ജോണ്‍സന്റെ ആ അന്ത്യയാത്രയ്ക്ക് കൂട്ടായി ഞാന്‍ വേണമെന്നെനിക്ക് തോന്നി: ഔസേപ്പച്ചന്‍

ജോണ്‍സണെക്കുറിച്ച് എഴുതിത്തുടങ്ങുമ്പോള്‍ ആദ്യം ഞാനെത്തുക സെമിനാരി കാലത്തേക്കാണ്. അന്നാണ് ഞാനാദ്യമായി അവനെ കാണുന്നത്. ഞാന്‍ സെമിനാരിയില്‍ ചേര്‍ന്ന സമയത്താണ് ബിഷപ്പ് കുണ്ടുകുളത്തിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. ലൂര്‍ദ് പള്ളിയില്‍ അന്നുനടന്ന ആ പരിപാടിയില്‍ ഓര്‍ക്കസ്ട്ര വായിക്കുന്നത് വോയ്‌സ് ഓഫ് ട്രിച്ചൂരാണ്. നിരന്നുനില്‍ക്കുന്ന വയലിനിസ്റ്റുകള്‍ക്കിടയില്‍ മീശയൊക്കെ വടിച്ച് വെള്ളഷര്‍ട്ടിട്ട് പ്രൗഢമായ മുഖത്തോടെ വയലിന്‍ വായിക്കുന്ന ഒരു പയ്യന്‍. ബാക്കിയുള്ള വയലിനിസ്റ്റുകളില്‍നിന്ന് വ്യത്യസ്തമായൊരു സ്‌റ്റൈല്‍ അന്ന് ആ പയ്യന്റെ വായനയിലുണ്ടായിരുന്നു, ഞാന്‍ കൗതുകത്തോടെ അവനെ കണ്ടു. അതുകഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ വോയ്‌സ് ഓഫ് ട്രിച്ചൂരിലേക്ക് എത്തുന്നത്. സെമിനാരിയില്‍നിന്ന് അവധിക്ക് വീട്ടിലേക്കുപോകാന്‍ വയലിനും കൈയില്‍പ്പിടിച്ച് തൃശ്ശൂര്‍ വടക്കേസ്റ്റാന്‍ഡിലേക്ക് ബസ് കയറാന്‍ പോവുകയാണ് ഞാന്‍. അപ്പോള്‍ സൈക്കിളില്‍ ആറ്റ്‌ലി എന്നുപറഞ്ഞ ഗിറ്റാറിസ്റ്റ് എന്റെ അരികിലൂടെ പോയി. എന്റെ കൈയില്‍ വയലിന്‍ കണ്ടപ്പോള്‍ ആറ്റ്‌ലി ബ്രേക്ക് പിടിച്ചു,
എന്നിട്ട് ചോദിച്ചു, 'ടാ, നീ എവിടെയാണ് പഠിക്കുന്നത്...?'
'സെമിനാരിയിലാ...' ഞാന്‍ മറുപടി നല്‍കി.
'വയലിന്‍ വായിക്കോ നീയ്. എങ്കില്‍ ക്ലബിലേക്ക് വായോ...സൈക്കിളിലോട്ട് കയറ്...'
ഇതുകേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ സൈക്കിളിന് പുറകില്‍ കയറി. ഇപ്പോഴത്തെ അരിയങ്ങാടിയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ചെറിയൊരു മുറിയിലാണ് അന്ന് 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന ക്ലബ് പ്രവര്‍ത്തിച്ചിരുന്നത്. സൈക്കിള്‍ ഗോവണിയുടെ താഴെനിര്‍ത്തി, ഞാന്‍ കൈവരികളൊന്നുമില്ലാത്ത ഗോവണിയുടെ പടികള്‍ കയറിത്തുടങ്ങിയപ്പോള്‍ സ്പീക്കറില്‍നിന്ന് കാതിലേക്കൊരു പാട്ടൊഴുകിവന്നു, 'സന്ധ്യ മയങ്ങും നേരം...' മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ തൃശ്ശൂര്‍ മണിയാണ് മധുരതരമായ ശബ്ദത്തില്‍ പാടുന്നത്. മൂന്ന് വയലിനിസ്റ്റുകളും അടുത്തിരിക്കുന്നുണ്ട്. പോള്‍സന്‍ ചാലിശ്ശേരി, മാണി ഡൊമിനിക്, അതിന്റെ അപ്പുറത്തെ സീറ്റില്‍ മീശയൊന്നുമില്ലാത്ത ട്രൗസറിട്ടിരിക്കുന്ന പയ്യന്‍, ജോണ്‍സണ്‍. ആദ്യ പാട്ട് കഴിഞ്ഞപ്പോള്‍ മണി അടുത്ത പാട്ട് ഒഴുക്കി വിട്ടു, 'നീ വരൂ, കാവ്യദേവതേ...' ഒരു സ്വപ്‌നലോകത്തെന്നപോലെ ഞാനവിടെ ഇരുന്നു. എല്ലാവരെയും പരിചയപ്പെട്ടു. അന്ന് മനസ്സിലുറപ്പിച്ചു, ഇവിടമാണ് എന്നിടം, അധികംവൈകാതെ ഇവിടേക്ക് വരും.
