പാക് യുവാവ് പറയുന്നു, ‘ഇത് തമാശ, ല്യാരിയിലൊരു പെൺകുട്ടി മിനിസ്കേർട്ടിലോ?’

ധുരന്ധർ
ധുരന്ധർ

ആദിത്യ ധറിൻ്റെ ധുരന്ധർ, ധുരന്ധർ: ദി റിവഞ്ച് എന്നീ സിനിമകൾ സിനിമാലോകത്ത് പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ്. പാകിസ്താനിലെ ല്യാരി (lyari)യിലുള്ള കുറ്റവാളി സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥപറഞ്ഞു പോകുന്നത്. പിന്നീടത് പല തലങ്ങളിലേക്കുമെത്തുന്നു.

ബാലിയിൽ വെച്ച് രണ്ട് പാകിസ്താനികളെ കണ്ടുമുട്ടിയ ഒരു ഇന്ത്യൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ചിത്രത്തെക്കുറിച്ച് അവരുടെ അഭിപ്രായം തേടുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആദിത്യ ല്യാരിയെ എത്രത്തോളം ആധികാരികമായി ചിത്രീകരിക്കുന്നു എന്ന് ഇൻഫ്ലുവൻസറായ രോഹൻ ഭാട്ടിയ (@thebesharamfoodie) അവരോട് ചോദിക്കുകയായിരുന്നു.

"ബാലിയിൽ വെച്ച് ഞാൻ ഒരു പാകിസ്താനിയോട് ധുരന്ധറിനെക്കുറിച്ച് ചോദിച്ചു!" എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. ഒരു പുരുഷനെയും സ്ത്രീയെയും വീഡിയോയിൽ കാണാം.

ധുരന്ധർ അല്പം അതിശയോക്തിയാണെന്നാണ് അവർ പറയുന്നത്. തങ്ങൾ കറാച്ചിക്കാർക്ക് വളരെ തമാശയായി തോന്നിയ ഒരു വാചകമുണ്ടായിരുന്നു- ആരാണോ ല്യാരിയെ നിയന്ത്രിക്കുന്നത്, അയാളാണ് കറാച്ചിയെ നിയന്ത്രിക്കുന്നത്, ആരാണോ കറാച്ചിയെ (karachi) നിയന്ത്രിക്കുന്നത്, അയാൾ പാകിസ്താനെ നിയന്ത്രിക്കുന്നു. അതങ്ങനെയല്ല, കറാച്ചി അങ്ങനെയൊരു പ്രദേശമല്ല. തൻ്റെ കുടുംബം യഥാർത്ഥത്തിൽ ല്യാരിയിൽ നിന്നുള്ളതായിരുന്നു. അവിടെ സംഘടിത കുറ്റകൃത്യങ്ങൾ നടന്നിരുന്നു, ഇപ്പോഴുമുണ്ട്. പക്ഷെ, അത് സമീപത്തുള്ള രണ്ട് സംഘങ്ങൾക്കിടയിലാണെന്നും പാക് യുവാവ് പറയുന്നു.

സാറ അർജുൻ്റെ കഥാപാത്രമായ യലീന ജമാലിയെക്കുറിച്ചും അവർ പറയുന്നുണ്ട്. "വളരെ തമാശയായി തോന്നിയ മറ്റൊരു കാര്യം, പെൺകുട്ടി മിനിസ്കർട്ടിൽ കറങ്ങുന്നു എന്നതാണ്." ഒപ്പമുള്ള വനിത തുടർന്നു "ഒരു സ്ത്രീ മിനിസ്കർട്ടിൽ ല്യാരിയിലെ തെരുവുകളിൽ തനിച്ചു കറങ്ങുന്നത് അസാധ്യമാണ്. അത് സംഭവിക്കില്ല."

സിനിമയുടെ 'ഗംഭീരമായ ഛായാഗ്രഹണവും' പാട്ടും ആസ്വദിച്ചുവെന്നും ഇരുവരും പറയുന്നുണ്ട്-പാട്ടും രസകരമായിരുന്നു, പക്ഷെ അതൊരു ബലൂചി പാട്ടല്ല. ഞാൻ സിന്ധി ബലൂചിയാണ്, അതിനാൽ എനിക്കറിയാം. രൺവീർ സിങ്ങിന്റെ കഥാപാത്രമായ ഹംസ അലി മസൂരി ധരിക്കുന്നതുപോലെയുള്ള ഹാഫ്-സ്ലീവ് കുർത്ത ആരും പാകിസ്താനിൽ ധരിക്കില്ലെന്നും ഇവർ പറയുന്നു.

രാഷ്ട്രീയക്കാരനായ ജമീൽ ജമാലിയുടെ മകളായ യലീനയെ ഒളിച്ചുകടത്തുന്ന രംഗവും ചിത്രത്തിലുണ്ട്. "അയാൾ ഒരു മന്ത്രിയുടെ മകളെയാണ് ഒളിച്ചുകടത്തിയത്. പാകിസ്താനിൽ അത് ഒരിക്കലും സംഭവിക്കില്ല. അങ്ങനെയുള്ള വീട്ടിൽ താമസിക്കുന്ന ഒരു പെൺകുട്ടി പെട്ടെന്ന് അങ്ങോട്ട് പോകുന്നത്, ഒരിക്കലും സംഭവിക്കില്ല. നാടകീയമായ ഒരു പ്രതീതിക്ക് വേണ്ടിയായിരിക്കാം അത് ചെയ്തത്," അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pakistani reaction to Aditya Dhar's portrayal of Lyari, Karachi., Critique of cultural inaccuracies including costume choices and language., Discussion on the film's plot points regarding elopement and political context., Analysis of the film's reception and its ban in Pakistan and Gulf states.