പാട്ടിനെ അദ്ദേഹം വിമര്‍ശിച്ചതുകേട്ട് തോപ്പുംപടി പാലത്തില്‍നിന്ന് ചാടാന്‍ തോന്നി

ഷിബു ചക്രവര്‍ത്തി | Sidheekul akber
ഷിബു ചക്രവര്‍ത്തി | Sidheekul akber

ഴയ കൊച്ചിക്കാലം. കൊച്ചിയുടെ രാത്രികള്‍ വിജനമായിരുന്നു. പാതിരാത്രി സെക്കന്‍ഡ്‌ഷോ കഴിഞ്ഞ് ഷേണായീസില്‍നിന്ന് അവരവരുടെ താവളങ്ങളിലേക്കുള്ള ദൂരം ഒന്നിച്ച് നടന്നുതീര്‍ത്തിരുന്ന മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഡെന്നിസും അശോകനും ഷിബുവും. സിനിമ കഴിഞ്ഞ് ഷേണായീസിന്റെ പടികളിറങ്ങി തെരുവിലേക്കിറങ്ങുമ്പോള്‍ മൂവരുടെയും മനസ്സില്‍ സിനിമയും സംഗീതവും നിറയും. കാലം മുന്നോട്ട് കുതിച്ചപ്പോള്‍ സിനിമയ്ക്കവര്‍ സ്വന്തക്കാരായി... ഡെന്നിസ് ജോസഫ് തിരക്കഥാകൃത്തും സംവിധായകനുമായി. പരസ്യകല : ഗായത്രി എന്ന ടൈറ്റിലിനൊപ്പം അശോകനും സിനിമയിലേക്കെത്തി. ഷിബു പാട്ടുകളെഴുതി, തിരക്കഥകളെഴുതി... കൊച്ചിയില്‍നിന്ന് മലയാള സിനിമയിലേക്കെത്തിയ ഒരേയൊരു ചക്രവര്‍ത്തിയായി.

'ഗാനരചന ഷിബു ചക്രവര്‍ത്തി' ആകാശവാണി ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഷേണായീസില്‍നിന്ന് വെള്ളിത്തിരയിലേക്കുള്ള സംഭവബഹുലമായ യാത്ര. ഒട്ടേറെ മനോഹര ഗാനങ്ങള്‍. പുതുതലമുറയും ആ പാട്ടുകള്‍ ഏറ്റുപാടി. 'ചിത്ര'ത്തിലെ ഈറന്‍മേഘം എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ അടുത്തിടെ യുട്യൂബില്‍ കണ്ടു. എണ്‍പത്തെട്ടുലക്ഷം പേരാണ് അത് കണ്ടത്. പാട്ടിന്റെ ഈണവും ഓര്‍ക്കസ്ട്രയും എല്ലാം പുതിയതാണ്. എല്ലാം മാറിയെങ്കിലും അതിലാകെ മാറാത്തത് ആ പാട്ടിന്റെ വരികള്‍ മാത്രമാണ്. അതെഴുതിയത് ഞാനാണ്. മാറുന്ന കാലത്തും മാറാതെ നില്‍ക്കുന്നത് വരികള്‍ മാത്രമാണല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. പക്ഷേ, എവിടെയും എന്റെ പേര് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. അപ്പോള്‍ വല്ലാത്തൊരു അലോസരം തോന്നി. ഒരിക്കലുമത് പ്രശസ്തിയുടെ പ്രശ്‌നമല്ല. വരുമാനത്തിന്റെ പ്രശ്‌നമാണ്. അത് പാട്ടെഴുത്തുകാരെ അപമാനിക്കലാണ്. എഴുത്ത് ഉപജീവനമാര്‍ഗമാക്കിയ കുറേപ്പേരുണ്ട്. ക്രെഡിറ്റ് കൊടുക്കാതെ വരുന്നതോടെ അവര്‍ക്ക് കിട്ടേണ്ട വരുമാനമാണ് ഇല്ലാതാകുന്നത്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.'