അവധികഴിഞ്ഞ് വീണ്ടും സെമിനാരിയിലേക്ക്, അവിടെ ചെന്നപ്പോഴാണ് എത്രയുംപെട്ടെന്ന് വിട്ടോളാനും പോയി സംഗീതം പഠിക്കാനും പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചത്. വീട്ടിലെത്തി രണ്ടാമതൊന്ന് ചിന്തിക്കാതെ നേരേ വയലിനുമെടുത്ത് വോയ്‌സ് ഓഫ് ട്രിച്ചൂരിലേക്ക് വണ്ടി കയറി. സന്തോഷപൂര്‍വം ക്ലബിലേക്ക് എന്നെ സ്വീകരിച്ചു. അവിടെനിന്നാണ് ജോണ്‍സണുമായുള്ള സൗഹൃദം തുടങ്ങുന്നത്. അതേസമയത്തുതന്നെ സെന്റ് തോമസ് കോളേജില്‍ വിദ്യാഭ്യാസവും നടത്തി. കോളേജില്‍ ജോണ്‍സണ്‍ എന്റെ സീനിയറായിരുന്നു. ക്ലബിലും കോളേജിലുമായി ഞങ്ങളുടെ സൗഹൃദം തളിര്‍ത്തു.
ഒരൊറ്റ കട്ടില്‍, രണ്ടുമനുഷ്യര്‍
ദേവരാജന്‍ മാസ്റ്റര്‍ കേരളത്തില്‍ ഗാനമേളകള്‍ ആരംഭിച്ചപ്പോള്‍ വോയ്‌സ് ഓഫ് ട്രിച്ചൂരായിരുന്നു ഓര്‍ക്കസ്ട്ര വായിച്ചത്. ഗാനമേളയില്‍ മാഷ് ഉണ്ടാകുമെങ്കിലും ഞങ്ങളുടെ ഓര്‍ക്കസ്ട്രയെ നയിച്ചിരുന്നത് ജോണ്‍സണാണ്. ഞാന്‍ വയലിനിസ്റ്റാണ്. ജോണ്‍സണ്‍ ഗാനമേളയ്ക്ക് ഹാര്‍മോണിയം, എക്കോഡിയന്‍, അല്ലെങ്കില്‍ ഓടക്കുഴലാണ് വായിക്കുക. എല്ലാം ജോണ്‍സണ്‍ നന്നായി കൈകാര്യം ചെയ്യുന്നത് ദേവരാജന്‍മാഷ് ശ്രദ്ധിച്ചിരുന്നു. ആ സമയത്താണ് മദ്രാസില്‍ ദേവരാജന്‍ മാഷും ഓര്‍ക്കസ്ട്ര ചെയ്തിരുന്ന ആര്‍.കെ. ശേഖറും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെടുന്നത്. ആര്‍.കെ. ശേഖറിന് പകരം മാഷ് പലരെ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അതോടെ മാഷിന് അത്യാവശ്യമായി ഒരു അസിസ്റ്റന്റിന്റെ ആവശ്യംവന്നു. മാഷെ അനുസരിക്കുന്ന, മനസ്സിലാക്കുന്ന ഒരാളെയായിരുന്നു ആവശ്യം. അങ്ങനെ ജോണ്‍സണെ മാഷ് മദ്രാസിലേക്ക് വിളിച്ചു.
