അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് മിനിറ്റുകൾക്കകം രാധിക കോമഡി രംഗം ചിത്രീകരിച്ചു

'വിശ്വനാഥ് & സൺസ്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സംവിധായകൻ വെങ്കി അറ്റ്‌ലൂരി അടുത്തിടെ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. നായകനായ സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കവെ, അമ്മ ഗീത രാധയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കകം രാധിക ബാക്കിയുണ്ടായിരുന്ന ഒരു കോമഡി രംഗം പൂർത്തിയാക്കാൻ സഹകരിച്ചതായി വെങ്കി വെളിപ്പെടുത്തി.
“ഞങ്ങൾ ഒരു പക്കാ കോമഡി സീൻ (comedy scene) ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്താണ് രാധിക മാഡത്തിന്റെ അമ്മ അന്തരിച്ചുവെന്ന വാർത്ത വരുന്നത്. എന്നാൽ ഞാൻ ഈ സീൻ തീർത്തിട്ട് പോയ്ക്കോട്ടേ എന്നാണ് അവരെന്നോട് ചോദിച്ചത്. ഞാനൊരു നിമിഷം സ്തംഭിച്ചുപോയി, എന്തുചെയ്യണമെന്നറിയാതെ നിന്നു.”-വെങ്കി പറഞ്ഞു.
ചിത്രീകരണം തുടരാനുള്ള തീരുമാനത്തെപ്പറ്റി രാധികയും വിശദീകരിച്ചു, “സീനിന്റെ 85 ശതമാനവും തീർന്നതാണ്. അഞ്ച് ഷോട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആ രംഗം വീണ്ടും ചിത്രീകരിക്കുക അസാധ്യമായിരുന്നു. അമ്മ ആശുപത്രിയിലുള്ളപ്പോഴാണ് ഞാൻ ഷൂട്ടിന് വന്നത്. ഇതൊരു നിർണായക സമയമാണെന്ന് എനിക്കറിയാമായിരുന്നു. പോയി ഷൂട്ട് ചെയ്യൂ എന്ന് അമ്മയെന്നോട് പറഞ്ഞിരുന്നു.” അമ്മയുമായുള്ള തന്റെ അടുത്ത ബന്ധത്തെപ്പറ്റി തലേദിവസം രാധിക തന്നോട് പറഞ്ഞിരുന്നതായി മമിതയോർത്തു. ആ വാർത്ത അറിഞ്ഞിട്ടും അവർ അഭിനയിക്കുന്നത് കണ്ടപ്പോൾ തകർന്നുപോയെന്നും തനിക്ക് വാക്കുകൾ കിട്ടിയില്ലെന്നും മമിത പറഞ്ഞു.
നടിയുടെ സമർപ്പണത്തെ സൂര്യയും പ്രശംസിച്ചു. രാധികയോടും കുടുംബത്തോടും വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. “അവർ തന്റെ ജോലിക്കു നൽകുന്ന അപാരമായ ബഹുമാനം നോക്കൂ. ആ സമർപ്പണബോധമാണ് ഇത്രയും വലിയൊരു കരിയർ നിലനിർത്താൻ അവരെ പ്രാപ്തയാക്കിയത്. സ്വയവും സിനിമ തനിക്ക് നൽകിയ എല്ലാത്തിനോടും അവർ പുലർത്തുന്ന അഗാധമായ സ്നേഹവും ബഹുമാനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്”-സൂര്യ പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2025 സെപ്റ്റംബറിലാണ് ഗീത അന്തരിച്ചത്.
അമ്മയുമായി വളരെ അടുപ്പമാണ് രാധികയ്ക്കുണ്ടായിരുന്നത്. സംവിധായകൻ ഭാരതിരാജയുടെ മരണശേഷം വികാരാധീനയായി രാധിക പറഞ്ഞത് ഇങ്ങനെയായിരുന്നു- “ഇന്നത്തെ എന്നെ രൂപപ്പെടുത്തിയ രണ്ട് പേരുണ്ട്. ഒന്ന് എന്റെ അമ്മ, മറ്റൊന്ന് എന്റെ ഗുരു ഭാരതിരാജ. ഈ വേദന വർണ്ണിക്കാൻ വാക്കുകളില്ല. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. എന്റെ നെഞ്ച് ഭാരപ്പെട്ടിരിക്കുന്നു. അവരുടെ ഓർമ്മകളും ജീവിതപാഠങ്ങളും എന്നെയേറെ പഠിപ്പിച്ചു. എന്നെന്നേക്കുമായി എന്നോടൊപ്പമുണ്ടാകും.”
'വിശ്വനാഥ് & സൺസ്' ആഗസ്റ്റ് 14-നാണ് റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Sarathkumar completed a comedy scene for Vishwanath & Sons minutes after learning of her mother Geetha's death., Director Venky Atluri and co-stars Suriya and Mamitha Baiju praised her immense dedication to cinema., Vishwanath & Sons stars Suriya and Mamitha Baiju, releasing on August 14 in Tamil and Telugu.