‘എന്റെ ശ്രമം ആ കുടുംബങ്ങള്‍ക്ക് ഒരാശ്വാസമായേക്കാം’,തിരോധാനത്തിന്റെ 46 വര്‍ഷങ്ങള്‍ സിനിമയാകുന്നു; ജൂഡ് ആന്തണി

അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എംവി കെെരളി. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും കപ്പലുടമകളായപ്പോള്‍ മത്സരബുദ്ധിയോടെ കേരളം സ്വന്തമാക്കിയ അഭിമാനനൗക. വില 5.81 കോടി രൂപ. 1979 ജൂണ്‍ 30ന് മര്‍ഗോവയില്‍നിന്ന് ജര്‍മനിയിലെ റസ്തോക്കിലേക്ക് തിരിച്ചതാണ് എംവി കൈരളി. എന്നാലതിന്നും മടങ്ങിവന്നിട്ടില്ല. കപ്പലിനും അതിലെ 51 ജീവനും എന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. തകര്‍ന്നതാണോ? കടല്‍കൊള്ളക്കാരുടെ പിടിയിലകപ്പെട്ടതാണോ? അറിയില്ല.
എം.വി. കൈരളിയുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും സിനിമയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'എം.വി. കൈരളി: ദി എന്‍ഡ്യൂറിങ് മിസ്റ്ററി' എന്ന ചിത്രം കോണ്‍ഫ്ലുവന്‍സ് മീഡിയയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
''എംവി കൈരളി അപ്രത്യക്ഷമായിരുന്നില്ലെങ്കില്, അതിന്റെ നേട്ടങ്ങളും കേരളത്തിന്റെ സമുദ്ര ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാകുമായിരുന്നു. അത് നമുക്ക് വലിയ അഭിമാനത്തിനും കാരണമാകുമായിരുന്നു. എന്നാല്‍ എല്ലാം മാറിമറിഞ്ഞു. 51 ജീവനുകള്‍ നഷ്ടപ്പെട്ടു, നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. എംവി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ ശ്രമം ആ കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് കപ്പലിലെ യാത്രക്കാര്‍ക്കുള്ള ഞങ്ങളുടെ ആദരാഞ്ജലി കൂടിയായിരിക്കും,' സിനിമ എംവി കൈരളിയിലെ യാത്രക്കാര്‍ക്കുള്ള ഒരു സമര്‍പ്പണമാണെന്നും, ഒരിക്കലും അവസാനിക്കാത്ത ഈ അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു അന്ത്യം കുറിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജൂഡ് പറഞ്ഞു.
എന്താണ് എംവി കൈരളിയ്ക്ക് സംഭവിച്ചത്
നോര്‍വേയില്‍ നിര്‍മ്മിച്ച് കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ആധുനിക ചരക്കുകപ്പലായിരുന്നു എംവി കൈരളി. ആദ്യ പേര് ഓസ്കാര്‍ സോര്‍ഡ്. നോര്‍വേയില്‍ നിന്ന് വാങ്ങി ഫ്രാന്‍സിലെത്തിച്ച് പിന്നീട് ചില്ലറ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനുംശേഷം പേരുമാറ്റി വീണ്ടും ഇന്ത്യന്‍ തീരത്തേക്ക്. വാഹകശേഷിയേക്കാള്‍ അയ്യായിരം ടണ്ണിലധികം ചരക്കുമായിട്ടായിരുന്നു കപ്പലിന്റെ അവസാന യാത്ര. 20,583 ടണ്‍ ഇരുമ്പയിരുമായി 1979 ജൂണ്‍ 30-ന് ഗോവയില്‍ നിന്നാണ് കപ്പല്‍ യാത്ര തിരിച്ചത്.
ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേര് കപ്പലിലുണ്ടായിരുന്നു. ജൂലൈ 3-ന് അവസാന സന്ദേശം അയച്ചതിന് ശേഷം കപ്പല്‍ അപ്രത്യക്ഷമായി. കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റ്റോക്ക് എന്ന അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിനായി ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. കപ്പലുമായി ബന്ധം നഷ്ടപ്പെട്ട വിവരം അവസാനം അറിയുന്നത് ജൂലൈ 15-നായിരുന്നു. കപ്പലിലുണ്ടായിരുന്ന 23 പേര് മലയാളികളായിരുന്നു.
കപ്പലുമായി ബന്ധപ്പെട്ട് പിന്നീട് പല വാദങ്ങളും പുറത്തുവന്നു. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ നിശ്ചിത സമയത്തിന് നാലുദിവസമെങ്കിലും കഴിയാതെ യാത്ര പുറപ്പെടാനാവില്ലെന്ന് ക്യാപ്റ്റന്‍ കോര്‍പറേഷനെ അറിയിച്ചത്രെ. എന്തൊക്കെ തടസ്സമുണ്ടായാലും നിശ്ചിത ദിവസം തന്നെ യാത്രപുറപ്പെടാന്‍ കോര്‍പറേഷനിലെ ഉന്നതന് ക്യാപ്റ്റന്‍ അന്ത്യശാസനം നല്‍കിയതായി കൈരളി തിരോധാനത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടിയ സംഘം പിന്നീട് ചൂണ്ടിക്കാട്ടി.
എംവി കെെരളിയുടെ ക്യാപ്റ്റനായിരുന്ന കോട്ടയം സ്വദേശി മറിയദാസ് ജോസഫിന്റെ മകനായ റിട്ടയഡ് ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് രചിച്ച 'ദി മാസ്റ്റര്‍ മാരിനര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
'ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന ഒരു ദുരിതത്തിന് അന്ത്യം കുറിക്കാനാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്. പിതാവിനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു 15 വയസ്സുകാരനെ കപ്പലിന്റെ തിരോധാനം സാരമായി ബാധിച്ചു. കപ്പല്‍ റാഞ്ചിയതാകാം എന്ന തരത്തിലുള്ള തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ ദുരിതത്തിലേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കൂപ്പുകുത്തി. ഈ പുസ്തകം എനിക്ക് വേണ്ടി മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ്,' അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റ്, ജൂഡ് ആന്തണി, കോണ്‍ഫ്ളുവന്‍സ് മീഡിയയുടെ സ്ഥാപകനും എഴുത്തുകാരനുമായ ജോസി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: A film based on the disappearance of MV Kairali in 1979, exploring the mystery and its impact