ജോണ്‍സണ്‍ പോയി കുറച്ചുമാസങ്ങള്‍ക്കുശേഷം എന്നെയും ദേവരാജന്‍ മാഷ് മദ്രാസിലേക്ക് ക്ഷണിച്ചു. വീട്ടുകാരോടൊന്നും പറയാതെ വയലിനും ഒരു ചെറിയ സ്യൂട്ട്‌കേസുമായി ഞാന്‍ മദ്രാസിലേക്ക് വണ്ടികയറി. മദ്രാസിലെ ജോണ്‍സന്റെ അഡ്രസ് മാത്രമായിരുന്നു എനിക്കറിയാവുന്നത്. നേരേ അവിടേക്ക് ചെന്നു. ആദ്യത്തെ കുറച്ച് ആഴ്ചകള്‍ ജോണ്‍സണൊപ്പമായിരുന്നു താമസം. ജോണ്‍സന്റെ മുറിയിലുള്ള ഇരുമ്പുകട്ടിലില്‍ തലങ്ങുംവിലങ്ങും തലവെച്ചാണ് ആ ദിവസങ്ങളില്‍ ഞങ്ങള്‍ കിടന്നുറങ്ങിയത്. ആ സമയത്ത് ഞാന്‍ വയലിനിസ്റ്റും അവന്‍ അസിസ്റ്റന്റുമായിരുന്നു. ഞങ്ങളൊന്നിച്ചാണ് അന്ന് റെക്കോഡിങ്ങിന് പോയിരുന്നത്. ഒരാളുടെ മുറിയില്‍ രണ്ടുപേര്‍ താമസിക്കുന്നതറിഞ്ഞ മുറിയുടമ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ജോണ്‍സണ്‍ എന്നോട് തൊട്ടടുത്ത 'ഉമ' ലോഡ്ജില്‍ ഒരു മുറി സംഘടിപ്പിക്കാന്‍ പറഞ്ഞു.
അന്ന് ഉമാ ലോഡ്ജില്‍ താമസിക്കുന്നത് ഇന്നത്തെ പ്രമുഖരായ സിനിമക്കാരാണ്. മണിയന്‍പിള്ള രാജു, തമ്പി കണ്ണന്താനം, കൊച്ചിന്‍ ഹനീഫ, മണവാളന്‍ ജോസഫ് തുടങ്ങിയവരെല്ലാം അന്ന് ഉമാ ലോഡ്ജിലെ അന്തേവാസികളായിരുന്നു. താഴത്തെ നിലയില്‍ 200 രൂപ വാടക, ഒന്നാംനിലയില്‍ 100 രൂപ വാടക, രണ്ടാംനിലയില്‍ 30 രൂപ എന്നിങ്ങനെയായിരുന്നു വാടക നിരക്ക്. 100 രൂപയുടെ മുറിയിലാണ് ഞാന്‍ താമസിച്ചത്. റെക്കോഡിങ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഞാനും ജോണ്‍സണും ഞങ്ങളുടെ സുഹൃത്തായ കുന്നംകുളത്തുകാരന്‍ ബോംബൈ സാരീസ് രാജന്റെ കടയുടെ പിന്നിലെ മുറിയില്‍ ഒത്തുകൂടും. ഒന്നിച്ച് ഭക്ഷണം കഴിച്ചും പാട്ടുപാടിയുമെല്ലാം മൂന്നുപേരുംകൂടി ആ രാത്രികളെ സുന്ദരമാക്കും. അങ്ങനെ കടന്നുപോയ എത്രയോ സുന്ദരരാത്രികള്‍.
