പ്രണയത്തില്‍ മുന്‍കൈ എടുത്തത് നയന്‍താര, ഷൂട്ടിങ്ങിന് ശേഷം വിഘ്‌നേഷിന് സന്ദേശമയച്ചു

നയൻതാര, വിഘ്നേഷ് ശിവൻ | ANI
നയൻതാര, വിഘ്നേഷ് ശിവൻ | ANI

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയം തുടങ്ങുന്നത് 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷമാണ്. 2015-ലായിരുന്നുവത്. പ്രണയത്തിന് മുന്‍കൈ എടുത്തത് താനായിരുന്നുവെന്ന് തുറന്നുപറയുകയാണ് നയന്‍താരയിപ്പോള്‍. നയന്‍സിന്റെ ജീവിതം ആസ്പദമാക്കിയുള്ള 'നയന്‍താര: ബിയോണ്ട് ദി ഫെയറിടേല്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്. നയന്‍സും വിഘ്‌നേഷും തങ്ങളുടെ ജീവിതത്തെപ്പറ്റി ഇതില്‍ വിശദമായി സംസാരിക്കുന്നുണ്ട്.

'ഞങ്ങള്‍ പോണ്ടിച്ചേരിയിലെ തെരുവുകളില്‍ സിനിമാചിത്രീകരണത്തിലായിരുന്നു. എന്റെ ഷോട്ടിനായി ഞാന്‍ കാത്തിരിക്കുമ്പോള്‍, വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് കണ്ടു. എന്തുകൊണ്ടോ, അന്ന് ഞാനവനെ വ്യത്യസ്തമായി നോക്കി. വിക്കി ഒരു ക്യൂട്ട് വ്യക്തിയാണെന്നാണ് ഞാനാദ്യം ചിന്തിച്ചത്. ഒരു സംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, എന്തോ കാരണംകൊണ്ട്.' 

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം നയന്‍താര വിഘ്‌നേഷിന് ഒരു സന്ദേശമയച്ചു. 'എനിക്ക് സെറ്റില്‍ ഇരിക്കുന്ന സമയം മിസ്സ് ചെയ്യുന്നു', എന്നായിരുന്നു ആ സന്ദേശം. 'അതേ, ഇവിടെയും അങ്ങനെതന്നെ മാഡം' എന്ന് വിഘ്‌നേഷ് മറുപടിയും കൊടുത്തു. ആ സമയത്ത് നയന്‍ മാമിനെ തനിക്ക് മറ്റൊരു രീതിയില്‍ കാണാനാവില്ലായിരുന്നുവെന്ന് വിക്കി പറയുന്നു. 

വിഘ്നേഷ് ശിവനുമായുള്ള പ്രണയത്തിലേക്ക് ആദ്യചുവട് വെച്ചതിനെപ്പറ്റി വിശദീകരിച്ച നയന്‍സ് ഇതാദ്യമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും വ്യക്തമാക്കി. തങ്ങള്‍ക്ക് മറ്റൊരു രീതിയില്‍ സംസാരിക്കാമെന്ന് ഇരുവരും മനസ്സിലാക്കുകയായിരുന്നെന്നും. 

ലളിതമായ ജീവിതത്തില്‍ നിന്ന് നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയെപ്പറ്റിയാണ് ഡോക്യുമെന്ററി പറയുന്നത്. റാണ ദഗ്ഗുബട്ടി, തപ്സി പന്നു, നാഗാര്‍ജുന അക്കിനേനി അടക്കമുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വീഡിയോയില്‍ നയന്‍സിനെപ്പറ്റി സംസാരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ പ്രൊമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നയന്‍സിന്റെ 40-ാം ജന്മദിനമായ നവംബര്‍ 18-നാണ് ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. നയന്‍താരയുടെ മുന്‍പ്രണയങ്ങളെപ്പറ്റിയും വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
 

Content Highlights: nayanthara initiated her love story with vignesh shivan