലോ. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. അതിലൂടെയും ആശയവിനിമയം ആകാമല്ലോ. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നതുകൊണ്ടാകണം ഇൻസ്റ്റയിലേക്ക് അടുത്തത്. വെർച്വൽ വേൾഡിൽ സമയം കളയാൻ താത്പര്യമില്ല. റീൽസെല്ലാം നോക്കി ഒരുപാട് സമയം ചെലവിടുന്നതായി മനസ്സിലാക്കിയപ്പോൾ അകലംപാലിച്ചു. വാട്സാപ്പ് ഇല്ലാത്തതുകൊണ്ട് എനിക്കിതുവരെ പ്രയാസങ്ങളൊന്നുമില്ല. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. എന്റെ കാര്യമാണ് പറയുന്നത്. എനിക്കിത് ഓക്കെയാണ്. വ്യക്തിപരമായ താത്പര്യമായി ഇതിനെ കാണാം.
Bold Choice
ഭാഷ നോക്കിയല്ല സിനിമകളുടെ തിരഞ്ഞെടുപ്പ്. കഥയും കഥാപാത്രവും ഉൾക്കൊള്ളാൻപറ്റുന്നതാണോ എന്നതിനാണ് പ്രഥമ പരിഗണന. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, നാടകം എന്നൊന്നും ചിന്തിക്കാറില്ല. കഥാപാത്രം കണക്റ്റാകുന്നുണ്ടോ എന്നുമാത്രം നോക്കും. സമാനതകളില്ലാതെ അഭിനയിക്കാൻപറ്റുന്ന, നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന വേഷങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് ശ്രമം. ഏഴ് സ്‌കൂളുകളിലായാണ് ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അത്.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠിച്ചശേഷമാണ് സിനിമയിലേക്കെത്തുന്നത്. അഭിനയജീവിതത്തിൽ പത്തുവർഷം പിന്നിടുമ്പോൾ എങ്ങനെയാണ് ഈ യാത്രയെ സ്വയം വിശേഷിപ്പിക്കുക?
ഐ ആം സ്റ്റിൽ ഹിയർ. സിനിമയിൽ അവസരം ലഭിക്കുന്നതുപോലെതന്നെ, പ്രയാസമേറിയകാര്യമാണ് നിലനിൽക്കുക എന്നത്. പത്തുവർഷത്തിനിപ്പുറവും ഞാൻ ഇവിടെ തുടരുന്നു...
ഈ യാത്രയിൽ എനിക്ക് കൂട്ടായി നിന്ന ഒരുപാടുപേരുണ്ട്. സംവിധായകരും ഒപ്പം അഭിനയിച്ചവരും ടെക്നീഷ്യൻസും എല്ലാറ്റിനുമുപരി പ്രേക്ഷകരുടെ സ്നേഹവും നിലനിൽപ്പിന് കരുത്ത് പകർന്നു. കാലിടറുമ്പോൾ കൂട്ടായി കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. സിനിമയിൽ നിലനിൽക്കുകയെന്നത് ചെറിയകാര്യമല്ലെന്ന് അറിയാം. സ്വയം നവീകരിച്ചും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടും മാറിച്ചിന്തിച്ചും മാത്രമേ മുന്നോട്ട് സഞ്ചരിക്കാൻകഴിയൂ. യാത്രകൾ, എന്റെ ചിന്തകളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുമായി അടുത്തിടപഴകുമ്പോൾ, കാഴ്ചകൾ കാണുമ്പോൾ, തെറ്റും ശരിയും തിരിച്ചറിയുമ്പോൾ വ്യക്തിയെന്നനിലയിൽ മാറുന്നുണ്ട്. വായിച്ച പുസ്തകങ്ങളും കാണുന്ന സിനിമകളും എല്ലാം ചിന്തകളെ നവീകരിക്കാൻ സഹായിക്കുന്നു. ആദ്യസിനിമയെ സമീപിച്ച അതേ ഉത്സാഹത്തോടെയും ആത്മാർഥതയോടെയുമാണ് ഇന്നും കഥാപാത്രങ്ങളെ സ്വീകരിക്കുന്നത്. എന്റെ പോരായ്മകൾ മനസ്സിലാക്കി അവയെ മറികടന്ന് മുന്നോട്ടുപോകാൻ സ്വയം പരിശ്രമിക്കുന്നു. സിനിമയിൽ തുടരണമെന്ന ആഗ്രഹം പത്തുവർഷത്തിനിപ്പുറവും ശക്തമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reflecting on a decade of versatile acting in Malayalam, Tamil, and Telugu cinema., Insights into the character 'Frida Soman' in the sci-fi comedy 'Masthishkamaranam'., Physical transformation and preparation for the role, including boxing training., Personal philosophy on social media usage and maintaining a digital-minimalist lifestyle., Commitment to continuous learning and evolving as an artist.