പരസ്പരം അഭിനന്ദിച്ചും ചേര്‍ത്തുപിടിച്ചും
അതിനിടയിലാണ് ഭരതേട്ടന്റെ ആരവം എന്ന സിനിമയില്‍ വയലിനിസ്റ്റിന്റെ റോളില്‍ ഞാന്‍ അഭിനയിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഭരതേട്ടന്‍ എന്നെ വിളിച്ച് 'ആരവ'ത്തിന്റെ റീറെക്കോഡിങ് ചെയ്യാന്‍ പറഞ്ഞു. എന്നെക്കൊണ്ട് പറ്റില്ലെന്നും ജോണ്‍സണ്‍കൂടി ഉണ്ടെങ്കില്‍ ചെയ്യാമെന്നുമായി ഞാന്‍. 'എന്നാ അവനെയും വിളിക്ക്, നിങ്ങള് രണ്ട് തൃശ്ശൂരുകാര് കൂടിയങ്ങ് ചെയ്യ്,' ഭരതേട്ടന്‍ പറഞ്ഞു. ഒരുസിനിമ സ്വതന്ത്രമായി വര്‍ക്ക് ചെയ്യാന്‍ കാത്തിരുന്ന ജോണ്‍സണ്‍ ഭരതേട്ടന്‍ വിളിച്ചപ്പോള്‍ ഓടിയെത്തി. അങ്ങനെയാണ് 'ആരവം' പൂര്‍ത്തിയാക്കുന്നത്. പടത്തിന്റെ ടൈറ്റിലില്‍ പശ്ചാത്തലസംഗീതം ജോണ്‍സണ്‍ ആന്‍ഡ് ഔസേപ്പച്ചന്‍ എന്ന് ആദ്യമായി എഴുതിക്കാണിച്ചു. ഇടയ്ക്ക് ദേവരാജന്‍മാഷുമായുള്ള എന്തോ ഒരു പിണക്കത്തിന്റെപേരില്‍ ജോണ്‍സണ്‍ അവിടെനിന്ന് വിട്ടുനിന്നിരുന്നു. അപ്പോഴും ജോണ്‍സണ്‍ എന്റെകൂടെ മറ്റ് സംഗീതസംവിധായകര്‍ക്കുവേണ്ടി വയലിന്‍ വായിക്കാന്‍ വരുമായിരുന്നു. കോടമ്പാക്കത്താണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്.
'ആരവം' കഴിഞ്ഞതോടെ ജോണ്‍സണ്‍ സ്വതന്ത്രസംഗീതസംവിധായകനായി മാറി. ഞാനായിരുന്നു അപ്പോള്‍ ജോണ്‍സന്റെ അസിസ്റ്റന്റ്. ഈസ്റ്റ്മാന്‍ ആന്റണിയുടെ 'ഇണയെത്തേടി' എന്ന ചിത്രമായിരുന്നു ആദ്യം. പിന്നീട് കുറച്ച് സിനിമകള്‍കൂടി ഞാന്‍ ജോണ്‍സന്റെ അസിസ്റ്റന്റായി വര്‍ക്ക്‌ചെയ്തു. അപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം വായിച്ച് ഞാനും വളരെ തിരക്കുള്ള വയലിനിസ്റ്റായി. വൈകാതെ ഞാനും സ്വതന്ത്രസംഗീതസംവിധായകനായി. രണ്ടുപേരും തിരക്കിലായതോടെ പരസ്പരമുള്ള കണ്ടുമുട്ടലുകള്‍ കുറഞ്ഞുതുടങ്ങി.
അപ്പോഴും ജോണ്‍സന്റെയും എന്റെയും വീട്ടിലെ ആഘോഷങ്ങള്‍ക്കെല്ലാം ഇരുകുടുംബങ്ങളും ഒത്തുചേരുമായിരുന്നു. അവധിദിനങ്ങളില്‍ രാജന്റെ കടമുറിയിലും മറ്റും ഞങ്ങള്‍ ഒത്തുകൂടുമായിരുന്നു. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ വ്യത്യസ്തമായ പുതിയൊരു പാട്ട് ചെയ്താല്‍ ഒഴിവുണ്ടെങ്കില്‍ പരസ്പരം കേള്‍പ്പിക്കുമായിരുന്നു. അങ്ങനെ ഒരുദിവസം ഞാന്‍ ട്രസ്റ്റ്പുരത്തെ ജോണ്‍സന്റെ വീട്ടില്‍ ചെന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിനായി ചെയ്ത പാട്ടുകളുടെ കാസറ്റും കൂടെ കരുതിയിരുന്നു. ടേപ്പ് റെക്കോഡറില്‍നിന്ന് പാട്ട് പുറത്തേക്കൊഴുകി. 'ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...'പാട്ട് കേട്ടതും ജോണ്‍സന്റെ ആദ്യ കമന്റെത്തി, 'ഓ..., നെസ്‌റ്റോള്‍ജിയ ആണല്ലേ നീ പിടിച്ചിരിക്കുന്നത്.'
ജോണ്‍സന്റെ ശരികള്‍...
