ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്, സാഗറിനെ കൈവിട്ടുകളയല്ലേ, ഒരമ്മയെ പോലെ കൂടെ നില്‍ക്കണമെന്ന്

സീരിയലില്‍ അമ്മയും മകനുമായി അഭിനയിച്ച രണ്ടുപേര്‍. കഥാപാത്രങ്ങളെ അഴിച്ചുവെച്ചിട്ടും അവരാ ബന്ധത്തിന്റെ മനോഹര വിസ്മയത്തില്‍ മുഴുകി ജീവിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും അത്ഭുതവും സന്തോഷവും. തട്ടീം മുട്ടീം സീരിയലിലെ അമ്മ വേഷക്കാരി മനീഷയും മകനായി അഭിനയിച്ച സാഗര്‍ സൂര്യയുമാണ് ആ അമ്മയും മകനും. അമ്മ നഷ്ടപ്പെട്ട സാഗറിന് അഭിനയജീവിതത്തില്‍ കിട്ടിയ സ്‌നേഹനിധിയായ അമ്മയായി മനീഷ. ബിഗ് ബോസ് റിയാലിറ്റി ഷോയിലും കലര്‍പ്പില്ലാത്ത ഈ അമ്മ-മകന്‍ സ്‌നേഹഗാഥ പ്രേക്ഷകര്‍ കണ്ടു. ബിഗ്ബോസില്‍ നിന്നും പുറത്തായശേഷം കൊച്ചിയില്‍ ഗൃഹലക്ഷ്മിക്കായി അവര്‍ വീണ്ടുമൊരുമിക്കുകയാണ്.
''സാധാരണ ഷൂട്ടിങ്ങിനൊക്കെ പോവുമ്പോള്‍ ഇവന്റെ പ്രായത്തിലുള്ള പിള്ളേര് എന്നെ ചേച്ചി എന്നാണ് വിളിക്കാറ്. പക്ഷേ, എന്തോ ഇവനെന്നെ ഇതുവരെ ചേച്ചി എന്ന് വിളിച്ചിട്ടില്ല. ഉള്ളിന്റെയുള്ളില്‍ ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു കണക്ഷനുണ്ട്.'' മനീഷ പറഞ്ഞുതുടങ്ങി
ബിഗ്ബോസില്‍ നിങ്ങള്‍ 'അമ്മക്കിളി' സ്ട്രാറ്റജി കളിച്ചെന്നാണല്ലോ ആരോപണം?
മനീഷ: ബിഗ്ബോസിലേക്ക് പോവുന്നതിന് മുന്നേ സാഗര്‍ പറഞ്ഞിരുന്നു, അവിടെ ഞാന്‍ ചേച്ചിയമ്മേ എന്നാവും വിളിക്കുകയെന്ന്. നീ എന്നെ അമ്മേ എന്നല്ലേ വിളിക്കാറ്? അങ്ങനെ വിളിച്ചാലെന്താണ് കുഴപ്പമെന്ന് അപ്പോള്‍ ഞാന്‍ ചോദിച്ചതാണ്. പക്ഷേ, ബിഗ്ബോസില്‍ കയറിയതും ഇവന്‍ അമ്മേ... എന്നും വിളിച്ചോണ്ട് പിന്നെയും പിന്നാലെ വരുന്നു...
സാഗര്‍: ചേച്ചിയമ്മ എന്ന് വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് വിഷമമായെന്ന് എനിക്ക് തോന്നിയിരുന്നു. ഷോയില്‍ അമ്മയെ കണ്ടതും ചേച്ചിയമ്മയൊന്നും എന്റെ നാവിലേക്ക് വന്നതുമില്ല. ഇടയ്ക്കൊക്കെ ഞാന്‍ ദൂരെ നിന്ന് നോക്കും. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ, ഓക്കെ അല്ലേ എന്ന്.
