ക്ഷീരകര്‍ഷകര്‍ രണ്ടുരൂപ വീതം നല്‍കി നിര്‍മിച്ച സിനിമ; ആ സിനിമ വിജയിപ്പിച്ചതും അവര്‍ തന്നെ

അങ്കുര്‍, ഭൂമിക, നിഷാന്ത്, മന്തന്‍...ശ്യാം ബെനഗല്‍ എന്ന ചലച്ചിത്രകാരനെ രേഖപ്പെടുത്താന്‍ ഈ സിനിമകള്‍ തന്നെ ധാരാളം. പുറത്തിറങ്ങി 48 വര്‍ഷങ്ങള്‍ക്കിപ്പുറം 'മന്തന്‍' വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ പ്രത്യേക സ്‌ക്രീനിങ് നടത്തിയതോടെയാണത്.
ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് 1976-ല്‍ റിലീസായ 'മന്തന്‍'. ഡോ.വര്‍ഗീസ് കുര്യന്റെ ധവളവിപ്ലവത്തെ അടിസ്ഥാനമാക്കിയാണ് ബെനഗല്‍ സിനിമ നിര്‍മിച്ചത്. സിനിമയുടെ ഷൂട്ടിങ് ഗുജറാത്തിലായിരുന്നു, അഭിനേതാക്കളിലേറെയും ഗ്രാമീണര്‍ തന്നെ. അതിനൊപ്പം ഗിരീഷ് കര്‍ണാട്, സ്മിത പാട്ടീല്‍, നസീറുദ്ദീന്‍ ഷാ, അനന്ത് നാഗ്, അംരിഷ് പുരി...വലിയ താരനിര വേറെയും. മാത്രമല്ല, സിനിമയുടെ നിര്‍മാതാക്കളും ആ നാട്ടിലെ ക്ഷീരകര്‍ഷകര്‍ തന്നെ. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ക്രൗഡ് ഫണ്ട് സിനിമയെന്ന സവിശേഷതയും 'മന്തന്' ലഭിച്ചു.
രണ്ടുരൂപ മാറ്റിവെച്ചാല്‍
ഗ്രാമത്തിലെ ഓരോ ക്ഷീരകര്‍ഷകനും ദിവസവും രാവിലെയും വൈകുന്നേരവും പാലുമായി ശേഖരണകേന്ദ്രങ്ങളിലെത്തും, കൊടുക്കുന്ന പാലിന് പണവും ലഭിക്കും. അങ്ങനെ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച സമയത്താണ് ശ്യാം ബെനഗല്‍ സിനിമ നിര്‍മിക്കാനൊരുങ്ങുന്നത്. പക്ഷേ പണമായിരുന്നു പ്രശ്‌നം. ബജറ്റ് തീരെയില്ല, നിര്‍മാതാക്കളെ കിട്ടാനുമില്ല.
ശേഖരണകേന്ദ്രങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്ന തുകയില്‍നിന്ന് രണ്ടുരൂപ സിനിമ നിര്‍മിക്കാനായി മാറ്റിവെച്ചാലോ എന്ന ചിന്ത വര്‍ഗീസ് കുര്യനാണ് ആദ്യം പങ്കുവെച്ചത്. അവരുടെ കഥയാണ് സിനിമ പറയുന്നത് എന്നതിനാല്‍ കര്‍ഷകര്‍ക്കും സമ്മതമായിരുന്നു. അങ്ങനെ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ഓരോ ക്ഷീരകര്‍ഷകനും രണ്ടുരൂപ വീതം മാറ്റിവെച്ചു.
ഗ്രാമവാസികളുടെ വീട്ടില്‍ത്തന്നെയാണ് അഭിനേതാക്കളെല്ലാം താമസിച്ചത്. അക്കാലത്തെ കുറിച്ച് പിന്നീട് നസിറുദ്ദീന്‍ ഷാ ഓര്‍ത്തെടുത്തു. ''ഒരു കുടിലിലായിരുന്നു താമസം. ആ സിനിമയ്ക്കായി ചാണകവറളിയുണ്ടാക്കാനും പശുവിനെ കറക്കുന്നതുമൊക്കെ പഠിച്ചു. യൂണിറ്റിലുള്ളവര്‍ക്കുള്ള പാല്‍ നിറച്ച ബക്കറ്റുംകൊണ്ട് ലൊക്കേഷനിലേക്ക് നടന്നിട്ടുണ്ട് പല ദിവസങ്ങളിലും. കഥാപാത്രത്തിനാവശ്യമായ ശാരീരികക്ഷമത കിട്ടാന്‍ വേണ്ടിയായിരുന്നുവത്''.
വിജയിപ്പിച്ചതും കര്‍ഷകര്‍ തന്നെ
സിനിമ നിര്‍മിക്കുന്നതില്‍ മാത്രമല്ല, വിജയിപ്പിക്കുന്നതിലും കര്‍ഷകരുടെ വലിയ പങ്കുണ്ട്. സിനിമ റിലീസായപ്പോള്‍ അവര്‍ തിയേറ്ററുകളിലേക്ക് ഒഴുകി. കാളവണ്ടിയിലും മറ്റുമാണ് അവര്‍ സംഘമായെത്തിയത്. അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ സിനിമയെക്കുറിച്ചറിഞ്ഞു. അങ്ങനെ വന്‍വിജമായി മാറുകയും ചെയ്തു. മാത്രമല്ല 1977-ലെ മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയപുരസ്‌കാരം 'മന്തന്' ലഭിച്ചു. ഇതിന്റെ തിരക്കഥാകൃത്ത് വിജയ് ടെണ്ടുല്‍ക്കറിന്, മികച്ച തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരവും കിട്ടി.
കാന്‍സിലേക്ക് എത്തുമ്പോള്‍
വര്‍ഷങ്ങള്‍ക്കിപ്പുറം കേടുപാടുകള്‍ സംഭവിച്ച ഒരു നെഗറ്റീവും നിറംമങ്ങിയ രണ്ട് പ്രിന്റുകളും മാത്രമേ 'മന്ത'ന്റേതായി ഉണ്ടായിരുന്നുള്ളു. അതില്‍നിന്ന് പ്രിന്റ് പുനസ്ഥാപിച്ചെടുക്കുകയായിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഇതിനു പിന്നില്‍. പ്രത്യേകസ്‌ക്രീനിങ്ങിനായി നസിറുദ്ദീന്‍ ഷാ, സ്മിത പാട്ടീലിന്റെ മകനും അഭിനേതാവുമായ പ്രതീക് ബബ്ബാര്‍, വര്‍ഗീസ് കുര്യന്റെ മകള്‍ നിര്‍മല കുര്യന്‍ തുടങ്ങിയവരും കാനിലെത്തിയിരുന്നു.
Content Highlights: manthan, india's first crowd fund movie