കാണാൻ കൊതിച്ച കാഴ്ചകൾ; ഹൃദയപൂർവ്വം ലാലും സത്യനും

'കുറുക്കന്റെ കല്യാണ'ത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി സത്യൻ അന്തിക്കാടിന്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. രണ്ടുവർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിച്ചു, വി.കെ.എന്നിന്റെ 'പ്രേമവും വിവാഹവും' എന്ന കഥ മുൻനിർത്തി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അപ്പുണ്ണി' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു ആ കൂടിച്ചേരൽ. നെടുമുടിവേണു പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വേഷം പ്രേക്ഷകശ്രദ്ധ നേടി. പിന്നീടങ്ങോട്ട് മലയാളിയുടെ ജീവിതം തുറന്നുകാണിച്ച നിരവധി സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ പിറന്നു.
കളിയിൽ അല്പം കാര്യം, അടുത്തടുത്ത്, അധ്യായം ഒന്നു മുതൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, രേവതിക്കൊരു പാവക്കുട്ടി...സിനിമയിൽ സജീവമാകുന്ന മോഹൻലാലിന് ചെറുതും വലുതുമായ വേഷങ്ങൾ നൽകി സത്യൻ അന്തിക്കാട് മുന്നോട്ടുനീങ്ങി. മോഹൻലാൽ എന്ന നടന്റേയും സംവിധായകനായ സത്യൻ അന്തിക്കാടിന്റേയും വളർച്ചയുടെ കാലമായിരുന്നു അത്.
അന്തിക്കാട് സിനിമകളിൽ ഗ്രാമീണകഥാപാത്രങ്ങളായി ശങ്കരാടിയും ഒടുവിൽ ഉണ്ണിക്കൃഷ്ണനും നെടുമുടിവേണുവും ഇന്നസെന്റും മാമുക്കോയയും കെ.പി.എ.സി.ലളിതയുമെല്ലാം നിറഞ്ഞുനിന്നപ്പോൾ അവിടെയെല്ലാം നായകനായി മോഹൻലാൽ തിളങ്ങി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രാരാബ്ദക്കാരനായ ബാലഗോപാലന്റെ കഥ പറഞ്ഞ 'ടി.പി. ബാലഗോപാലൻ എം.എ'യിലൂടെ മോഹൻലാലിനേയും സത്യൻ അന്തിക്കാടിനേയും തേടി സംസ്ഥാനപുരസ്‌ക്കാരം എത്തി. അന്തിക്കാടിന്റെ കഥയ്ക്ക് കരുത്തുപകർന്ന് രചയിതാവായി ശ്രീനിവാസൻ കൂടിയെത്തിയപ്പോൾ മലയാളസിനിമയിൽ അതൊരു പുതിയകൂട്ടുകെട്ടിന് തുടക്കമായി. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്,
സൻമനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്... മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മൂവർസംഘം കുതിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ലാലിനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും, അടുത്തസിനിമയിലും അയാൾ തന്നെ വേണമെന്നൊരു തോന്നൽ മനസ്സിൽ ഉയരുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. സിനിമയിൽ അനുഭവിച്ച മൂന്നുസൗഭാഗ്യങ്ങളെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും അന്തിക്കാട് വിവരിക്കാറുണ്ട്. താൻ എഴുതിയ വരികൾ യേശുദാസ് പാടിയതും, ഇളയരാജ എന്ന അദ്ഭുതപ്രതിഭാസത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും, മോഹൻലാലിനെ ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ കഴിഞ്ഞതുമാണ് അദ്ദേഹത്തെ സന്തോഷിപ്പിച്ച ആ മൂന്നു കാര്യങ്ങൾ.
സ്വന്തം സിനിമകളുടെ തിരക്കുകളുമായി മുന്നോട്ടുകുതിച്ച ലാലും സത്യനും പിന്നീട് വലിയൊരിടവേളയ്ക്കുശേഷം 'പിൻഗാമി'യിലൂടെ ഒന്നിച്ചു. മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോനായെത്തിയ ചിത്രം, അതുവരെയുള്ള അന്തിക്കാട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊന്നായിരുന്നു. റിവഞ്ച് ത്രില്ലറായ അത്തരമൊരു സിനിമ പ്രേക്ഷകർ സംവിധായകനിൽനിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
സത്യൻ അന്തിക്കാട് ചിത്രത്തിൽ കുറുമ്പും കുസൃതിയും നിറഞ്ഞ മോഹൻലാലിനെ കാണാനാണ് പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്നത്. രസതന്ത്രവും, ഇന്നത്തെ ചിന്താവിഷയവും, സ്‌നേഹവീടും, എന്നും എപ്പോഴും കടന്ന് ഹൃദയപൂർവ്വവും തിയേറ്ററുകളിലെത്തിയിരിക്കുന്നു. പ്രേക്ഷകർ കാണാൻ കൊതിച്ച ലാലിനെ വീണ്ടും അവതരിപ്പിക്കാൻ കഴിഞ്ഞ സന്തോഷമാണ് ഇത്തവണയും സംവിധായകൻ പങ്കുവെച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Journey of the iconic duo Mohanlal and Sathyan Anthikad in Malayalam cinema, from their first film to their latest releases