മനീഷ: സാഗര്‍ എന്നൊരു മത്സരാര്‍ഥി അവിടെയില്ലായിരുന്നെങ്കില്‍ ഞാന്‍ വെറും ചേച്ചി മാത്രമായേനെ. സാഗര്‍ എന്നെ അമ്മേ എന്ന് വിളിച്ചതുകൊണ്ടാണ് ബാക്കിയുള്ളവരും അങ്ങനെ വിളിച്ചത്. അല്ലാതെ ഇത് സ്ട്രാറ്റജിയൊന്നുമായിരുന്നില്ല. എന്നെ അറിയുന്ന ഒരുപാടുപേര്‍ പറഞ്ഞിട്ടുണ്ട്, സാഗറിനെ കൈവിട്ടുകളയല്ലേ, ഒരമ്മയെ പോലെ കൂടെ നില്‍ക്കണം എന്ന്.
മറ്റ് മത്സരാര്‍ഥികളുമായുള്ള അടുപ്പം നിങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ചര്‍ച്ചാവിഷയമായിട്ടുണ്ടോ?
മനീഷ: റിനോഷ് എന്റെ സുഹൃത്താണ്. നീ എനിക്ക് മകനെപ്പോലെയല്ല എന്ന് റിനോഷിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ജുനൈസിനെ ഞാന്‍ മകനെപ്പോലെയാണ് കണ്ടത്.
സാഗര്‍: അമ്മയ്ക്ക് സ്നേഹിക്കാനറിയാം. വലിയ മക്കളെ കുഞ്ഞുകുട്ടികളെ പോലെ ലാളിക്കും. പുറത്തുള്ളവര്‍ക്ക് ചിലപ്പോള്‍ ഓവറായിട്ടൊക്കെ തോന്നിയേക്കാം. പക്ഷേ, ഞാനത് ആസ്വദിക്കുന്നുണ്ട്. പിന്നെ പ്രൊഫഷണലായും അമ്മ അടിപൊളിയാണ്.
മനീഷ: ബിഗ്ബോസില്‍ കണ്ടതുപോലെ അല്പം ഇമോഷണലാണ് ഞാന്‍. തട്ടീം മുട്ടീം ചെയ്യുന്നതിനിടയ്ക്ക് ഇവന് വഴക്ക് കിട്ടുമ്പോള്‍ മാറി നിന്ന് ഞാന്‍ വിഷമിച്ചിട്ടുണ്ട്. ഇവന്റെ സ്ഥാനത്ത് എന്റെ മോനാണ് നില്‍ക്കുന്നതെങ്കില്‍ എനിക്ക് എന്തുമാത്രം ഫീല്‍ ചെയ്യും. ഇവന്‍ ഡയലോഗ് പറയുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കും,തെറ്റല്ലേ എന്ന്.
സാഗര്‍: ഒരുപാട് ചീത്തയും കളിയാക്കലും കേട്ടിട്ടാണ് ഇവിടെവരെ എത്തിയത്. തട്ടീം മുട്ടീം സീരിയലിന്റെ ആദ്യ ദിവസം തന്നെ വഴക്ക് കേട്ടു. സിനിമ ചെയ്യുന്നത് കുറച്ചൂടെ എളുപ്പമാണ്. സ്‌ക്രിപ്റ്റ് പഠിച്ച് പറയാം. ഇവിടെ നല്ല കൗണ്ടറുകള്‍ വരുമ്പോള്‍ തിരിച്ചടിക്കണം. മഞ്ജു ചേച്ചിക്കും നസീര്‍ക്കയ്ക്കുമൊപ്പം പിടിച്ചുനില്‍ക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. ആറേഴ് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് സിനിമയിലേക്ക് അവസരം കിട്ടി. 'ഉപചാരപൂര്‍വം ഗുണ്ടാജയന്‍'. പക്ഷേ, ഷൂട്ട് കഴിഞ്ഞപ്പോള്‍ കൊറോണ വന്നു. തിയേറ്റര്‍ തുറന്നാല്‍ നമുക്ക് ഒന്നിച്ചിരുന്ന് പടം കാണണമെന്ന് ഞാന്‍ അമ്മയോട് പറയുമായിരുന്നു. ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് 'കുരുതിയി'ലേക്ക് വിളിച്ചത്. അതുകഴിഞ്ഞ് 'കാപ്പ'യിലും 'ജനഗണമന'യിലുമൊക്കെ നല്ല വേഷങ്ങള്‍ കിട്ടി. അമ്മക്കൊപ്പം ഒന്നിച്ചിരുന്ന് സിനിമ കാണണമെന്നതായിരുന്നു വലിയ ആഗ്രഹം. അത് നടന്നില്ല. അമ്മ മരിച്ചിട്ട് രണ്ട് വര്‍ഷമായി.