ലേഔട്ട് ആര്‍ട്ടിസ്റ്റായി തുടക്കംകുറിച്ച ഷിബു ചക്രവര്‍ത്തി കാസെറ്റ് പാട്ടെഴുത്തിലേക്ക് തിരിയുകയും സിനിമയിലെത്തുകയുമായിരുന്നു. ശ്യാമയിലെ  'ചെമ്പരത്തിപ്പൂവേ' എന്ന പാട്ടില്‍ തുടങ്ങുന്ന ഹിറ്റുകളുടെ പരമ്പര. കണ്ണൂര്‍രാജനും എം.കെ. അര്‍ജുനനും എസ്.പി. വെങ്കിടേഷും ശ്യാമും രഘുകുമാറും ഔസേപ്പച്ചനും ഉള്‍പ്പെടെയുള്ള സംഗീത സംവിധായകരുമായുള്ള കൂട്ടുകെട്ടില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി ഗാനങ്ങള്‍ പിറന്നു. മനുഅങ്കിള്‍, ഓര്‍ക്കാപ്പുറത്ത്, അഥര്‍വം, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, എന്നിങ്ങനെ പതിനഞ്ചോളം സിനിമകള്‍ക്ക് തിരക്കഥകളൊരുക്കി. പിന്നീട് ഡോക്യുമെന്ററി വീഡിയോ പ്രൊഡക്ഷന്‍ രംഗത്തേക്ക് തിരിഞ്ഞു. ഇരുപതുവര്‍ഷത്തോളം വിവിധ ചാനലുകളില്‍ പ്രോഗ്രാം ഹെഡായി പ്രവര്‍ത്തിച്ചു.

ചക്കരമാവിന്‍ ചുവട്ടില്‍
 
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനടുത്താണ് വീട്. ഗേറ്റ് തുറന്നാല്‍ തണല്‍വിരിച്ചുനില്‍ക്കുന്നൊരു ചക്കരമാവ് കണ്ണില്‍പെടും. 'ഓര്‍മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...' എന്ന പാട്ടിന്റെ താളം ആ തണല്‍മരത്തിന്റെ ചലനത്തിന് ഉള്ളതുപോലെ. അലമാരകളില്‍ നിറഞ്ഞ പുസ്തകങ്ങള്‍. 'കുട്ടിക്കാലംമുതല്‍ വായനയുണ്ട്. കോളേജിലെത്തിയപ്പോഴേക്കും വായന ഫിലോസഫിയിലേക്ക് കടന്നു. എന്തും അവസാനിക്കുന്നത് തത്ത്വചിന്തയിലാണല്ലോ.' അദ്ദേഹം ഹരാരിയുടെ സാപ്പിയന്‍സിന്റെ താളുകള്‍ മറിച്ചു. ഭാര്യ ഷിജിയും മകന്‍ ശന്തനുവും ഒപ്പമുണ്ട്. മകള്‍ മാളവിക ഓസ്ട്രേലിയയില്‍ ആര്‍ക്കിടെക്റ്റാണ്. 'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു.  തുമ്പിപ്പെണ്ണേ വാ വാ..., 'കറുകവയല്‍ കുരുവി' തുടങ്ങിയ പാട്ടുകളൊക്കെ ഞങ്ങളുടെ പ്രണയത്തിന്റെ പശ്ചാത്തലസംഗീതമായിരുന്നു. ഇവള്‍ക്കായി എഴുതിയ പാട്ടുകളാണ് അവ.' അദ്ദേഹം പാട്ടുവഴിയിലേക്ക് കയറി.
 
