പലാഷ് മുച്ചൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ, സംഗീതത്തിലും സജീവമാകുന്നു

ശ്രേയസ്സ്, പലാഷ് മുച്ചൽ | X
ശ്രേയസ്സ്, പലാഷ് മുച്ചൽ | X

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം റദ്ദാക്കിയതിന് ശേഷം തന്റെ ജോലികളിലേക്ക് തിരിച്ചെത്തുകയാണ് സംഗീതസംവിധായകൻ പലാഷ് മുച്ചൽ. ചെയ്തുകൊണ്ടിരുന്ന ജോലികൾ പുനരാരംഭിക്കുന്നതിനൊപ്പം, പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരുൺ ആദർശ് ആണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ശ്രേയസ് താൽപദെ പാലാഷ് മുച്ചലിന്റെ അടുത്ത ചിത്രത്തിൽ നായകനാകുമെന്നും, ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം, മുംബൈ പശ്ചാത്തലമാക്കി ഉടൻ തുടങ്ങുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പലാഷും ശ്രേയസ്സും ഒന്നിച്ചുള്ളൊരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.  

കഥ, സഹതാരങ്ങൾ, റിലീസ് തീയതി എന്നിവയെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത ആഴ്ചകളിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ നവംബറിലാണ് സ്മൃതിയും പലാഷും വിവാഹിതരാകാൻ നിശ്ചയിച്ചിരുന്നത്. ആഘോഷങ്ങൾ തുടങ്ങിയശേഷം പെട്ടെന്ന് വിവാഹം മാറ്റിവെച്ചെന്ന പ്രഖ്യാപനം വന്നു. സ്മൃതിയുടെ പിതാവിന്റെ രോഗമായിരുന്നു വിവാഹം മാറ്റാൻ കാരണമായി ആദ്യം പറഞ്ഞിരുന്നത്. ഇതിനിടെ, പാലാഷിനെയും മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാഷ് മറ്റൊരു യുവതിയുമായി നടത്തിയ സ്വകാര്യചാറ്റുകൾ പുറത്തുവന്നതും ഇതേ സമയത്താണ്. പലാഷ് സ്മൃതിയെ വഞ്ചിച്ചുവെന്ന ആരോപണമുയരാൻ ഇത് കാരണമായി.

ദിവങ്ങൾക്കുശേഷം വിശദമായ കുറിപ്പോടെ, വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സ്മൃതി വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ പലാഷും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചു. "എന്റെ ജീവിതത്തിൽ മുന്നോട്ട് പോകാനും വ്യക്തിബന്ധങ്ങളിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എനിക്ക് ഏറ്റവും വിശുദ്ധമായിരുന്ന ഒന്നിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളിൽ ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത് കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമാണ്, എന്റെ വിശ്വാസങ്ങളിൽ പിടിച്ച് ഇത് മാന്യമായി നേരിടും" പലാഷ് കൂട്ടിച്ചേർത്തു. വിവാഹം റദ്ദാക്കിയ ശേഷം പാലാഷും സ്മൃതിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Composer Palash Muchhal bounces back to direction with a new film starring Shreyas Talpade, weeks after his wedding to Smriti Mandhana was called off. Learn more!