ഒരു ലക്ഷം രൂപയാണ് അന്ന് ഞാന്‍ കൊടുത്തത്, ഇന്ന് കോടികൾ കൊടുത്താലും ആളെ കിട്ടില്ല: ലിസ്റ്റിൻ സ്റ്റീഫൻ

പരിശ്രമം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഫഹദ് ഫാസില്‍. പാൻ ഇന്ത്യൻ ആരാധകരുള്ള ഫഫയെ അറിയാത്തവരാരും ഇന്ന് സിനിമാമേഖലയിലുണ്ടാകില്ല. കരിയറിലെ ആദ്യ ചിത്രത്തിന്റെ പരാജയവും പിന്നീട്
നടത്തിയ തിരിച്ചുവരവും ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഫഹദിന്റെ കരിയറിലെ നിര്‍ണായകമായ ചിത്രമായിരുന്നു ‘ചാപ്പാ കുരിശ്’.
2011-ല്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലമായി നല്‍കിയിരുന്നതെന്ന് പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. ഇന്ന് അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും ലിസ്റ്റിന് കൂട്ടിച്ചേര്‍ത്തു. സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാഡമിയുടെ കോണ്വോക്കേഷന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്.
‘ചാപ്പാ കുരിശില്‍ അഭിനയിച്ചതിനു ശേഷം എനിക്കും ഫഹദിനും ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ഞാനിപ്പോഴും ഓര്‍ക്കുകയാണ്, 2011-ല്‍ ആ സിനിമ ചെയ്യുമ്പോള്‍ ആദ്യം ശമ്പളം കൊടുത്തില്ല. സിനിമ തീര്‍ന്നതിനു ശേഷമാണ് പ്രതിഫലം കൊടുത്തത്. എന്താണെന്നു വെച്ചാല്‍ തന്നാല്‍ മതിയെന്നായിരുന്നു ഫഹദ് പറഞ്ഞത്. എത്രയാണെന്നു പറഞ്ഞാല്‍ എനിക്കു കാര്യം ഈസിയാകുമെന്ന് ഞാനും പറഞ്ഞു. എന്നാൽ ഫഹദ് പറഞ്ഞത്, 'ടൂര്‍ണമെന്റ്’ എന്ന ചിത്രം ചെയ്തത് 65000 രൂപയ്ക്കായിരുന്നു എന്നാണ്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനേക്കാള്‍ കൂടുതല്‍ ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ചത് ഫഹദ് ആയിരുന്നു. ഫുള്‍ എനര്‍ജിയില്‍ സിനിമയുടെ ഡയറക്ടര്‍ ആയി, എഴുത്തുകാരനായി, നടനായി അങ്ങനെ എല്ലാ രീതിയിലും ഫഹദ് ആ സിനിമയിലുണ്ടായിരുന്നു.
അന്ന് ഞാന്‍ ഫഹദിന് കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനില്‍ക്കുന്നു. ഇന്ന് ഫഹദിനെ അഞ്ചോ പത്തോ കോടി രൂപ കൊടുത്താല്‍ പോലുംകിട്ടില്ല. അതാണ് സിനിമ എന്നു പറയുന്ന മാജിക്.
‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെ വന്ന്, ഒരു ഇടവേളയ്ക്കുശേഷം ടൂര്‍ണമെന്റും കേരള കഫെയും ചെയ്താണ് ‘ചാപ്പാ കുരിശി’ലേക്ക് ഫഹദ് എത്തുന്നത്.
ഈയടുത്തൊരു അഭിമുഖത്തിലും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് പറഞ്ഞത് ‘ചാപ്പാ കുരിശാ’ണെന്നും അത് താൻ സ്ക്രീന്‍ഷോട്ട് എടുത്തു വച്ചിട്ടുണ്ടെന്നും ലിസ്റ്റിന് പറയുകയുണ്ടായി.
‘ഫാസില്‍ എന്ന വലിയ സംവിധായകന്റെ മകനായി സിനിമയിലെത്തിയ സമയത്ത് ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടിയില്ല. അങ്ങനെ വന്നപ്പോള്‍ സ്കൂളിലൊക്കെ ലീവ് എടുക്കുന്ന പോലെ ചെറിയൊരു ലീവ് എടുത്ത് തിരിച്ചു വന്നു, പിന്നെ ഫഹദിനെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. അതാണ് ആത്മസമര്‍പ്പണം, അഭിനയത്തോടുള്ള സമര്‍പ്പണം! അതെല്ലാം സിനിമയിലേക്ക് കടന്നു വരുന്ന ആളുകള്‍ കണ്ടു പഠിക്കേണ്ട കാര്യമാണ്,' ലിസ്റ്റിന് സ്റ്റീഫന്‍ പറഞ്ഞു.
എന്നാല്‍ ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്യരുതെന്ന് അന്ന് ലിസ്റ്റിനോട് എല്ലാവരും പറഞ്ഞെന്നും എന്നാല്‍ അന്ന് ലിസ്റ്റിന് അത് കേള്‍ക്കാതെ എന്നെ മാത്രം വിശ്വസിച്ചെന്നും അതിന് നന്ദിയുണ്ടെന്നും ഫഹദ് അതേ വേദിയിൽ വെച്ച് പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Producer Listin Stephen reveals Fahadh Faasil`s remuneration for `Chaappa Kurishu`