പ്രഭാസ് ചിത്രങ്ങൾ 10 വർഷത്തിൽ നേടിയത് 5000 കോടി;രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന് സംവിധായകൻ

പ്രഭാസ് / IMDb
പ്രഭാസ് / IMDb

'ദ രാജാ സാബ്' എന്ന പ്രഭാസ് സിനിമ കഴിഞ്ഞ ദിവസമാണ് റിലീസായത്. പ്രഭാസിന്റെ മറ്റൊരു വേഷമാണ് സിനിമയിൽ കാണാനാവുക എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അതിനിടെ ഒരു ചർച്ചയും സജീവമായി നടക്കുന്നുണ്ട്. 'റിബൽ സ്റ്റാർ' എന്നറിയപ്പെടുന്ന പ്രഭാസ് 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' ആണോ അല്ലയോ എന്നതാണത്.

ചർച്ചകൾക്കെല്ലാം തുടക്കമിട്ടത് 'സ്പിരിറ്റ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട ചടങ്ങാണ്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും അതിനൊപ്പം മറ്റ് പ്രൊമോഷണൽ കാർഡുകളിലുമെല്ലാം പ്രഭാസിനെ വിശേഷിപ്പിച്ചത് 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' എന്നാണ്. ഇത് മറ്റ് സൂപ്പർസ്റ്റാറുകളുടെ ആരാധകർക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അവർ ഇതിനെതിരെ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു.

അതിനിടെ 'ദ രാജാ സാബ്' സിനിമയുടെ സംവിധായകൻ മാരുതി, 'സൂപ്പർസ്റ്റാർ' വിശേഷണത്തോട് യോജിക്കുന്നില്ല. ആ ചോദ്യത്തോട് മാരുതി പ്രതികരിച്ചതിങ്ങനെ, ''പ്രഭാസ് പാൻ-വേൾഡ് താരമാണ്. അദ്ദേഹം ഗ്ലോബൽ താരമാണ്. ജപ്പാനിൽ വരെ അദ്ദേഹത്തിന് ഒട്ടേറെ ആരാധകരുണ്ട്''.

അപ്പോഴും ചോദ്യം ബാക്കിയാണ്. ശരിക്കും പ്രഭാസ് ഏറ്റവും വലിയ സൂപ്പർസ്റ്റാർ തന്നെയാണോ? ബോക്‌സോഫീസ് കണക്കുകളും മറ്റും പരിശോധിക്കുമ്പോൾ ഇതൊരു പരിധിവരെ ശരിയാണെന്ന് തന്നെ മനസ്സിലാക്കാം. പ്രഭാസിന്റെ കരിയറിൽ ബാഹുബലി'ക്ക് മുമ്പും ശേഷവും എന്നൊരു വിശേഷണം തീർച്ചയായുമുണ്ട്. 'ബാഹുബലി'ക്കുമുമ്പ് പ്രധാനമായും തെലുഗുപ്രേക്ഷകർക്കിടയിൽ മാത്രം ജനകീയനായ താരമായിരുന്നു അദ്ദേഹം. അതിനുശേഷമാണ് അദ്ദേഹം പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്നത്. പിന്നീട് വന്ന ഒട്ടുമിക്ക സിനിമകളും ബോക്‌സോഫീസിൽ ചെറിയ ചലനമെങ്കിലുമുണ്ടാക്കി. 'ബാഹുബലി' തൊട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാം.

'ബാഹുബലി' തൊട്ടുള്ള പ്രഭാസ് സിനിമകളുടെ കണക്കെടുക്കാം. ബാഹുബലി രണ്ടു ഭാഗങ്ങളും ചേർത്ത് 2000-ത്തിനുമുകളിൽ കളക്ഷൻ നേടി. 'സാഹോ'യുടെ തെലുഗുപതിപ്പ് വിജയിച്ചില്ലെങ്കിലും, ഹിന്ദി പതിപ്പ് ആവറേജ് വിജയം നേടി. 'രാധേശ്യാം', 'ആദിപുരുഷ്' എന്നീ ചിത്രങ്ങളും വിജയിച്ചില്ല. പക്ഷേ 'സലാർ പാർട്ട് 1', 'കൽക്കി' എന്നീ ചിത്രങ്ങൾ വമ്പൻവിജയം കരസ്ഥമാക്കി. ഇതെല്ലാം ചേർത്ത് കഴിഞ്ഞ പത്തുവർഷം കൊണ്ട് പ്രഭാസ് ചിത്രങ്ങൾ ബോക്‌സോഫീസിൽ കരസ്ഥമാക്കിയത് 5000 കോടിയിലേറെ രൂപയാണ്. രശ്മിക മന്ദാനയൊഴിച്ച് മറ്റൊരു അഭിനേതാവും ഈ കണക്കിനടുത്തെങ്ങുമെത്തില്ല.

ആമിർ ഖാന്റെ 'സീക്രട്ട് സൂപ്പർസ്റ്റാർ', 'ദംഗൽ' എന്നീ രണ്ടുചിത്രങ്ങൾ ബോക്‌സോഫീസിൽ പണംവാരിക്കൂട്ടിയിട്ടുണ്ട്. 'ദംഗൽ' 2024 കോടി രൂപയും, 'സീക്രട്ട് സൂപ്പർസ്റ്റാർ' 966 കോടി രൂപയുമാണ് നേടിയത്. ഷാരൂഖ് ഖാന്റെ 'പത്താൻ' 1050 കോടിയും, 'ജവാൻ' 1148 കോടിയും നേടിയെങ്കിലും പ്രഭാസിനടുത്തെത്തില്ല ഇതൊന്നും എന്നതാണ് സത്യം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director hails Prabhas as India`s biggest superstar after his films grossed over 5000 crore in 10 years. Explore the box office journey and debate