1 കോടി മുടക്കി 22 കോടി നേടിയ ‘നരസിംഹം’,ആദ്യ 25 കോടി നേടിയ 'രാജമാണിക്യം';മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോഡുകൾ

ബോക്‌സ് ഓഫീസില്‍, 2025 എന്ന വർഷം സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെടുകയാണ്. കേരളത്തിലെ നൂറുശതമാനം തീയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തി, ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് റെക്കോഡുകള്‍ തീര്‍ത്ത 'എംപുരാ'ന്റെ കുതിപ്പവസാനിക്കുമ്പോഴാണ് മോഹന്‍ലാല്‍ തന്നെ നായകനായ 'തുടരും' പ്രദര്‍ശനത്തിനെത്തിയത്. പതിഞ്ഞ താളത്തില്‍ എത്തിയ ‘തുടരും’ അക്ഷരാര്‍ത്ഥത്തില്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു. പുതിയ റെക്കോഡുകള്‍ ഉണ്ടാക്കിയും അവ സ്വയം തിരുത്തിയുമെല്ലാം മോഹന്‍ലാല്‍ കഴിഞ്ഞ അഞ്ച് ദശാബ്ദമായി മലയാളസിനിമയിലെ കിരീടംവയ്ക്കാത്ത രാജാവാണ്. 'രാജാവിന്റെമകന്‍' മുതല്‍ 'തുടരും' വരെ തന്റെ ഹിറ്റ് സിനിമകള്‍ ഓരോന്നുംകൊണ്ട് മോഹന്‍ലാല്‍ മലയാളം ബോക്സോഫീസിനെ അക്ഷരാര്‍ഥത്തില്‍ വലുതാക്കുകയായിരുന്നു. മലയാളത്തിന് സ്വപ്‌നംകാണാന്‍ പറ്റാത്ത കലക്ഷനുകളിലേക്കും ബിസിനസിലേക്കും സിനിമകളെ എത്തിക്കാന്‍ മോഹന്‍ലാന്‍ എന്ന ബ്രാന്‍ഡിന് സാധിച്ചു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ മലയാളത്തില്‍ സംഭവിച്ച ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഇതാ...
എവര്‍ഗ്രീന്‍ 'ചിത്രം'
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍
കോമ്പിനേഷനില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമ ചിത്രംതന്നെയാണ്. ഒരുവര്‍ഷം തുടര്‍ച്ചയായി ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് ചരിത്രം സൃഷ്ടിച്ച സിനിമ നാലുകോടി രൂപയാണ് ആ കാലത്ത് തിയേറ്ററുകളില്‍നിന്ന് കലക്ട് ചെയ്തത്. 1988-ലാണ് സിനിമ റിലീസ് ചെയ്തത്. 44 ലക്ഷം നിര്‍മാണച്ചെലവുണ്ടായ സിനിമ നാലുകോടി കലക്ട് ചെയ്ത് വലിയ വിജയമായി.
1991-ല്‍ ഇതേ കോമ്പിനേഷനില്‍ പുറത്തിറങ്ങിയ 'കിലുക്കം' ഒരുപടികൂടി കടന്ന് അഞ്ചുകോടി കലക്ട് ചെയ്തു. 60 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മാണച്ചെലവ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ എത്തിയ 'മണിച്ചിത്രത്താഴ്', 'സ്ഫടികം' എന്നീ സിനിമകള്‍ അക്ഷരാര്‍ഥത്തില്‍ മോഹന്‍ലാലിന്റെ ബോക്‌സോഫീസിലെ താരപദവി ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
1996-ല്‍ മമ്മൂട്ടി ചിത്രം 'ഹിറ്റ്ലര്‍' അതുവരെയുണ്ടായ മലയാളത്തിലെ ബോക്സോഫീസ് കലക്ഷന്‍ തിരുത്തിക്കുറിച്ച് പുതിയ ഇന്‍ഡസ്ട്രി
ഹിറ്റ് തീര്‍ത്തു. എന്നാല്‍ തൊട്ടടുത്തവര്‍ഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ചന്ദ്രലേഖ’ ആ റെക്കോഡ് പഴങ്കഥയാക്കുകയും ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോഡ് വീണ്ടും സ്വന്തമാക്കുകയും ചെയ്തു.