അമ്മയ്ക്കു വേണ്ടിയാണ് സാഗര്‍ ബിഗ്ബോസിലേക്ക് പോയതെന്ന് പറഞ്ഞിരുന്നല്ലോ...
സാഗര്‍: അമ്മ (മിനി) ബിഗ്ബോസിന്റെ കട്ടഫാനായിരുന്നു. തട്ടീം മുട്ടീം സീരിയലില്‍ ഞാനഭിനയിക്കുമ്പോഴും അമ്മ കണ്ടിരുന്നത് ബിഗ്ബോസാണ്. ഞാന്‍ എന്നെങ്കിലും ബിഗ്ബോസില്‍ വരും, നോക്കിക്കോ എന്ന് അന്നേ അമ്മയോട് പറയുമായിരുന്നു. പക്ഷേ, കാണാന്‍ അമ്മയുണ്ടായില്ല.
അമ്മയുടെ ആഗ്രഹം നടത്താനായി പരിശ്രമിച്ചപ്പോള്‍ അതിനൊപ്പം കിട്ടിയതാണ് എന്റെ പ്രൊഡക്ഷന്‍ കമ്പനി. ആ കമ്പനിയിലാണ് അനിയനും ജോലി. ഞങ്ങളുടെ വീട്ടില്‍ ജോലിക്ക് വരുന്ന ചേച്ചിക്ക് വീടുവെച്ച് നല്‍കണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. സര്‍ക്കാരില്‍ നിന്ന് കിട്ടിയ തുകയ്ക്ക് പുറമേ ബാക്കി തുക ഞങ്ങളെല്ലാവരും ചേര്‍ന്ന് സ്വരൂപിച്ചു. അമ്മ ആഗ്രഹിച്ചതുപോലെ അത് ചെയ്യാന്‍ പറ്റി. അതിലൂടെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കുറച്ച് ആളുകളെയും കിട്ടി.
ബിഗ്ബോസില്‍ നിന്നും വേഗത്തില്‍ പടിയിറങ്ങേണ്ടി വന്നപ്പോള്‍ വിഷമം തോന്നിയോ?
സാഗര്‍: അമ്മ പുറത്ത് പോയപ്പോള്‍ ശരിക്കും ഞാന്‍ ഒന്ന് പകച്ചുപോയിരുന്നു. അമ്മയുടെ വലിയ സ്വപ്നമായിരുന്നു ആ ഷോ.
മനീഷ: ഞാനും പ്രതീക്ഷിച്ചിരുന്നില്ല. അവിടെ സെയ്ഫ് ഗെയിം കളിച്ച് നടന്ന പലരുമുണ്ടായിരുന്നു. സാഗറിനോട് കാണിച്ചതും അനീതിയാണെന്ന് തോന്നിയിട്ടുണ്ട്. എന്നാലും ജനങ്ങള്‍ക്കിടയില്‍ സാഗര്‍ മികച്ചൊരു മത്സരാര്‍ഥിയായും കലാകാരനായും മനുഷ്യനായും എത്തിക്കഴിഞ്ഞു. അതാണല്ലോ ഈ ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്.
സാഗര്‍: ബിഗ്ബോസിന് ശേഷം മിനിസ്‌ക്രീനിനും ബിഗ്സ്‌ക്രീനിനും അപ്പുറത്തുള്ള കുറച്ച് പ്രേക്ഷകരെ എനിക്ക് കിട്ടി. പിന്നെ, ഞാന്‍ ബിഗ്ബോസില്‍ പോയിട്ട് ആരെയും വഞ്ചിച്ചിട്ടില്ല. കൂടെയുണ്ടായിരുന്നവരെ പിന്തുണച്ചിട്ടേയുള്ളൂ. എന്തൊക്കെ പറഞ്ഞാലും അതൊരു മത്സരമാണ്. അവിടെ നടന്ന ചില കാര്യങ്ങളില്‍ എനിക്ക് വിഷമം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാന്‍ മാനസികമായി കുറച്ചൂടെ കരുത്തനായി. സ്വയം സ്നേഹിക്കാന്‍ തുടങ്ങി.
