ആലിയയുടെ മകളെയും ഉറക്കുന്ന ' ഉണ്ണി വാവാവോ' ; പനി കിടക്കയില്‍ മോഹന്‍ സിതാര ഇട്ട സംഗീതം

മകളായ റാഹയെ ഉറക്കാന്‍ വേണ്ടി താനും ഭര്‍ത്താവ് റണ്‍ബീറും ' ഉണ്ണിവാവാവോ...' എന്ന മലയാളഗാനം പഠിച്ച കഥ കഴിഞ്ഞ ദിവസമാണ് ആലിയ ഭട്ട് പറഞ്ഞത്. 'ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ തന്റെ ജീവിതത്തില്‍ നടന്ന ഏറെ കൗതുകകരമായ ഈ പാട്ടുപഠിക്കലിനെ കുറിച്ച് ആലിയ തുറന്നുപറഞ്ഞത്.
മകളായ റാഹയെ പരിചരിക്കാന്‍ ഒരുസ്ത്രീ വന്നപ്പോള്‍ മുതല്‍ തങ്ങളുടെ വീട്ടില്‍ 'ഉണ്ണി വാവാവോ' എന്ന പാട്ട് നിറഞ്ഞെന്നും പിന്നീട് ഉറങ്ങാന്‍ സമയമാകുമ്പോള്‍ മകള്‍ ഈ ഗാനത്തിനായി ആവശ്യപ്പെടാന്‍ ആരംഭിച്ചെന്നും ആലിയ പറയുന്നു. അതിനാല്‍ താനും റണ്‍ബീറും ഈ താരാട്ട് പാട്ട് പഠിച്ചെന്നും ആലിയ പറയുന്നു. മലയാളചിത്രമായ 'സാന്ത്വന'ത്തിലെ 'ഉണ്ണി വാവാവോ' എന്ന ഗാനം ആലിയ എന്ന അമ്മയെ മാത്രമല്ല, സംഗീതം അറിയുന്ന ഏതൊരു മാതാപിതാക്കളെയും മയക്കുന്ന താരാട്ട് പാട്ടാണ്.
ഈ പാട്ട് പിറന്നതിന് പിന്നില്‍ കൗതുകകരമായ ഒരുകഥ കൂടിയുണ്ട്. ഈ പാട്ടിന് സംഗീതം നല്‍കുന്നതിന്റെ തലേദിവസങ്ങളില്‍ തനിക്ക് കടുത്ത പനിയായിരുന്നെന്നും ഈ ക്ഷീണത്തില്‍ അമ്മയുടെ മടിയില്‍ കിടന്ന കുട്ടിക്കാലം ഓര്‍ത്താണ് സംഗീതം ഒരുക്കിയതെന്നും മോഹന്‍ സിതാര പറയുന്നു.
'സിബി മലയില്‍ സംവിധാനം ചെയ്ത 'സാന്ത്വനം' എന്ന സിനിമയുടെ കംമ്പോസിങ് ആലുവ പാലസിലായിരുന്നു. ആദ്യ ദിവസങ്ങളില്‍ എനിക്ക് കടുത്ത പനിയായിരുന്നു. എഴുന്നേല്‍ക്കാനും നില്‍ക്കാനുമെന്നും പറ്റാത്ത അവസ്ഥ. സംഗീതം ചെയ്യാനിരുന്നപ്പോള്‍ ഒന്നും ശരിയാകുന്നില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ അമ്മയുടെ മടിയില്‍ കിടന്ന കുട്ടിക്കാലത്തെ കുറിച്ചോര്‍ത്തു. അന്ന് അമ്മ മൂളിയ ഏതൊക്കെയോ താരാട്ട് പാട്ടുകള്‍ വീണ്ടും ഹൃദയത്തില്‍ നിന്ന് താളമിടുന്നതായി തോന്നി. അതെല്ലാം കൂടി മനസ്സില്‍ നിന്ന് ഒരുമിപ്പിച്ചെടുത്തപ്പോള്‍ ഉണ്ടായ ട്യൂണാണ് 'ഉണ്ണി വാവാവോ' എന്ന പാട്ടിന്റേത്.
ട്യൂണ്‍ ഇട്ട ശേഷം എഴുതിയൊരു പാട്ടാണത്. കൈതപ്രം നല്ല വരികള്‍ തന്നെ എഴുതി തന്നു. മദ്രാസിലെ എവിഎം സ്റ്റുഡിയിലായിരുന്നു ഈ പാട്ടിന്റെ റെക്കോഡിങ്. ലൈവ് റെക്കോഡിങ്ങായതിനാല്‍ ഓരോ ബൂത്തിലും ഹാളിലുമായാണ് വാദ്യോപകരണങ്ങള്‍ ക്രമീകരിച്ചത്. റെക്കോഡിങ് തുടങ്ങിയപ്പോള്‍ പെട്ടെന്ന് ഒരുബൂത്തില്‍ നിന്ന് 'കിച്ച് കിച്ച്' എന്നൊരു അപശബ്ദം. ഞാന്‍ കട്ട് പറഞ്ഞ് എന്താണ് പ്രശ്‌നം ഒന്നുചോദിച്ചു. 'സോറി സാര്‍, തുടങ്ങാം പ്രശ്‌നമൊന്നുമില്ല' എന്ന് ആരോ പറയുന്നുണ്ട്. വീണ്ടും റെക്കോഡിങ് തുടങ്ങിയപ്പോള്‍ സമാനശബ്ദം. എനിക്ക് ദേഷ്യം വന്നു.
ഞാന്‍ കട്ട് പറഞ്ഞ് ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. തബലവായിക്കുന്ന ബൂത്തിലാണ് പ്രശ്‌നം എന്നെനിക്ക് തോന്നി. നേരെ അവിടേക്ക് ചെന്നപ്പോള്‍ ഒരാള്‍ മദ്യലഹരിയില്‍ ഇരുന്ന് കുഴയുകയാണ്. അയാളുടെ കൈയിലൊരു ചിലങ്കയുണ്ട്, അതിട്ട് അടിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ അയാളെ മാറ്റി വീണ്ടും റെക്കോര്‍ഡ് ചെയ്തു. 'സാന്ത്വനം' ഇറങ്ങിയപ്പോള്‍ എല്ലാ പാട്ടുകളും ഹിറ്റായി മാറി. 'ഉണ്ണി വാവാവോ', "സ്വര കന്യകമാര്‍ വീണ മീട്ടുകയായ്'.. അങ്ങനെ. ഇന്നും ഒരുപാട് വീടുകളില്‍ അമ്മമാര്‍ കുട്ടികള്‍ക്ക് പാടിക്കൊടുക്കുന്നു എന്നറിയുമ്പോള്‍ വല്ലാത്തൊരു സന്തോഷം.''
Content Highlights: mohan sithra telling story behind song unni vavavo malayalam lullaby alia bhatt