രാജ്കുമാര്‍ റാവുവിന്റെ ഭാര്യയെന്ന് അറിയപ്പെടുന്നതിനോട് വെറുപ്പ്-പത്രലേഖ

ഹിന്ദി സിനിമകളിലും സീരീസുകളിലും വേഷമിട്ടിട്ടുള്ള നടിയാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന്റെ ഭാര്യ പത്രലേഖ. 2014-ല്‍ സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാജ് കുമാര്‍ റാവുവിന്റെ നായികയായിട്ടായിരുന്നു ചിത്രത്തില്‍ അവരുടെ വേഷം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ ചിത്രങ്ങളിലും സീരീസുകളിലും അഭിനയിച്ചു.
സ്വന്തം വ്യക്തിത്വത്തെ ആളുകള്‍ അംഗീകരിക്കാത്തതില്‍ അരിശം പ്രകടിപ്പിച്ചിരിക്കുകയാണ് നടിയിപ്പോള്‍. എപ്പോഴും രാജ്കുമാറിന്റെ ഭാര്യയെന്ന് അറിയപ്പെടുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും താന്‍ വളരെ ചെറുതായിപ്പോയതുപോലെ തോന്നുന്നുവെന്നുമാണ് അവര്‍ പറയുന്നത്. 'എനിക്കൊരു പേരുണ്ട്. ഐഡന്റിറ്റിയുണ്ട്. എന്റെ ഭര്‍ത്താവ് പ്രസിദ്ധനാണ്. ഒരു വ്യക്തിയെന്ന രീതിയില്‍ നിലകൊള്ളാനും കരിയര്‍ വളര്‍ത്താനും ഈ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുതന്നെയാണ്. മാധ്യമങ്ങളോട് ഞാന്‍ ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുകയാണ്. അങ്ങനെ വിളിക്കപ്പെടുന്നതിനെതിരേ മരണം വരെയും പോരാടു'മെന്നും അവര്‍ പറയുന്നു.
'രാജിനെ കാണാന്‍ വേണ്ടി മാത്രമാണ് ആളുകള്‍ പലപ്പോഴും എന്നെ സമീപിക്കുന്നത്. എന്നെ വേണ്ടതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തെക്കൊണ്ട് അഭിനയിപ്പിക്കാന്‍ വേണ്ടിയാണവര്‍ എനിക്ക് തിരക്കഥകള്‍ കൊണ്ടുവന്നു തരുന്നത്. അതൊരു ചൂണ്ടയാണെന്ന് വ്യക്തമാകും, തിരക്കഥ ഞാന്‍ രാജിലേക്ക് എത്തിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്'-പത്രലേഖ പറഞ്ഞു.
11 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് രാജും പത്രലേഖയും വിവാഹിതരാവുന്നത്. സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. ഒരു പരസ്യത്തില്‍ പത്രലേഖയെ കണ്ടതോടെ രാജ്കുമാറിന് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ ആദ്യമായി രാജ്കുമാറിനെ കണ്ടപ്പോള്‍ പത്രലേഖയ്ക്ക് 'വിചിത്ര'മായാണ് തോന്നിയതെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു. ദമ്പതികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഫുലെ എന്ന ചിത്രത്തിലാണ് പത്രലേഖ ഒടുവില്‍ അഭിനയിച്ചത്..
Content Highlights: patralekha says she hates being called just rajkummar raos wife