മനീഷ: സത്യത്തില്‍ ഇവനൊരു പാവമാണ്. പൊതുവെ ആരുടെ കാര്യത്തിലും തലയിടാത്ത വ്യക്തി. സെറ്റില്‍ വന്നാലും ഏതെങ്കിലും മൂലയില്‍ ഇരിക്കും. ബിഗ്ബോസ് എന്ന ഷോയുടെ സ്വഭാവത്തിനനുസരിച്ചാണ് അവന്‍ അവിടെ നിന്നത്.
സാഗറിന് സെറീനയെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹമുണ്ടോ?
മനീഷ: അവര്‍ ചെറുപ്പക്കാരല്ലേ, പ്രായപൂര്‍ത്തിയായവരല്ലേ. അവര്‍ പ്രണയിക്കുന്നെങ്കില്‍ പ്രണയിച്ചോട്ടെ. അതിനിപ്പോ എന്താ കുഴപ്പം?
സാഗര്‍: എനിക്കവിടെ സൗഹൃദം ജുനൈസിനോടായിരുന്നു. പക്ഷേ, ചില സ്വരച്ചേര്‍ച്ചക്കുറവ് ഞങ്ങള്‍ക്കിടയിലുണ്ടായി. അമ്മയും ഷോയില്‍ നിന്ന് പോയി. ആ സമയത്താണ് സെറീനയോട് ഞാന്‍ അടുക്കുന്നത്. ആ കുട്ടി കഠിനാധ്വാനിയാണ്. എന്റെ ഒരുപാട് കാര്യങ്ങള്‍ അവള്‍ക്കറിയാം. അതുപോലെ അവളുടെ കാര്യങ്ങള്‍ എനിക്കും അറിയാം. എനിക്ക് വലിയ ഇഷ്ടമാണ് സെറീനയെ. കല്യാണം കഴിക്കാനോ പ്രണയിക്കാനോ അല്ല, വ്യക്തിപരമായി അടുപ്പം തോന്നുന്നൊരാളെന്നുമാത്രം.
ഇത്തരം ഷോകളില്‍ നിന്നുള്ള പ്രശസ്തി താത്കാലികമാണോ?
മനീഷ: പലരും സജീവമായിട്ട് ഫീല്‍ഡിലുള്ളതായി ഞാനും കണ്ടിട്ടില്ല. അതിന്റെ യഥാര്‍ഥ കാരണം അറിയില്ല. ബിഗ്ബോസ് ജനപ്രിയ പരിപാടിയാണെങ്കിലും അതിലെ മത്സരാര്‍ഥികളെ സംബന്ധിച്ച് ഒരുപാട് നെഗറ്റിവിറ്റി ജീവിതത്തില്‍ സംഭവിക്കാറുണ്ട്.
സാഗര്‍: ചിലര്‍ക്കെങ്കിലും അങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കും തോന്നിയിട്ടുണ്ട്. എനിക്കും ജുനൈസിനുമിടയില്‍ വന്ന പ്രശ്നങ്ങള്‍ എന്നെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്.
മനീഷ: ഈയടുത്ത് ജുനൈസ് മറ്റൊരു സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു, ഷിജു ചേട്ടനും മനീഷ ചേച്ചിയും തമ്മില്‍ ലൗവ് സ്ട്രാറ്റജിയുണ്ടെന്ന്. കാര്യങ്ങള്‍ കൃത്യമായിട്ടറിയുന്നൊരാളാണ് ജുനൈസ് എന്നാണ് ഞാന്‍ കരുതിയത്. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അറിയില്ല. പിന്നെ, എല്ലാം ക്ഷമിക്കാന്‍ പഠിച്ചു.
നെഗറ്റീവ് പബ്ലിസിറ്റിപിടിച്ചുകയറാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നവരില്ലേ.
