'ആ ഭാഗം പാടിയത് പൃഥ്വിരാജിന്റെ മകൾ തന്നെ', ദീപക് ദേവ് പറയുന്നു

എമ്പുരാന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഒരു കുട്ടിയുടെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'എമ്പുരാനേ...' എന്ന് പാടുന്ന ഭാഗം. മെയിൽ വോയ്‌സ് ആനന്ദ് ശ്രീരാജിന്റേതെന്ന് ഉറപ്പിച്ചപ്പോഴും, ആ കുട്ടിശബ്ദം ആരുടേതെന്ന് ആർക്കും മനസ്സിലായിരുന്നില്ല.
അതിനിടെ ഒരു പ്രൊമോഷൻ പരിപാടിക്കിടെ പൃഥ്വിരാജും ടൊവിനോയും തമ്മിലുള്ള ഒരു വീഡിയോ ചർച്ചയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ ആ കുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ പൃഥ്വിരാജ് ടൊവിനോയോട് സംസാരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. തന്റെ മകളാണ് പാടിയിരിക്കുന്നതെന്ന് എന്നാണ് പൃഥ്വി പറയുന്നതെന്നും ആ വീഡിയോയുടെ കാപ്ഷനിലുണ്ടായിരുന്നു. അതോടെ പൃഥ്വിരാജിന്റെ മകളായ അലംകൃതയാണ് പാട്ടുപാടിയതെന്ന തരത്തിലുള്ള ചർച്ചകൾ മുറുകി.
ഒടുവിലിപ്പോൾ സിനിമയിലെ സംഗീതസംവിധായകനായ ദീപക് ദേവ് ഇക്കാര്യം തുറന്നുസമ്മതിച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യം പറഞ്ഞത്. ''ചിത്രത്തിൽ ഇതാദ്യം വരുന്നത് ഒരുകുട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്‌സിലും അലംകൃതയുടെ പേര് വെച്ചിട്ടുണ്ട്''.
ആദ്യം ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചതെങ്കിലും, പിന്നീട് കുട്ടിയുടെ ശബ്ദം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ദീപക് പറയുന്നു. ''കുട്ടി കരയുന്നതാണ് ബാക്ക്ഗ്രൗണ്ടിലുള്ളത്. അപ്പോൾ ഒരു കുട്ടിയെക്കൊണ്ട് തന്നെ പാടിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് പൃഥ്വിക്ക് തോന്നി. ഒരു കുട്ടിയുടെ ശബ്ദത്തിൽനിന്ന് ഗാംഭീര്യമുള്ള പുരുഷശബ്ദത്തിലേക്കുള്ള ട്രാൻസിഷൻ കൂടുതൽ രസമായിരിക്കുമെന്ന് തോന്നി. 8-10 വയസ്സുള്ള ഒരു കുട്ടിയായിരുന്നു എല്ലാവരുടെയും മനസ്സിൽ. അപ്പോഴാണ് പൃഥ്വി പറയുന്നത്, 'ഇതേ പ്രായത്തിലുള്ളൊരാൾ എന്റെ വീട്ടിലുണ്ട്. പക്ഷേ, എമ്പുരാനെ എന്നൊക്കെ പാടിവരുമ്പോൾ എങ്ങനെയാവുമെന്നൊന്നും എനിക്കറിയില്ല'. എന്തായാലും അലംകൃതയെ കൊണ്ടുവന്നു. പാട്ടിനുള്ളിലെ ഇമോഷൻസ് ഉൾക്കൊണ്ട്, ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തതേയുള്ളൂ. അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടി''.
Content Highlights: prithvirajs daughter gave voice for empuraane