'സിനിമാപരസ്യരംഗത്ത് പേരെടുത്ത പ്രവ്ദ ഔട്ട്‌ഡോര്‍ പബ്ലിസിറ്റി എന്ന സ്ഥാപനം അച്ഛന്റെ കുടുംബത്തിന്റേതായിരുന്നു. ആ വഴിക്കാണ് ഡെന്നിസ് ജോസഫിനെയും ഗായത്രി അശോകനെയും പരിചയപ്പെടുന്നത്. ഇടയ്ക്ക് ഗായത്രിയില്‍ പോകും. വെറുതേ ഇരിക്കുമ്പോള്‍ സ്ലൈഡ്‌സ് ഒക്കെ കളര്‍ചെയ്യാന്‍ തരും. എങ്കില്‍പിന്നെ അവിടെ ചെന്നിരുന്ന് പണിചെയ്തൂടേ എന്ന് അശോകന്‍ ചോദിച്ചു. അങ്ങനെ പ്രീഡിഗ്രിക്കാലത്ത് ഞാനവിടെ ജോലിക്ക് ചേര്‍ന്നു. അന്ന് പ്രസ്സില്‍ കൂടുതലായും പ്രിന്റിങ്ങിന് വന്നുകൊണ്ടിരുന്നത് കാസറ്റുകളുടെ കവറുകളായിരുന്നു. അക്കാലത്തെ ഹിറ്റ്ഗാനങ്ങളൊക്കെ ചേര്‍ത്ത് പല കമ്പനികളും കാസറ്റുകള്‍ ഇറക്കിക്കൊണ്ടിരുന്നു. എറണാകുളത്ത് കടകളുടെ ഏണിച്ചുവടുകള്‍ക്കുതാഴെ കാസറ്റ്വില്പന കാണും. എന്നാല്‍ വൈകാതെ ഈ അനധികൃത പാട്ടുവ്യാപാരത്തിന് പിടിവീണു. പകര്‍പ്പവകാശമുള്ള പാട്ടുകള്‍ അനുമതിയില്ലാതെ കാസറ്റുകളാക്കാന്‍ നിയമം അനുവദിക്കാതെയായി. അതോടെ ഏണിച്ചുവട്ടിലെ കടകളുടെ നില പരുങ്ങലിലായി. സിനിമയുമായി ബന്ധമില്ലാത്ത പുത്തന്‍പാട്ടുകള്‍ ഉണ്ടാക്കിവില്‍ക്കാതെ രക്ഷപ്പെടാന്‍ മറ്റുമാര്‍ഗങ്ങളില്ലാതായി.

പലരും ആ വഴി പരീക്ഷിച്ച് വിജയിച്ചു. ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും പ്രണയഗീതങ്ങളുമൊക്കെയാണ് പുറത്തിറക്കിയിരുന്നത്. ട്യൂണ്‍ അനുസരിച്ച് പാട്ടെഴുതാന്‍ ആളെകിട്ടാന്‍ ക്ഷാമം. പോളിഡോറിനുവേണ്ടി ഒരു ക്രിസ്തീയ ഭക്തിഗാനം എഴുതിക്കൊണ്ടായിരുന്നു തുടക്കം. അവിചാരിതമായി വന്നുചാടിയ അവസരമാണ്. കോട്ടയം ജോയ് ആയിരുന്നു സംഗീതം. രഞ്ജിനി കാസറ്റ്‌സ് ഉടമ ഉസ്മാന്‍ ചങ്ങാതിയാണ്. ഒരു പാട്ടെഴുതിക്കൊടുത്താല്‍ നൂറുരൂപ പ്രതിഫലം തരാമെന്ന് ഉസ്മാന്‍ പറഞ്ഞു. അന്ന് കുമ്മാട്ടിയിലൊക്കെ കുട്ടികള്‍ക്കുവേണ്ടി ഞാന്‍ ചിത്രകഥകള്‍ എഴുതാറുണ്ടായിരുന്നു. നാലും അഞ്ചും പേജൊക്കെ എഴുതിയാല്‍ എഴുപത്തഞ്ചുരൂപ. അങ്ങനെ നോക്കുമ്പോള്‍ പന്ത്രണ്ടുവരിക്ക് നൂറുരൂപ കിട്ടിയാല്‍ കോളല്ലേ. ഞാന്‍ സമ്മതിച്ചു. രഞ്ജിനി കാസറ്റ്‌സിനുവേണ്ടി കുറേ പാട്ടുകളെഴുതി.'

അങ്ങനെ ചക്രവര്‍ത്തിയായി
 
'പ്രീഡിഗ്രി കഴിഞ്ഞതും വീട്ടിലാരോടും പറയാതെ ഞാന്‍ മഹാരാജാസില്‍ ഫിലോസഫി പഠിക്കാന്‍ ചേര്‍ന്നു. ബി.കോമിന് അച്ഛന്‍ ഒരു കോളേജില്‍ സീറ്റ് ഉറപ്പിച്ച സമയത്തായിരുന്നു ഇത്. വീട്ടില്‍ ആകെ പ്രശ്‌നമായി. പഠിക്കാനുള്ള പണം തനിയെ കണ്ടെത്തണമെന്ന് അച്ഛന്‍ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ പാട്ടെഴുത്ത് മുടക്കാനാകുമായിരുന്നില്ല. മഹാരാജാസ് വലിയൊരു സാമ്രാജ്യമായിരുന്നു. അയ്യപ്പപ്പണിക്കരുടെയും സുഗതകുമാരി ടീച്ചറുടെയുമൊക്കെ കവിതകളിങ്ങനെ ഓഡിറ്റോറിയത്തില്‍ മുഴങ്ങിക്കേള്‍ക്കും. ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയുമൊക്കെ അക്കാലത്ത് അവിടെ വിദ്യാര്‍ഥികളാണ്. ബാലനും വിജിയും കാമ്പുള്ള കവിതകള്‍ എഴുതുന്നു. അവരുടെ കവിതകള്‍ക്ക് കേള്‍വിക്കാരെ കിട്ടുന്നു. അതിനിടയിലാണ് എന്റെ കാസറ്റ് പാട്ടെഴുത്ത്.