കേരളമിളകിയ നരസിംഹം
സംഹാരപ്പിറവികളുടെ എല്ലാ ഭാവങ്ങളും ആവാഹിച്ച ആ മൂര്‍ത്തിയുടെ പേര്, ‘നരസിംഹം.’ അക്ഷരാര്‍ഥത്തില്‍ കേരളത്തിലെ തിയേറ്ററുകളെ ജനസമുദ്രമാക്കിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ ആറാംതമ്പുരാന്റെ വന്‍വിജയത്തിനുശേഷം ഷാജി കൈലാസ്, രഞ്ജിത്, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'നരസിംഹം' 20 കോടി എന്ന മാജിക് നമ്പര്‍ തൊട്ട ആദ്യ മലയാള സിനിമയാണ്. ഒരുകോടി മുതല്‍മുടക്കില്‍ തീര്‍ത്ത ചിത്രം 22 കോടിയിലധികം കലക്ഷന്‍ നേടി എക്കാലത്തെയും വലിയ വിജയമായി. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭംകൂടിയായിരുന്നു ഈ സിനിമ. മോഹന്‍ലാല്‍ എന്ന മാസ് ബ്രാന്‍ഡിന്റെ ശക്തി മലയാള സിനിമാരംഗം അറിഞ്ഞത് ഈ സിനിമയ്ക്ക് കിട്ടിയ ജനപ്രീതിയോടെയാണ്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 'രാവണപ്രഭു' (2002), 'ബാലേട്ടന്‍' (2005), 'നരന്‍' (2005) തുടങ്ങി വലിയ ഹിറ്റുകള്‍ മോഹന്‍ലാല്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
മമ്മൂട്ടിയുടെ കാലം
ചേക്കിന്റെ സ്വന്തം കള്ളനായ 'മീശമാധവനാ'യി എത്തി ദിലീപ് 2002-ല്‍ ബോക്സോഫീസിന്റെ സര്‍പ്രൈസ് ഹിറ്റ് സമ്മാനിച്ചു. ഈ സിനിമയുടെ വിജയത്തോടെയാണ് ദിലീപിന് താരപദവി ലഭിക്കുന്നത്. 2004-ല്‍ 'സേതുരാമയ്യര്‍ സി.ബി.ഐ' എന്ന സിനിമയുടെ വിജയത്തോടെ ആ വര്‍ഷത്തെ റെക്കോഡ് തന്റെ പേരിലാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. സി.ബി.ഐ ബ്രാന്‍ഡിന് സിനിമാ പ്രേക്ഷകര്‍ക്കിടയിലുള്ള ജനപ്രിയത പൂര്‍ണമായും ഉപയോഗിക്കാനും ആ ത്രില്ലര്‍ സിനിമയ്ക്ക് സാധിച്ചു. അപ്പോഴും 'നരസിംഹം' തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റ് തകരാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ അന്‍വര്‍ റഷീദ് എന്ന നവാഗത സംവിധായകനൊപ്പം 2005-ല്‍ 'രാജമാണിക്യ'വുമായെത്തി ആ റെക്കോഡ് മമ്മൂട്ടി തകര്‍ത്തു. 25 കോടി എന്ന മാജിക് നമ്പറിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയര്‍ത്താന്‍ ‘രാജമാണിക്യ’ത്തിലൂടെ മമ്മൂട്ടിക്ക് സാധിച്ചു. അക്ഷരാര്‍ഥത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സിനിമയായിരുന്നു ‘രാജമാണിക്യം’. തിരുവനന്തപുരം സ്‌റ്റൈലില്‍ ബെല്ലാരി രാജ എന്ന പോത്തുകച്ചവടക്കാരനായ മമ്മൂട്ടി സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ മലയാളികള്‍ അത് ക് കൈയടിച്ചു. അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ സ്വപ്‌ന അരങ്ങേറ്റമായും ആ വിജയം മാറി. 2006-ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളെ ഒരുപോലെ ബോക്സോഫീസില്‍ വീഴ്ത്തിയാണ് 'ക്ലാസ്മേറ്റ്സ്' എന്ന യുവതാര ചിത്രം തരംഗമായത്. പൃഥ്വിരാജ്, ജയസൂര്യ, കാവ്യാമാധവന്‍, നരേന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറി. യുവതാര ചിത്രം നേടിയ ആ വിജയം മലയാള സിനിമയ്ക്കും പുതിയ ഊര്‍ജം നല്‍കി.
റെക്കോഡുകള്‍ വഴിമാറിയ 'ട്വന്റി: 20'
മോഹന്‍ലാലും മമ്മൂട്ടിയും അടക്കം മലയാളത്തിലെ എല്ലാ താരങ്ങളും ഒരുമിച്ച ചിത്രം, ലോകസിനിമയില്‍ത്തന്നെ അപൂര്‍വമായി സംഭവിക്കുന്ന ഈ താരസംഗമസിനിമ മലയാള ബോക്സോഫീസിനെ പ്രകമ്പനംകൊള്ളിച്ചു. അമ്മ സംഘടനയുടെ ധനശേഖരാണര്‍ഥം നിര്‍മിച്ച സിനിമ സംവിധാനംചെയ്തത് ജോഷിയായിരുന്നു. തിയേറ്ററുകളിലേക്ക് ജനങ്ങള്‍ ഇടിച്ചുകയറിയപ്പോള്‍ ‘രാജമാണിക്യം’ തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോഡും തകര്‍ന്നുവീണു. 30 കോടിയിലേക്ക് മലയാളസിനിമയുടെ ഗ്രാഫ് ഉയര്‍ത്താന്‍ സിനിമയ്ക്കായി. 32 കോടിയിലധികമാണ് ചിത്രം നേടിയ കളക്ഷന്‍.
