'എന്താ ചെയ്യാ, പറഞ്ഞാല്‍ മനസിലാക്കില്ല' ലാലേട്ടന്റെ ആ വാക്കുകള്‍ ഇന്നും ഓര്‍മയുണ്ട്

മോഹന്‍ലാലും കാവ്യാ മാധവനും ഒന്നിച്ചഭിനയിക്കുന്ന 'മാടമ്പി' സിനിമയുടെ ലൊക്കേഷനിലേക്കായിരുന്നു എന്റെ യാത്ര. ബി. ഉണ്ണികൃഷ്ണനാണ് സംവിധായകന്‍. എന്നോടൊപ്പം റിപ്പോര്‍ട്ടര്‍ ടി.എസ് പ്രതീഷുമുണ്ട്. ഞങ്ങള്‍ പതിനൊന്ന് മണിയോടെ ലൊക്കേനിലെത്തി. എല്ലാവരെയും കണ്ടു. ഷൂട്ടിങ്ങ് നടക്കുന്ന വീടിന്റെ കോലായില്‍ കസേരയില്‍ ലാലേട്ടന്‍ ഇരിക്കുന്നു. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സംവിധായകന്‍... എല്ലാവരുമുണ്ട്.
അകത്ത് ഷൂട്ടിനുള്ള ലൈറ്റപ്പ് നടക്കുന്നുണ്ട്. അന്ന് ലോക്കേഷനില്‍ എല്ലാവരും വളരെ ടെന്‍ഷനിലാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാവ്യയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ്. എങ്ങനെയെങ്കിലും രണ്ടുപേരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കണം. അതായിരുന്നു ലക്ഷ്യം. ചിത്രഭൂമിയില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ അടിച്ചു വന്നാല്‍ ഗുണം ചെയ്യും.
എനിക്ക് ആകെ ടെന്‍ഷനായി. രണ്ടുപേരും തിരക്കുള്ള താരങ്ങള്‍. കാവ്യയ്ക്ക് രാവിലെതന്നെ ഷൂട്ട് കഴിഞ്ഞു. കാവ്യ ഇറങ്ങാന്‍ പോകുന്നു. എന്തുചെയ്യും? ലാലേട്ടന്‍ ഷോട്ടിലും. കുറച്ചു നേരം വെയ്റ്റ് ചെയ്യാമോ? ലാലേട്ടനുമൊത്തുള്ള ഫോട്ടോ എടുക്കാനാണ്, ഞാന്‍ കാവ്യയോട് റിക്വസ്റ്റ് ചെയ്തു. കാവ്യ കാത്തിരിക്കാമെന്ന് പറഞ്ഞതോടെ പകുതി ആശ്വാസമായി. പക്ഷേ, അതിലും വലിയ പ്രശ്‌നം ലാലേട്ടനെ കിട്ടുക എന്നതായിരുന്നു.
അടുത്ത ദിവസം മജിഷ്യന്‍ മുതുകാടിന്റെ നേത്യത്വത്തില്‍ ഫയര്‍ എസ്‌കേപ്പ് നടക്കുന്നുണ്ട്. കൈയ്യും കാലും കെട്ടി തീയില്‍ ചാടി രക്ഷപ്പെടണം. മാടമ്പിയുടെ അണിയറ പ്രവര്‍ത്തകരും സിനിമാലോകവും ആരാധകരും വലിയ ടെന്‍ഷനിലായിരുന്നു. എന്ത് തീരുമാനം എടുക്കണമെന്നുള്ള ചര്‍ച്ച തകൃതിയായി നടക്കുന്നു. ഒരു ഭാഗത്ത് ഷൂട്ടിങ്ങ്, മറുഭാഗത്ത് ആരാധകരും പത്രക്കാരും തീരുമാനം അറിയാന്‍ കാത്തുനില്‍ക്കുന്നു. ഇതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല.
എങ്ങനെയെങ്കിലും രണ്ടുപേരേയും ഒന്നിച്ച് കിട്ടണം, ഫോട്ടോ എടുക്കണം. എന്റെ ലക്ഷ്യം അത് മാത്രമായിരുന്നു. കാവ്യയെ എങ്ങനെയോ പറഞ്ഞ് റെഡിയാക്കി ഇരുത്തിയിരിക്കുകയാണ്. പുറത്ത് ഫോട്ടോ എടുക്കാനും ബുദ്ധിമുട്ടാണ്. ആകെയുള്ളത് സെറ്റിന്റെ പുറകുവശത്തുള്ള കുറച്ചു സ്ഥലം. അവിടെയാണെങ്കില്‍ ചെടികളും പുല്ലും കൂടി കാട് പിടിച്ച അവസ്ഥ.
എന്ത് ചെയ്യും? എല്ലാം കൊണ്ടും പ്രതികൂല സാഹചര്യം. അപ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയി. ആ തക്കത്തിന് ഞാന്‍ ലാലേട്ടനെ കണ്ട് കാര്യം പറഞ്ഞു. 'കാവ്യയെ കുറെനേരമായി പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഒന്നു വരണം. രണ്ടുപേരും കൂടെയുള്ള ഫോട്ടോ എടുക്കാനാണ്.' ''എന്താ ചെയ്യാ, ഇയാളോട് പറഞ്ഞാല്‍ മനസിലാകൂല, ഏത് കാട്ടിലേക്കാണോ കൊണ്ടുപോകുന്നത്.'' ഫോട്ടോ എടുക്കാന്‍ സമ്മതം മൂളി കൂടെ വരുന്നതിനിടയില്‍ ലാലേട്ടന്‍ പറയുന്നുണ്ടായിരുന്നു. അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്ന സമയത്തും ഫോട്ടോ എടുക്കാന്‍ കൂടെ വന്നു.
കിട്ടിയ സ്ഥലം ചെറിയ കാടുപോലുളള ഒന്നായിരുന്നെങ്കിലും അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. വല്ല ഇഴജന്തുകളോ ഉണ്ടെങ്കിലോ... എന്റെ മനസില്‍ പേടിയുണ്ടായിരുന്നു.
ചൂടും ബഹളവും ഷൂട്ടും മാജിക്കിന്റെ ചര്‍ച്ചയും... ഇതിന്റെയെല്ലാം നടുവില്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുന്നത്. എങ്ങനെയുണ്ടാകും? തിരക്കിനിടയിലും ഫോട്ടോ എടുക്കാന്‍ കാണിച്ച അദ്ദേഹത്തിന്റെ ആ മനസ്സിനു മുന്നില്‍ ഞാന്‍ നമിക്കുന്നു.
Content Highlights: photoshoot experience with mohanlal and kavya madhavan-retro reel 15