സംഗതി വിലകുറഞ്ഞൊരു ഏര്‍പ്പാടാണെന്ന് അറിയാം. പക്ഷേ, പണമാണല്ലോ ലക്ഷ്യം. അതുകൊണ്ട് അക്കാര്യം ആരും അറിയരുതെന്നൊരു തോന്നല്‍ വന്നു. അങ്ങനെ പേരിനൊപ്പം ചക്രവര്‍ത്തി എന്നുകൂടി ചേര്‍ത്തു. ടാഗോറിന്റെ ഹോം കമിങ് എന്ന ചെറുകഥയിലെ കഥാപാത്രമാണ് പാറ്റിക് ചക്രവര്‍ത്തി. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടാണ് ചക്രവര്‍ത്തി എന്ന് പേരിനൊപ്പം ചേര്‍ത്തത്.

മഹാരാജാസിലെ ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. രാമചന്ദ്രന്‍സാറുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും കേട്ട് കൈയടിച്ചകാലം. കടുത്ത നിരീശ്വരവാദിയായ അദ്ദേഹം പെട്ടൊന്നൊരു ദിവസം ഗംഗയില്‍ മുങ്ങി സന്ന്യാസം സ്വീകരിച്ചു. ആ മാറ്റം എനിക്കന്ന് അംഗീകരിക്കാനായില്ല. പക്ഷേ, പിന്നീട് അതിലേക്ക് നയിച്ച കാര്യങ്ങളൊക്കെ അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. പില്‍ക്കാലത്ത് അഥര്‍വത്തിന്റെ രചനയിലേക്ക് നയിച്ചത് ആ അനുഭവങ്ങളാണ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് സാറുമായി സാമ്യമുണ്ട്. 

വിമര്‍ശനവും അഭിനന്ദനവും

എം.എയ്ക്ക് പഠിക്കുന്ന കാലത്താണ് ഉപഹാരം എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതുന്നത്. 'പൊന്‍മേഘമോ പ്രേമ സന്ദേശകാവ്യമോ' എന്നുതുടങ്ങുന്ന പാട്ട്. അക്കാലത്ത് ടി. പി. ശാസ്തമംഗലം ചിത്രഭൂമിയില്‍ പുതിയ പാട്ടുകളെ വിശകലനം ചെയ്യുന്ന ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം പാട്ടിനെ കീറിമുറിച്ച് വിമര്‍ശിച്ചു. അത് വായിച്ചപ്പോഴുണ്ടായ വിഷമത്തില്‍ തോപ്പുംപടി പാലത്തില്‍നിന്നെടുത്തുചാടിയാലോ എന്നുപോലും ചിന്തിച്ചു. രണ്ടാമത്തെ സിനിമ ശ്യാമ ആയിരുന്നു. 'ചെമ്പരത്തിപ്പൂവേ ചൊല്ലൂ' എന്ന പാട്ട് ഹിറ്റായി. നാനയില്‍ ശ്യാമയുടെ ഒരു റെക്കോഡിങ് സ്റ്റില്‍ അടിച്ചുവന്നിരുന്നു. അതില്‍ എന്റെ ചിത്രവും പേരും ഉണ്ട്. അതുകണ്ട് ആളുകള്‍ തിരിച്ചറിഞ്ഞു.

ശ്യാമയുടെ റെക്കോഡിങ് കഴിഞ്ഞ് പാട്ട് പ്ലേ ചെയ്ത് എല്ലാവരും കേട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ കൈയില്‍ വയലിനും പിടിച്ച് ഒരാള്‍ അടുത്തുവന്ന് പാട്ട് അസ്സലായിട്ടുണ്ട് എന്ന് പറഞ്ഞു. ഔസേപ്പച്ചന്‍ ആയിരുന്നു അത്. ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായിക്കാന്‍ വന്നതാണ്. ഔസേപ്പുമായി അന്നുമുതല്‍ സൗഹൃദം തുടരുന്നു. ജോഷിയുടെ 'വീണ്ടും' എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത്. പിന്നെ ഒരുപാട് പാട്ടുകള്‍ ഞങ്ങളൊന്നിച്ച് ചെയ്തു.