മനീഷ: ഒരു ഷോയിലെ നെഗറ്റിവിറ്റിയെ ആസ്വദിക്കുന്നവരുമുണ്ട്. കലാകാരന് വേണ്ടത് പബ്ലിസിറ്റിയാണ്. അപ്പോള്‍ ജനങ്ങളിലേക്കെത്താന്‍ ഏറ്റവും മികച്ച വഴി ഇതുപോലുള്ള ഷോകളാണ്. ഒരു കലാകാരി എന്ന നിലയില്‍ എന്റെ കഴിവുകളെയും വ്യക്തിത്വത്തെയും തുറന്നു കാട്ടാനുള്ള പ്ലാറ്റ്ഫോമായിരുന്നു ബിഗ്ബോസ്. പബ്ലിസിറ്റിക്ക് പുറമെ വരുമാനം കൂടി ലഭിക്കും. അക്കാര്യത്തില്‍ പേളി മാണിയാണ് മാതൃക. ബിഗ്ബോസിലൂടെ ജീവിതം തുടങ്ങി അത്യധ്വാനത്തിലൂടെ, വളരെ പോസിറ്റീവായി അവര്‍ അവരുടെ കോണ്‍ട്രിബ്യൂഷന്‍സ് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുപോലെയാവാന്‍ കഴിയണം.
ഇടയ്ക്കുവെച്ച് പ്രതിസന്ധികളില്‍പെട്ടാലോ?
മനീഷ: എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് 48-ാമത്തെ വയസ്സില്‍ എത്തിനില്‍ക്കുകയാണ് ഞാന്‍. ഇനി എന്ത് തടസ്സം വന്നാലും അതും തരണം ചെയ്യാനുള്ള കെല്‍പ്പ് എനിക്കുണ്ട്.
സാഗര്‍: എം.ടെക് പഠനം കഴിഞ്ഞ് ജോലി തരാമെന്ന് ഒരാള്‍ എനിക്ക് പ്രതീക്ഷ തന്നു. എന്നാല്‍ പഠനത്തിനുശേഷം അയാള്‍ കൈയൊഴിഞ്ഞു. ആ നിരാശയുടെ പടുകുഴിയില്‍ നിന്നാണ് ഞാന്‍ തിയേറ്റര്‍ ആക്ടിങ്ങിലേക്ക് കടന്നത്. തിരിച്ചറിയാത്ത എന്തൊക്കെയോ കഴിവുകള്‍ എനിക്കുണ്ടെന്ന് അന്ന് മനസ്സിലായി. സുഹൃത്തുക്കളൊക്കെ ജീവിതം സുരക്ഷിതമാക്കുമ്പോള്‍ ഞാനിവിടെ ഒന്നുമില്ലാതെ നടപ്പായിരുന്നു. അത്രയും പൈസ മുടക്കി എന്നെ പഠിപ്പിച്ചിട്ടും ജോലി ഇല്ലാതിരുന്നിട്ടും വീട്ടില്‍ നിന്ന് ആരും ഒന്നും എതിര്‍ത്തിരുന്നില്ല. കുറച്ച് നാടകങ്ങളൊക്കെ ചെയ്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി രണ്ടുമൂന്ന് പടത്തിലും അഭിനയിച്ചു. പിന്നെ എനിക്ക് തന്നെ തോന്നി, ഇത് ഭയങ്കര പാടാണെന്ന്. അങ്ങനെ ഓസ്ട്രേലിയയില്‍ പോവാന്‍ തീരുമാനിച്ചു. ആ സമയത്താണ് തട്ടീം മുട്ടീം സീരിയലിലേക്കുള്ള കാസ്റ്റിങ് കോള്‍ കാണുന്നത്.
ഗായിക, റോഡിയോ ജോക്കി, നടി...മനീഷ ഈ മേഖലയില്‍ വളരെക്കാലമായി ഉണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?
മനീഷ: എനിക്ക് കിട്ടിയിട്ടുള്ള സൗഭാഗ്യങ്ങളില്‍ പകുതിപോലും എന്നേക്കാള്‍ നന്നായി കരിയറില്‍ തിളങ്ങിയവര്‍ക്ക് കിട്ടിയിട്ടില്ല. അവരില്‍ പലരും വീട്ടിലിരിപ്പുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഞാനിപ്പോഴും ലൈംലൈറ്റിലുണ്ട്. അതൊരു ഭാഗ്യമല്ലേ. വീട്ടുകാരെ ഉപേക്ഷിച്ച് എന്റെ ഇഷ്ടപ്രകാരം കല്യാണം കഴിച്ച് പോയതാണ്. എന്നിട്ടും ഒരുപാട് കാര്യങ്ങളില്‍ അവര്‍ കൂടെനിന്നു. സഹായിക്കാന്‍ ആരുമില്ല എന്ന് തോന്നുന്ന സമയത്ത് നമ്മള്‍ക്ക് ഒരു ധൈര്യമുണ്ടാക്കും. ആ ധൈര്യമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
സാഗറിന്റെ വിഷമങ്ങളൊക്കെ ഈ അമ്മയോട് പങ്കുവെക്കാറുണ്ടോ?
