തുറന്നുപറച്ചിലുകളില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല: നീരജ് മാധവ്

കൊച്ചിയിലെ 'ഗുഡ് എര്‍ത്ത് വില്ല'യില്‍ കളിചിരികള്‍ നിറഞ്ഞു. ദീപ്തിക്കും നീരജ് മാധവിനുമൊപ്പം കുട്ടിക്കൊഞ്ചലുമായി രണ്ടുവയസ്സുകാരി നിളങ്ക. ഇവിടെ ജീവിതം ഒരു റാപ്പ് സോങ്ങ് പോലെ ചടുലം... മനോഹരം. ''ചുമ്മാ സീന്‍ മോനേ...'' റാപ്പിന് ചുവടുവച്ചു തുടങ്ങി കുഞ്ഞ് നിങ്കു. 2023-ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ പാടിയ ആ പാട്ടിന്റെ ക്രെഡിറ്റും നീരജിന് സ്വന്തം.
2013-ല്‍ 'ബഡ്ഡി' എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചേക്കേറിയ ചെറുപ്പക്കാരന്‍. മോനിച്ചന്‍, റെമൊ, ലവന്‍, ഗൗതമന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍. നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്... അനവധി പകര്‍ന്നാട്ടങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ഓരോ വീട്ടിലും മുഴങ്ങിക്കേട്ട 'പണിപാളി' സോങ്ങിനൊപ്പം യുവാക്കളുടെ ഹരമായിത്തീര്‍ന്ന റാപ്പര്‍ എന്‍.ജെ. ആമസോണ്‍ പ്രൈം സീരീസായ 'ദ ഫാമിലി മാനി'ലെ മൂസ റഹ്മാനും പ്രേക്ഷകരെ ഞെട്ടിച്ചു. തിരിച്ചുവരവില്‍ പോയവര്‍ഷത്തെ ഹിറ്റുകള്‍ക്കൊപ്പം 'ആര്‍.ഡി.എക്‌സി'ലെ സേവ്യറിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
കരിയറിലെ നീണ്ട പത്തുവര്‍ഷങ്ങള്‍ നീരജ് മാധവ് എന്ന നടന് നിതാന്ത പരിശ്രമങ്ങളുടേതായിരുന്നു. തേടിയെത്തിയ വിജയങ്ങളുടെ പുതുവെളിച്ചത്തില്‍ നീരജ് മാധവ് 'ഗൃഹലക്ഷ്മി'ക്കൊപ്പം .
തുറന്നുപറച്ചിലുകള്‍ വഴിയുണ്ടായ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
തുറന്നുപറച്ചിലുകളില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. ചിലത് പറയണമെന്ന് തോന്നുമ്പോള്‍ പറയും. സിനിമാമേഖലയില്‍ ഏറെക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് തുറന്നടിച്ചുപറയുന്നവര്‍ക്ക്. കപടവിനയവും എളിമയും നന്നായി ആഘോഷിക്കപ്പെടുന്നിടത്ത് സ്മാര്‍ട്ടായാല്‍ അത് അഹങ്കാരവും ജാഡയുമൊക്കെയായി തെറ്റിദ്ധരിക്കപ്പെടും.
തുറന്നുപറച്ചിലുകള്‍ മൂലം ചിലര്‍ക്ക് നമ്മള്‍ ശത്രുവാകും. പക്ഷേ, പേടി മാറിക്കിട്ടും. ചുരുക്കം ചിലര്‍ വിചാരിച്ചാല്‍ പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല നമ്മുടെ കരിയര്‍ എന്ന വിശ്വാസം വരും. കേരളത്തിന് പുറത്തും കാഴ്ചക്കാരുണ്ട്, കഴിവിനെ അംഗീകരിക്കുന്നവരുണ്ട്, എന്ന് മനസ്സിലാക്കാന്‍ സാധിക്കും. നാട്ടില്‍ കിട്ടുന്ന അംഗീകാരം വളരെ വലുതാണ്. എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ല.
Content Highlights: neeraj madhav and family covershoot