ഔസേപ്പ് എങ്ങനെ തലകുത്തിമറിഞ്ഞ് ട്യൂണിട്ടാലും അതിന് യോജിച്ച പാട്ട് എനിക്ക് എഴുതാന്‍ പറ്റും. ഞങ്ങള്‍ക്കിടയിലുള്ള അടുപ്പംതന്നെയാകും അതിനുകാരണം. പ്രാഞ്ചിയേട്ടനിലെ 'കിനാവിലെ ജനാലകള്‍' എന്ന പാട്ടിന്റെ കമ്പോസിങ്ങിനിടെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഔസേപ്പ് ഫോണിലൂടെ ട്യൂണ്‍ പറഞ്ഞുതന്നു. അതുകേട്ട് ഞാന്‍ പാട്ടെഴുതി.

പാട്ടിലെ കൂട്ടുകെട്ട്

 ഡെന്നിസ് സംവിധാനം ചെയ്ത 'മനു അങ്കിള്‍' ആയിരുന്നു തിരക്കഥയിലെ എന്റെ തുടക്കം. മഹാബലിപുരത്തെ ഐഡിയല്‍ ബീച്ച് റിസോര്‍ട്ടില്‍ ഡെന്നിസ് എഴുതാനിരിക്കുമ്പോള്‍ ഞാനും കൂടും. രാജാവിന്റെ മകന്‍, ദിനരാത്രങ്ങള്‍... ആ സിനിമകളുടെയെല്ലാം എഴുത്തില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. പ്രിയദര്‍ശന്റെയും ജോഷിയുടെയും സിനിമകള്‍ക്കുവേണ്ടിയാണ് കൂടുതല്‍ പാട്ടുകളും എഴുതിയത്. മിക്ക പാട്ടുകള്‍ക്കും ഈണം നല്‍കിയത് ഔസേപ്പച്ചനാണ്. ആ കൂട്ടുകെട്ടുകള്‍ എനിക്കേറെ സൗകര്യപ്രദമായിരുന്നു. അതുകൊണ്ടാവാം ഇപ്പോഴും പാട്ടുകള്‍ക്കൊപ്പം പേരും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നത്. 

പാട്ടോ തിരക്കഥയോ ?

പാട്ടാണോ തിരക്കഥയാണോ കൂടുതല്‍ സൗകര്യപ്രദം എന്ന് ചോദിച്ചാല്‍ കമ്മലുണ്ടാക്കുന്നതും കപ്പലുണ്ടാക്കുന്നതുംപോലെയാണ് രണ്ടും. കമ്മലുണ്ടാക്കാന്‍ നല്ല സൂക്ഷ്മത വേണം. പാട്ടെഴുത്തുകാരനായാണ് അറിയപ്പെടുന്നതെങ്കിലും എനിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതൊക്കെ തിരക്കഥകള്‍ക്കായിരുന്നു. മനുഅങ്കിളിന് ദേശീയ പുരസ്‌കാരം കിട്ടി. അഭയത്തിന് അന്തര്‍ദേശീയ പുരസ്‌കാരവും. പാട്ടിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ യാതൊരു വിഷമവും നിരാശയും ഇന്നേവരെ തോന്നിയിട്ടില്ല. അതിനോട് താത്പര്യവും ഇല്ല. ഹിമപ്പുലികള്‍ അവരുടെ കാല്പാടുകള്‍ എവിടെയും അവശേഷിപ്പിക്കാറില്ലെന്ന് പറയാറുണ്ട്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന ഫിലോസഫിയും അതുതന്നെയാണ്. വരച്ചുകോറിയ ചുമരുകള്‍ മായ്ച്ചുവൃത്തിയാക്കണം. പുതിയ ആളുകള്‍ വരട്ടെ... അവരവിടെ പുതിയ ചിത്രങ്ങള്‍ വരയ്ക്കട്ടെ...

Content Highlights: malayalam lyricist Shibu Chakravarthy interview about life and songs