പഞ്ചാബി ഹൗസ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഹരികൃഷ്ണന്‍സ്... 1998-ലെ ഹിറ്റായ ഓണക്കാലം

1998 സെപ്റ്റംബര്‍ നാല്, മലയാളികള്‍ തിരുവോണം ആഘോഷിച്ച ദിവസം. അന്നത്തെ ദിവസം മലയാളസിനിമ പ്രേക്ഷകരും മറക്കാനിടയില്ല. ഓണം ആഘോഷിക്കാനെത്തിയ മൂന്ന് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്. അതും മലയാളത്തിലെ അന്നത്തെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും നായകനായ 'ഹരികൃഷ്ണന്‍സ്', ജയറാമും സുരേഷ് ഗോപിയും അഭിനയിച്ച 'സമ്മര്‍ ഇന്‍ ബത്‌ലഹേം', ദിലീപിന്റെ 'പഞ്ചാബി ഹൗസ്', ഇതായിരുന്നു 1998-ല്‍ ഓണം കൂടി ഹിറ്റായ ചിത്രങ്ങള്‍.
ഫാസില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഹരികൃഷ്ണന്‍സ്' ഇന്‍വെസ്റ്റിഗേഷനും കോമഡിയുമെല്ലാം നിറഞ്ഞ സിനിമയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തുല്യപ്രാധാന്യത്തോടെ എത്തിയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താന്‍ രണ്ട് ക്ലൈമാക്‌സുകളും ചിത്രത്തിനായി ഒരുക്കി. നായികയായെത്തിയ ജൂഹി ചൗള, മോഹന്‍ലാലിനെ തിരഞ്ഞെടുക്കുന്നതായിരുന്നു ഒരു ക്ലൈമാക്‌സ്. മറ്റൊരു ക്ലൈമാക്‌സില്‍ നായിക മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഈ ക്ലൈമാക്‌സുകള്‍ അക്കാലത്ത് ഏറെ വിവാദവും സൃഷ്ടിച്ചു. ഇന്നസെന്റ്, നെടുമുടി വേണു, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവരും പ്രധാനവേഷങ്ങളിലെത്തി. ഔസേപ്പച്ചന്റെ പാട്ടുകളും ഹിറ്റായി. പൂജാബിംബം, പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍, സമയമിതാപൂര്‍വ, പൊന്നേ പൊന്നമ്പിളി എന്നീ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.
റൊമാന്റിക് കോമഡി ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. രഞ്ജിത് തിരക്കഥ എഴുതിയ സിനിമ സിബി മലയിലായിരുന്നു സംവിധാനം. സുരേഷ് ഗോപിക്കും ജയറാമിനും പുറമെ മോഹന്‍ലാലും ചെറിയ വേഷം ചെയ്തു. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ പ്രധാനനായിക. കലാഭവന്‍ മണി, ജനാര്‍ദനന്‍, സംഗീത, മയൂരി അടക്കമുള്ളവരും പ്രധാനവേഷങ്ങളിലെത്തി. തമിഴിലായിരുന്നു ചിത്രം ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ വെച്ച് ഷൂട്ടിങ്ങും തുടങ്ങി. എന്നാല്‍, നിര്‍മാതാവിന് വന്ന സാമ്പത്തികബുദ്ധിമുട്ട് കാരണം മുടങ്ങി.
ഒടുവില്‍ നിര്‍മാതാവ് സിയാദ് കോക്കര്‍ സംവിധായകന്‍ സിബി മലയിലിനോട് മലയാളത്തില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പ്രഭുവിന്റെ സ്ഥാനത്ത് സുരേഷ് ഗോപി വന്നു. മോഹന്‍ലാല്‍ അഭിനയിച്ച നിരഞ്ജന്റെ സ്ഥാനത്തേക്ക് തമിഴില്‍ രജനികാന്തിനെയോ കമലഹാസനയോ കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സിബി പിന്നീട് വെളിപ്പെടുത്തി. സിനിമയിലെ പാട്ടുകളും വിജയത്തിന് സഹായകരമായി. വിദ്യാസാഗറായിരുന്നു സംഗീതം. ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതി. ഒരു രാത്രി കൂടി, എത്രയോ ജന്‍മമായ്, ചൂളമടിച്ച്...പാട്ടുകളെല്ലാം മലയാളികള്‍ വര്‍ഷങ്ങളോളം പാടി.
ആ ഓണത്തിന് കുടുകുടെ ചിരിപ്പിച്ച ചിത്രമായിരുന്നു 'പഞ്ചാബി ഹൗസ്'. ദിലീപ്, ഹരിശ്രീ അശോകന്‍, മോഹിനി, ജോമോള്‍, കൊച്ചിന്‍ ഹനീഫ അടക്കമുള്ളവര്‍ പ്രധാനവേഷങ്ങളിലെത്തി. റാഫി മെക്കാര്‍ട്ടിനായിരുന്നു തിരക്കഥയും സംവിധാനവും.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് റാഫി മെക്കാര്‍ട്ടിന് ഈ കഥയുടെ ആശയം മനസ്സിലേക്ക് വരുന്നത്. സംസാരിക്കാന്‍ കഴിവില്ലെന്ന് അഭിനയിച്ച് മറ്റുള്ളവരെ പറ്റിക്കുന്ന ഒരാള്‍ എന്ന ചിന്തയില്‍ നിന്നാണ് ഇന്നത്തെ 'പഞ്ചാബി ഹൗസി'ല്‍ എത്തുന്നത്. ആദ്യം മോഹന്‍ലാലിനെ വെച്ചായിരുന്നു ആലോചന. എന്നാല്‍, തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ജയറാമിനെ നായകനാക്കാന്‍ തീരുമാനിച്ചു. പക്ഷെ ജയറാമിന് ഡേറ്റില്ലായിരുന്നു. അങ്ങനെ ദിലീപ് നായകനായി. ഈ സിനിമയ്ക്കും രണ്ട് ക്ലൈമാക്‌സുകള്‍ സംവിധായകര്‍ തയ്യാറാക്കിയിരുന്നു. ആദ്യത്തേത് ദിലീപ് അഭിനയിച്ച ഉണ്ണി എന്ന കഥാപാത്രം, ജോമോള്‍ അഭിനയിച്ച സുജാതയ്‌ക്കൊപ്പം ചേരുന്നത്. രണ്ടാമത്തെ ക്ലൈമാസില്‍ ഉണ്ണി മോഹിനി അഭിനയിച്ച പൂജയ്‌ക്കൊപ്പം പോകുന്നത്. ഒടുവില്‍ സിനിമയിലെ വനിതാതാരങ്ങള്‍ക്കിടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇപ്പോഴത്തെ ക്ലൈമാക്‌സ് തീരുമാനിച്ചത്.
ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ബല്ലാ ബല്ലാ, എല്ലാം മറക്കാം, എരിയുന്ന കരളിന്റെ, ഉദിച്ച ചന്ദിരന്റെ, സോനാ രെ...അങ്ങനെ ആ വര്‍ഷത്തെ ഹിറ്റ് ലിസ്റ്റില്‍ ഈ പാട്ടുകള്‍ ഇടംപിടിച്ചു. മാത്രമല്ല, ഹിന്ദി, തെലുഗ്, കന്നഡ അടക്കമുള്ള ഭാഷകളിലേക്കും 'പഞ്ചാബിഹൗസ്' റീമേക്ക് ചെയ്യപ്പെട്ടു.
Content Highlights: onam hits in 1998