'ചുംബനസീനുകളിൽ അഭിനയിച്ചപ്പോൾ, പുരുഷൻമാർ കൂടുതൽ സ്വാതന്ത്ര്യം എടുക്കാൻ തുടങ്ങി'

ഹരിയാണയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന റീമ ലംബ. ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് അവർ മല്ലിക ഷെരാവത് എന്ന പേരിൽ ബോളിവുഡിലിടം പിടിച്ചത്. അവിടെയുള്ള പ്രമുഖമായ ജാട്ട് കുടുംബത്തിൽനിന്നുള്ള അംഗമാണ് മല്ലിക.
എന്നാൽ, ഹരിയാണയിൽനിന്ന് ബോളിവുഡ് വരെയുള്ള തന്റെ യാത്ര ഒട്ടും സുഖകരമായിരുന്നില്ലെന്ന് പറയുകയാണ് മല്ലിക ഇപ്പോൾ.
ഒരുവിഭാഗം ആളുകളും മാധ്യമങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് മല്ലിക പറയുന്നത്. ''അവരെന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. അത് എന്നെ ശരിക്കും വിഷമിപ്പിച്ചു. അവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പുരുഷന്മാർക്ക് എന്നോട് ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. സ്ത്രീകൾ എന്തിനാണ് എന്നോട് ഇത്ര മോശമായി പെരുമാറുന്നതെന്ന് എനിക്ക് ഇപ്പോഴുമറിയില്ല''. അതിനെ തുടർന്നാണ് താൻ രാജ്യം വിട്ടതെന്നും മല്ലിക പറയുന്നു. ഇന്ന് അമേരിക്കയിൽ സ്വസ്ഥവും ശാന്തവുമായി ജീവിക്കുകയാണ് അവർ.
ബോൾഡ് ഇമേജിന്റെയും തിരഞ്ഞെടുക്കുന്ന റോളുകളുടെയും പേരിൽ എന്നും ആരോപണം നേരിട്ട നടിയാണ് മല്ലിക.
''ഒരുപാട് ആരോപണങ്ങളുണ്ടായിരുന്നു എനിക്കുമേൽ. ഒരു ഷോർട്ട് സ്‌കർട്ട് ധരിച്ചാൽ, ചുംബനസീനിൽ അഭിനയിച്ചാൽ, ഒട്ടും ധാർമികതയില്ലാത്ത സ്ത്രീയാണെന്ന ആരോപണമുയരും. ചില പുരുഷൻമാരാണെങ്കിൽ, അതിന്റെ പേരിൽ കൂടുതൽ സ്വാതന്ത്ര്യം എടുക്കാൻ തുടങ്ങും. അതിനോട് നമ്മൾ 'നോ' പറഞ്ഞാൽ പ്രൊജക്ടുകൾ നഷ്ടപ്പെടാൻ തുടങ്ങും. എന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പല പ്രൊജക്ടുകളും അങ്ങനെ നഷ്ടപ്പെട്ടിരുന്നു എനിക്ക്''.
മോഡലിങ്ങിലൂടെയാണ് മല്ലിക സിനിമയിലേക്കെത്തുന്നത്. അമിതാഭ് ബച്ചനൊപ്പവും ഷാരൂഖ് ഖാനൊപ്പവും പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. അതിനൊപ്പം മ്യൂസിക് വീഡിയോകളും. പിന്നാലെ, 'ജീനാ സിർഫ് മേരെ ലിയേ' എന്ന സിനിമയിൽ ഒരു ചെറിയ റോൾ ചെയ്തു. റീമ ലംബ എന്ന പേരിൽ തന്നെയാണ് അവർ അഭിനയിച്ചതെല്ലാം. ആ സമയത്ത് റീമ എന്ന പേരിൽ മറ്റൊരു നടിയുള്ളതിനാൽ, അവർ പേര് മാറ്റുകയായിരുന്നു. എല്ലാ തീരുമാനങ്ങളിലും പിന്തുണച്ചത് അമ്മയാണ്. അതുകൊണ്ട് അമ്മയുടെ പേരായ, ഷെരാവത് തന്റെ പേരിനൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു.
സിനിമയെന്ന കരിയർ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ, അമ്മയൊഴിച്ച് കുടുംബം ഒന്നടങ്കം അതിനെ എതിർത്തു. പക്ഷേ, തന്റെ സ്വപ്‌നത്തിനുപിന്നാലെ പോകാൻ തന്നെ മല്ലിക തീരുമാനിച്ചു. 'ഖ്വായിഷ്' എന്ന സിനിമയിൽ നായികയായി. പിന്നാലെ, 'മർഡർ' എന്ന സിനിമയിലൂടെ 'ബോളിവുഡിന്റെ സെക്‌സ് സിംബലായി' മാറി.
തമിഴ്, കന്നഡ സിനിമകളിൽ ഐറ്റംഡാൻസറായും മല്ലിക എത്തി. 'ദ മിത്ത്', 'ടൈം റെയ്‌ഡേഴ്‌സ്' എന്നീ ചൈനീസ് ചിത്രങ്ങളിലും 'പൊളിറ്റിക്‌സ് ഓഫ് ലവ്', 'ഹിസ്' എന്നീ ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: mallika sherawat opens up about her challenging bollywood journey and facing harassment