ഈ കൊടുങ്കാറ്റിനേക്കാൾ ശക്തയാണ് നീ, വേദനിപ്പിക്കാൻ നോക്കിയവർ ഒരുനാൾ അനുഭവിക്കും-റഹ്മാൻ

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടൻ റഹ്മാൻ. ശ്വേതയ്ക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, അനീതിയിൽ രോഷം തോന്നുന്നുവെന്നും റഹ്മാൻ പറഞ്ഞു. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് ശ്വേതയെ അറിയാം, യഥാർത്ഥ സുഹൃത്തായിരുന്നു നീ. ഇൻഡസ്ട്രിയിൽ ഞാൻ കണ്ടതിൽ ഏറ്റവും ദയയും ആത്മാർത്ഥതയുമുള്ള വ്യക്തികളിൽ ഒരാൾ. ഒരു സിനിമയിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും, ഒരുമിച്ച് ചെയ്ത ഷോകളും ഒന്നിച്ച് ചെലവിട്ട സമയവും ശ്വേതയുടെ സ്വഭാവം മനസ്സിലാക്കാനും സൗഹൃദത്തെ വിലമതിക്കാനും ധാരാളമായിരുന്നുവെന്നും റഹ്മാൻ പറയുന്നു.
"ഇപ്പോഴത്തെ ഈ സാഹചര്യം ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല. ഈ ദുരുദ്ദേശപരമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ ഓർത്ത് ഞാനും മെഹറും ഞെട്ടലിലും വെറുപ്പിലുമാണ്. മലയാള സിനിമാ താരസംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നീ തിരഞ്ഞെടുക്കപ്പെടുന്നത് തടയാനും നിൻ്റെ പേരിന് കളങ്കം വരുത്താനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് വ്യക്തം. ഇത്തരം വൃത്തികെട്ട കളികൾ രാഷ്ട്രീയത്തിൽ സാധാരണമാണ്, പക്ഷേ സിനിമാ വ്യവസായത്തിൽ ഇത് കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല."
അതേസമയം, നേരത്തെ പ്രതികരിക്കാത്തതിൽ അദ്ദേഹം ക്ഷമയും ചോദിച്ചു. ഭക്ഷ്യവിഷബാധ മൂലം ചികിത്സയിലായിരുന്നതിനാലും പ്രിയ സുഹൃത്ത് ഷാനവാസിൻ്റെ വിയോഗത്തിൻ്റെ ദുഃഖത്തിലായിരുന്നതിനാലുമാണ് അത് സാധിക്കാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നിലപാട് പൊതുജനങ്ങളറിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും റഹ്മാൻ പറഞ്ഞു. "ചില മാധ്യമങ്ങൾ എൻ്റെ വാക്കുകളെ വളച്ചൊടിച്ചേക്കുമെന്ന് എനിക്കറിയാം, പക്ഷേ അത് കാര്യമാക്കുന്നില്ല. ശ്വേത, നിൻ്റെ ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്. ആരുടെയും സഹായമില്ലാതെ, നിശ്ചയദാർഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നീ ഇന്ന് കാണുന്ന സ്ഥാനത്ത് എത്തിയതെങ്ങനെയെന്ന് എനിക്കറിയാം. ഈ കൊടുങ്കാറ്റിനേക്കാൾ ശക്തയാണ് നീ, നിന്നെ വേദനിപ്പിക്കാൻ ശ്രമിച്ചവർ അവരുടെ പ്രവൃത്തികളുടെ ഫലം ഒരുനാൾ അനുഭവിക്കും. നീ മലയാള സിനിമാ താരസംഘടനയുടെ മികച്ച പ്രസിഡൻ്റായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല, പൂർണപിന്തുണയോടെ നിന്നോടൊപ്പം നിൽക്കുന്നു."-റഹ്മാൻ എഴുതി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Rahman defends Shwetha Menon against baseless accusations during the AMMA election, highlighting her character and condemning the malicious act.