ചെന്നൈയില്‍ താമസിക്കുന്ന സമയത്ത് പുലര്‍ച്ചെ ഞങ്ങള്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. എന്റെ വീടിന് മുന്നില്‍വെച്ചാണ് കളിച്ചിരുന്നത്. കളി കഴിഞ്ഞാല്‍ വീട്ടിലേക്കുവന്ന് വിശ്രമിക്കും. 'മറിയാ, ഒരു കാപ്പി കൊണ്ടുവായോ,' വിശ്രമിക്കുന്നതിനിടെ ജോണ്‍സണ്‍ വിളിച്ചുപറയും. ആ നേരത്ത് ടേപ്പ് റെക്കോഡില്‍ ഞാന്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം പ്ലേ ചെയ്യും. എന്റെ ഒഴിവുസമയങ്ങളിലെ പ്രധാനവിനോദമാണ് വെസ്റ്റേണ്‍ ക്ലാസിക്‌സ് കേള്‍ക്കുക എന്നത്. അതിലോരോന്നിലും വയലിന്‍ ഉപയോഗിക്കുന്ന രീതി പഠിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഇത് കേള്‍ക്കുന്നയുടന്‍ 'ഓ, തുടങ്ങി നിന്റെയൊരു വെസ്റ്റേണ്‍, ടാ, നീയതങ്ങ് ഓഫ് ചെയ്‌തേ,' ജോണ്‍സണ്‍ പറയും. 'എന്താടാ, എന്താ പ്രശ്‌നം,' ഞാന്‍ ചോദിക്കും. 'എടാ, ഇന്ന് കാലത്ത് എനിക്കൊരു റെക്കോഡിങ്ങുണ്ട്. അതല്ലേ കുഴപ്പം. ഈ വെസ്റ്റേണ്‍ കേട്ടാല്‍ അത് തലയില്‍നിന്ന് പോകില്ല. ഞാന്‍ ഉണ്ടാക്കുന്ന സംഗീതത്തില്‍ ചിലപ്പോള്‍ ഇതുവരും, അങ്ങനെ വരാന്‍ പാടില്ല.' ഇതുകേള്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ ടേപ്പ് റെക്കോഡര്‍ ഓഫ് ചെയ്യും.
ജോണ്‍സണ്‍ ഒരിക്കലും സംഗീതത്തിന്റെ ടെക്‌നോളജിയിലുണ്ടായ പുതിയ രീതികളിലേക്ക് പൊരുത്തപ്പെടാന്‍ ഇഷ്ടമില്ലാത്ത ഒരാളായിരുന്നു. അതുവരെ ചെയ്തുവന്ന രീതിയില്‍ത്തന്നെ ചെയ്ത് വ്യത്യസ്തമായ ഈണങ്ങള്‍ ഉണ്ടാക്കാനാണ് ജോണ്‍സണ്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്. ട്രെന്‍ഡിനനുസരിച്ച് മാറുന്നത് ഒരു തെറ്റായാണ് ജോണ്‍സണ്‍ കണക്കാക്കിയിരുന്നത്. ആ വിഷയത്തില്‍ ഞങ്ങള്‍ തമ്മില്‍ ആശയസംഘര്‍ഷം ഉണ്ടായിരുന്നു. ഞാന്‍ പറയും, 'ജോണ്‍സാ, ട്രെന്‍ഡ് എന്നുപറയുന്നത് സ്ഥായിയായ ഒരുസാധനമല്ല, ദേവരാജന്‍മാഷുടെ കാലത്ത് അദ്ദേഹത്തിന്റെ സംഗീതമായിരുന്നു ട്രെന്‍ഡ്. നമ്മള്‍ ചെയ്തപ്പോള്‍ അത് നമ്മുടേതായി, ഇപ്പോള്‍ കംപ്യൂട്ടര്‍ ടെക്‌നോളജികൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലോകസംഗീതമാണ് ട്രെന്‍ഡ്. അപ്പോള്‍ അതില്‍ പരീക്ഷണങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കണം'. ഉടന്‍ ജോണ്‍സണ്‍ മറുപടി പറയും: 'എന്തൊക്കെ നീ പറഞ്ഞാലും ഔസേപ്പച്ചാ, ഈ കൈകൊണ്ട് പാട്ട് മിക്‌സ് ചെയ്യുന്ന സമയത്ത് ഫീഡര്‍ പിടിച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ ചെയ്യുമ്പോഴുള്ള ഒരുഫീലൊന്നും ഒന്നിലും നിനക്ക് കിട്ടില്ലെടാ.' അതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ശുദ്ധസംഗീതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇടപെടലിന്റെ ആവശ്യമില്ലെന്ന് ജോണ്‍സണ്‍ പറയുമായിരുന്നു. അങ്ങനെ വിശ്വസിക്കാനുള്ള ക്രിയേറ്റിവിറ്റിയും സംഗീതവും ജോണ്‍സണുണ്ടായിരുന്നു എന്നതാണ് സത്യം.
