‘സ്വന്തം രൂപത്തിൽ തീരെ ആത്മവിശ്വാസമില്ലായിരുന്നു, ഞാൻ ഈ കൂട്ടത്തിൽ ചേരാത്തവളാണെന്ന് തോന്നി’

മൃണാൾ താക്കൂർ | ANI
മൃണാൾ താക്കൂർ | ANI

നടീനടന്മാരുടെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ പലപ്പോഴും ഏകപക്ഷീയമാവാറുണ്ട്. കഴിവുണ്ടായിട്ടും അത്തരം മാനദണ്ഡങ്ങൾ കാരണം മാത്രം പുറകിലായിപ്പോകുന്നവരും ധാരാളമാണ്. താനുമതിൽ പെട്ടുപോയിട്ടുണ്ടെന്ന് പറയുകയാണ് ബോളിവുഡ് നടി മൃണാൾ താക്കൂർ ഇപ്പോൾ. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

'ദോ ദീവാനേ സെഹർ മേം' എന്ന പുതിയ ചിത്രത്തിൽ റോഷ്‌നി എന്ന കഥാപാത്രത്തെയാണ് മൃണാൾ അവതരിപ്പിക്കുന്നത്. സൗന്ദര്യമുള്ള സഹോദരിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്നതിനാൽ ആത്മാഭിമാന പ്രശ്നങ്ങളുമായി പോരാടുന്ന പെൺകുട്ടിയാണ് റോഷ്‌നി. ഒരുപക്ഷേ ഈ സിനിമയിൽ അഭിനയിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണം അത് മാത്രമായിരിക്കാമെന്ന് മൃണാൾ പറയുന്നു. "ഇവിടെ ഒരുപാട് ആളുകളുണ്ട്, പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും, ഇങ്ങനെയുള്ള ചിന്തകളിൽ കുടുങ്ങി ജീവിക്കുന്നു. കാരണം ഭൂതകാലത്തിൽ ആരോ അവരോട് പറഞ്ഞിട്ടുണ്ട്, 'നീ ഒന്നിനും കൊള്ളാത്തവനാണ്' എന്ന്. അവരുടെ സഹോദരങ്ങളുമായി എപ്പോഴും താരതമ്യങ്ങളുണ്ടാകും. അതാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്."-മൃണാൾ പറഞ്ഞു.

ചിത്രത്തിൻ്റെ ട്രെയിലറിൽ മൃണാലിൻ്റെ കഥാപാത്രം താൻ സുന്ദരിയല്ല എന്ന് പറയുന്നുണ്ട്. മൃണാൾ എന്ന സൗന്ദര്യ റാണിക്ക് ഇങ്ങനെയൊരു ഡയലോഗ് പറയാൻ എങ്ങനെ സാധിച്ചു എന്ന് പല ആരാധകരും കമന്റ് ചെയ്തു. അതിനോടുള്ള മൃണാളിന്റെ പ്രതികരണമിങ്ങനെ- "ആളുകൾ ഇത് തമാശയാണെന്ന് പറയുന്നതിൽ, ദൈവത്തിനു നന്ദി. പക്ഷെ ഞാൻ കാണുന്നതല്ല അവർ കാണുന്നത്."

സ്വന്തം ജീവിതത്തിൽ ആത്മാഭിമാന പ്രശ്നങ്ങളുമായി പോരാടേണ്ടി വന്നിട്ടുണ്ടെന്ന് മൃണാൾ സമ്മതിച്ചു. "2025 വരെ, ഞാൻ കാഴ്ചയിലെങ്ങനെയാണോ അതിലെനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. ഒരുപക്ഷേ ഞാൻ ഈ കൂട്ടത്തിൽ ചേരാത്തവളാണെന്ന് തോന്നി. സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ വളരെ വ്യത്യസ്തമായിരുന്നതുകൊണ്ട് ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് തോന്നി."

മാറുന്ന കാലത്തിനനുസരിച്ച്, ആ ഭാരം ഒഴിവാക്കാൻ തനിക്ക് കഴിഞ്ഞുവെന്നും മൃണാൾ പറഞ്ഞു. "യഥാർഥമായിരിക്കുന്നതിലും സ്വന്തം ശരീരത്തിൽ സുഖമായിരിക്കുന്നതിലുമാണ് സൗന്ദര്യം. ഇത്രയും നീണ്ട യാത്രക്ക് ശേഷം, എൻ്റെ രീതിയിൽ ഞാൻ സുഖമായിരിക്കുന്നു" അവർ പറഞ്ഞു.

പുതിയ തലമുറ സ്നേഹത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന ധാരണ ശരിയാണോ എന്ന് ചോദിച്ചപ്പോൾ മറുപടിയിങ്ങനെ- "അവർ ആഗ്രഹിക്കാത്തതല്ല കാരണം. പക്ഷെ കാലം മാറിയിരിക്കുന്നു. സ്ഥിരതയും പ്രയത്നവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇന്നത്തെ തലമുറ സ്നേഹത്തെ മാത്രമല്ല, മറ്റനേകം കാര്യങ്ങളെയും ഉപേക്ഷിക്കുകയാണ്. എൻ്റെ ഒരു ആഗ്രഹം അവർ അങ്ങനെ ചെയ്യാതിരിക്കണം, അവർക്ക് ക്ഷമ ഉണ്ടാകണം എന്നതാണ്."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mrunal Thakur shares her struggle with Hollywood beauty standards until 2025. She felt `not good enough` but now embraces authenticity. Read her exclusive interview.