ബോളിവുഡില്‍ തരംഗമായി ഉണ്ണി മുകുന്ദന്‍; വയലന്‍സില്‍ 'അനിമലി'നൊപ്പമെന്ന് പ്രേക്ഷകര്‍

ഉണ്ണി മുകുന്ദന്‍ / IMDb
ഉണ്ണി മുകുന്ദന്‍ / IMDb

ബോളിവുഡിലും തരംഗമായി ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് സിനിമ. ഹിന്ദി ബെല്‍റ്റിന്റെ പ്രശംസകളും ഏറ്റുവാങ്ങുകയാണ് സിനിമ. 'മാര്‍ക്കോ'യ്ക്ക് ലഭിക്കുന്ന ഞെട്ടിക്കുന്ന പ്രശംസ മറ്റൊരു സിനിമയ്ക്കും ലഭിച്ചതായി താന്‍ കേട്ടിട്ടില്ലെന്നാണ് രാംഗോപാല്‍ വര്‍മ എക്‌സില്‍ കുറിച്ചത്. 

കീര്‍ത്തി സുരേഷ് നായികയായ ഹിന്ദി ചിത്രം 'ബേബി ജോണി'നെ വരെ പിന്തള്ളിയാണ് 'മാര്‍ക്കോ' കുതിക്കുന്നത്. മുംബൈയിലെ പല തിയേറ്ററുകളും 'ബേബി ജോണി'ന്റെ ഷോയുടെ എണ്ണം വെട്ടിച്ചുരുക്കി, 'മാര്‍ക്കോ'യുടെ എണ്ണം വര്‍ധിപ്പിച്ചു. 'മാര്‍ക്കോ'യുടെ ഹിന്ദി പതിപ്പ് ബോളിവുഡ് പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് 'ബോളിവുഡ് ഹംഗാമ' റിപ്പോര്‍ട്ട് ചെയ്യുന്നു.  

മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള സിനിമ എന്ന പേരിലാണ് 'മാര്‍ക്കോ' ഇറങ്ങിയത്. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയത്. ഹിന്ദിയില്‍ ഈയിടെ ഇറങ്ങിയ ഏറ്റവും കൂടുതല്‍ വയലന്‍സുള്ള സിനിമയാണ് റണ്‍ബീര്‍ കപൂര്‍ നായകനായ 'അനിമല്‍'. ആ സിനിമയോടാണ് പല പ്രേക്ഷകരും ഉണ്ണി മുകുന്ദന്റെ സിനിമയെ താരതമ്യപ്പെടുത്തുന്നത്. ബോക്‌സോഫീസില്‍ 57 കോടിയും കടന്ന് കുതിക്കുകയാണ് സിനിമ.
 

Content Highlights: marco is dominating in mumbai and delhi