പറയാതെ പോയി നീ...
ജോണ്‍സണ്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് അമൃത ചാനലില്‍ ദേവഗീതം എന്ന പരിപാടിയില്‍വെച്ചാണ് ഞങ്ങള്‍ അവസാനമായി ഒരുമിച്ച് സമയം ചെലവിട്ടത്. രണ്ടുപേരും വിധികര്‍ത്താക്കളുടെ റോളിലായിരുന്നു ദേവഗീതത്തില്‍ പങ്കെടുത്തത്. അന്ന് കുറെ കാര്യങ്ങള്‍ സംസാരിച്ചു. അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഫഹദിന്റെ ഫോണ്‍കോള്‍ വന്നത്. 'നമ്മുടെ ജോണ്‍സണ്‍മാഷിന് എന്തുപറ്റി, മരിച്ചു എന്നൊരു വാര്‍ത്ത കേള്‍ക്കുന്നു. സത്യമാണോ?', ഞെട്ടലോടെ ആ വാര്‍ത്ത കേട്ട ഞാന്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ വാര്‍ത്ത സത്യമാണെന്ന് തിരിച്ചറിയുന്നു. ഉടന്‍ ഞാനും ഭാര്യയും ചേര്‍ന്ന് ആശുപത്രിയിലേക്ക് പോയി. അവിടെ മോര്‍ച്ചറിയിലായിരുന്നു മൃതദേഹം. പിന്നാലെ ഞങ്ങള്‍ ജോണ്‍സന്റെ ചെന്നൈയിലെ വീട്ടിലേക്ക് ചെന്നു. പുലര്‍ച്ചെവരെ ഞാനും കുടുംബവും ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അവിടെനിന്നു. പിറ്റേന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്ന വിമാനത്തില്‍ ജോണ്‍സന്റെ ഭാര്യയ്ക്കും സഹോദരനുമെല്ലാമൊപ്പം ഞാനും കൂട്ടുവന്നു. അവന്റെ അന്ത്യയാത്രയ്ക്ക് കൂട്ടായി ഞാന്‍ വേണമെന്നെനിക്കുതോന്നി. എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയശേഷമാണ് ചെന്നൈയിലേക്ക് മടങ്ങിവന്നത്.
ആദ്യകാലങ്ങളില്‍ ജോണ്‍സന്റെ മരണം എനിക്ക് അവിശ്വസനീയമായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. സംഗീതത്തില്‍ രണ്ടുപേരുംതമ്മില്‍ ആരോഗ്യപരമായ ഒരു മത്സരമുണ്ടായിരുന്നു. അവന്‍ ഉണ്ടാക്കുന്നതിനെക്കാള്‍ മികച്ചത് ഉണ്ടാക്കാന്‍ ഞാനും എന്നെക്കാള്‍ മികച്ചതുണ്ടാക്കാന്‍ അവനും ശ്രമിച്ചിരുന്നു. ആയൊരു മത്സരബുദ്ധി ഒരുപാട് നല്ല പാട്ടുകളുടെ പിറവിക്ക് കാരണമായിട്ടുമുണ്ട്. ജോണ്‍സണ്‍ പോയപ്പോള്‍ സംഗീതം ചെയ്യാനുള്ള ആ അധിക ഊര്‍ജം ഇല്ലാതായതായി തോന്നി. മാനസികമായി ഒരു നിരാശയും ശൂന്യതയുമൊക്കെ അനുഭവപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ഷിബു ചക്രവര്‍ത്തി എന്നെ വിളിച്ച് ഏറെനേരം സംസാരിക്കുമായിരുന്നു. ഞാന്‍ തളര്‍ന്നുപോകാതിരിക്കാന്‍ വേണ്ടിയാണ് ഷിബു അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നത്. കാരണം കൂടെയുള്ള സമപ്രായക്കാരനായ ഒരാള്‍ ഒരുദിവസം പെട്ടെന്നങ്ങ് ഇല്ലാതാകുമ്പോള്‍ നമ്മുടെ ഉള്ളിലും ഒരു ഭയമുണ്ടാകും. ആ ഒരു ഭയത്തെ മെല്ലെമെല്ലെ ഞാന്‍ മറികടന്നു.
Content Highlights: ouseppachan remembering johnson master