രൺബീറിന്റെ അമ്മ ആദ്യ മെഴ്സിഡീസ് വാങ്ങിയത് 15-ാം വയസ്സിൽ, ചെറുപ്രായത്തിൽ ചെയ്തത് നൂറോളം സിനിമ

മുതിർന്ന ബോളിവുഡ് നടിയും നടൻ രൺബീർ കപൂറിന്റെ അമ്മയുമായ നീതു കപൂർ ബാലതാരമായാണ് സിനിമയിലേക്കെത്തുന്നത്. ഋഷി കപൂറിനെ വിവാഹം ചെയ്ത് മക്കളായ റിധിമയും രൺബീറും ജനിച്ചശേഷം അവർ അഭിനയം നിർത്തുകയായിരുന്നു. Curly Tales-ന് നൽകിയ അഭിമുഖത്തിൽ, 21 വയസ്സായപ്പോഴേക്കും ഏകദേശം 100 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് നീതു. 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി മെഴ്സിഡീസ് കാർ സ്വന്തമാക്കിയതെന്നും.
"കുട്ടിയായിരുന്നപ്പോൾ ഞാൻ 10-12 സിനിമകൾ ചെയ്തിരുന്നു. വൈജയന്തിമാലയ്ക്കൊപ്പം 'സുരാജ്' എന്ന ചിത്രത്തിലൂടെ അഞ്ചാം വയസ്സിലാണ് തുടക്കം കുറിച്ചത്. പിന്നീട് ഇരട്ടവേഷം ചെയ്ത 'ദോ കലിയാൻ' എന്റെ പ്രശസ്തമായ സിനിമയാണ്. 11 മുതൽ 13 വയസ്സു വരെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. 14-ാം വയസ്സിൽ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് 14 മുതൽ 21 വയസ്സ് വരെ ഏകദേശം 70 സിനിമകൾ ഞാൻ ചെയ്തു."
15-ാം വയസ്സിൽ തന്നെ സൂപ്പർസ്റ്റാർ ആയിമാറിയിരുന്നോ എന്ന് ചോദിച്ചപ്പോൾ നീതു പറഞ്ഞതിങ്ങനെ- "15-ാം വയസ്സിൽ ഞാൻ 4-5 പ്രോപ്പർട്ടികൾ വാങ്ങിയിരുന്നു. എന്റേതായ ഒരു മെഴ്സിഡീസ് കാറും ഉണ്ടായിരുന്നു. നിങ്ങൾക്ക് അത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ? ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അതിനുശേഷം എനിക്ക് ധാരാളം അവസരങ്ങൾ കിട്ടിത്തുടങ്ങി, ഞാൻ പിന്നെ സ്കൂളിലേക്ക് തിരികെ പോയതേയില്ല. വൈജയന്തിമാലയിൽ നിന്ന് നൃത്തം പഠിച്ചിരുന്നു. ഔദ്യോഗികമായി അഭിനയം പഠിച്ചിട്ടില്ല, എങ്കിലും കുട്ടിക്കാലത്ത് തന്നെ സിനിമകൾ ചെയ്തതുകൊണ്ട് ക്യാമറയോട് പേടിയുണ്ടായിരുന്നില്ല. അതേറെ സഹായകരമായി."
വിവാഹത്തിനു ശേഷം 21-ാം വയസ്സിൽ സിനിമയോട് വിടപറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നെന്നും അപ്പോഴേക്കും ധാരാളം ജോലി ചെയ്തിരുന്നുവെന്നും നീതു പറഞ്ഞു. ആ കാലത്ത് ഒരു ദിവസം തന്നെ മൂന്ന് ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്നു. രാവിലെ 7 മണിക്ക് ഉണർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പോകുമായിരുന്നു. ഈ കഠിനമായ ദിനചര്യ വല്ലാതെ തളർത്തി. സുഹൃത്തുക്കളെ ഉണ്ടാക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെ റിധിമയും, രണ്ട് വർഷത്തിന് ശേഷം രൺബീറും ജനിച്ചു. വീട്ടിലിരുന്ന് മക്കളെ വളർത്തുന്നതിൽ സന്തുഷ്ടയായിരുന്നുവെന്നും അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neetu Kapoor started her acting career as a child artist at the age of 5., She bought her first Mercedes and 4-5 properties by the age of 15 while studying in the 8th standard., She completed around 100 films by the age of 21 before taking a break from the film industry after marriage.