മനീഷ: ഇവന്‍ ഒരു കാര്യവും പറയില്ല. ഞാനൊക്കെ തുറന്ന പുസ്തകമാണ്. ഇവനോട് പ്രശ്നം പറയുമ്പോള്‍ വിട്ടേക്ക് സാരല്യമ്മേ എന്ന് ഒറ്റ ഉത്തരമേ ഉണ്ടാവൂ. അത് കേള്‍ക്കുമ്പോള്‍ ഒറ്റ അടിവെച്ചുകൊടുക്കാന്‍ തോന്നും.
സാഗര്‍: എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ ആരോടും പറയാറില്ല. എന്തിനാ വെറുതെ എന്നു തോന്നും. ബിഗ്ബോസില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പലരും ചോദിച്ചിട്ടുണ്ട്, അവിടെ കഷ്ടപ്പാടാണോ, ഭക്ഷണത്തിനൊക്കെ പ്രശ്നമാണല്ലോ എന്ന്. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ ലക്ഷ്വറിയാണ്. എന്റെ വീട്ടില്‍ പാവം, അമ്മാമ്മയ്ക്ക് ആവുന്നതുപോലെ ചെയ്യുന്നുണ്ട്. എന്നാലും അമ്മയുടെ അഭാവം ശരിക്കുമറിയുന്നുണ്ട്. അമ്മയുണ്ടായിരുന്നെങ്കില്‍ എനിക്ക് വേറൊരു ലെവലിലേക്ക് എത്താന്‍ കഴിഞ്ഞേനെ എന്നു തോന്നാറുണ്ട്.
ഇനി എന്നാണ് സ്‌ക്രീനില്‍ നിങ്ങളെ ഒന്നിച്ച് കാണാനാവുക?
മനീഷ: ഇത് കണ്ടിട്ട് ആരെങ്കിലും ഞങ്ങളെ വിളിക്കട്ടെ, അപ്പോ നോക്കാം. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ നാല് വര്‍ഷം ഞങ്ങള്‍ അമ്മയും മകനുമായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ സാഗറിനു പകരം അഭിനയിക്കുന്നത് വേറൊരു പയ്യനാണ്. അവന്‍ അമ്മേ, ഞാനാണ് പുതിയ മകന്‍ എന്നു പറഞ്ഞപ്പോള്‍, എനിക്ക് വല്ലാത്തൊരു സങ്കടമാണുണ്ടായത്.
സാഗര്‍: ഞാന്‍ ബിഗ്ബോസിലേക്ക് പോവുന്നതിനുമുമ്പ് തന്നെ തട്ടീം മുട്ടീം നിര്‍ത്തി. അവിടെ എനിക്ക് പകരമായി മറ്റൊരാള്‍ വന്നു. സാരമില്ല, മാറ്റം അനിവാര്യമാണല്ലോ. ഇനി ഓഗസ്റ്റില്‍ പുതിയ വര്‍ക്ക് തുടങ്ങാന്‍ പോവുകയാണ്. 'കാസര്‍ഗോഡ്' ആണ് ഇനി റിലീസാവുന്ന സിനിമ.
മനീഷ: എല്ലാ ഭാഷകളിലും നല്ല അവസരങ്ങള്‍ കിട്ടി ഇവന്‍ വലിയൊരു നടനായി വളരണം എന്നാഗ്രഹമുണ്ട്. ഇപ്പോള്‍ നഷ്ടപ്പെട്ടതിനേക്കാളും വിലമതിക്കുന്ന കാര്യങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടാവണം എന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന.
Content Highlights: maneesha and sagar surya