ആഗോള 'ദൃശ്യം'
അപ്രാപ്യമെന്ന് തോന്നിക്കുന്ന ഉയരങ്ങള്‍ കീഴടക്കുക, അതാണ് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ മലയാളത്തിലെ ഏറ്റവുംവലിയ താരമാക്കി മാറ്റുന്നത്. അമിതപ്രതീക്ഷകളില്ലാതെയാണ് മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രം 'ദൃശ്യം' ഒരുവെള്ളിയാഴ്ച തിയേറ്ററിലെത്തിയത്. കേവലമൊരു ഫാമിലി ചിത്രം എന്ന ബ്രാന്‍ഡില്‍ ബഹളങ്ങളില്ലാതെയുള്ള റിലീസ്, എന്നാല്‍ ആദ്യഷോ കഴിഞ്ഞതുമുതല്‍ കേരളം തിയേറ്ററുകളിലേക്ക് ഒഴുകി. അതുവരെ മലയാളസിനിമ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനപ്രവാഹത്തിന് തിയേറ്ററുകള്‍ വേദിയായി. ഫാമിലി ത്രില്ലറായ 'ദൃശ്യം' അക്ഷരാര്‍ഥത്തില്‍ മലയാള സിനിമയുടെ തലവര മാറ്റിയെഴുതുകയായിരുന്നു. 40 കോടി എന്ന മാജിക് നമ്പര്‍ ബ്രേക്ക് ചെയ്ത് തുടങ്ങിയ റെക്കോഡ് 'ദൃശ്യം' അവസാനിപ്പിച്ചത് 80 കോടിയിലാണ്. മലയാളത്തിന് അന്നുവരെ സ്വപ്‌നംപോലും കാണാന്‍പറ്റാത്ത കളക്ഷന്‍. 'ദൃശ്യം' അതോടെ ആഗോള ബ്രാന്‍ഡായി മാറി. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം എന്ന റെക്കോഡും ദൃശ്യം സ്വന്തമാക്കി.
തരംഗമായ 'പ്രേമം'
'ദൃശ്യം' സ്ഥാപിച്ച റെക്കോഡിന് ആദ്യമായി വെല്ലുവിളി ഉയര്‍ത്തിയ ചിത്രം നിവിന്‍ പോളി നായകനായ 'പ്രേമ'മായിരുന്നു. ക്യാമ്പസും പ്രണയവുമെല്ലാം ഉള്‍ച്ചേര്‍ത്ത് കഥ പറഞ്ഞ പ്രേമം ആഖ്യാന ശൈലിയില്‍ ഒട്ടേറെ പുതുമനിറഞ്ഞ ഒന്നായിരുന്നു. യുവത്വം ആഘോഷമാക്കിയ ചിത്രം വലിയ തരംഗമായി. മലയാള സിനിമയിലെ അന്നുവരെയുണ്ടായ എല്ലാ റെക്കോര്‍ഡുകളും ചിത്രം തകര്‍ക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതും വ്യാപകമായി പ്രചരിച്ചതും കളക്ഷനെ ബാധിച്ചു. 75 കോടിയോളം രൂപയാണ് ചിത്രം ബോക്സോഫീസില്‍ കളക്ട് ചെയ്തത്.
നൂറുകോടി തിളക്കം; പുലിമുരുകന്‍
‘ദൃശ്യം’ എന്ന ഫാമിലി ത്രില്ലറിലൂടെ തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോഡ് തകര്‍ക്കാന്‍ മാസ് അവതാരത്തില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രമാണ് ‘പുലിമുരുകന്‍.’ 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് മോഹന്‍ലാലിന്‍ മാസ് ആക്ഷന്‍ രംഗങ്ങളായിരുന്നു. മലയാളസിനിമയ്ക്ക് ഏത് കളക്ഷനും അപ്രാപ്യമല്ല എന്നു തെളിയിച്ച സിനിമയാണ് ‘പുലിമുരുകന്‍.’ നൂറുകോടി എന്ന മാന്ത്രിക കളക്ഷന്‍ പിന്നിട്ട ചിത്രം 150 കോടി രൂപയാണ് ബോക്‌സോഫീസില്‍ നേടിയത്. എല്ലാ റെക്കോഡുകളും ഈ ഒരൊറ്റ സിനിമകൊണ്ട് മോഹന്‍ലാല്‍ തന്റെ പേരിലാക്കി. വൈശാഖ് സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപ്പാടമായിരുന്നു.
ലൂസിഫര്‍ എന്ന അദ്ഭുതം
‘പുലിമുരുകന്‍’ തീര്‍ത്ത കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കാന്‍ പിന്നീട് പല സിനിമകളും ശ്രമിച്ചെങ്കിലും ആര്‍ക്കും അതിന് സാധിച്ചില്ല. എന്നാല്‍, തന്റെ റെക്കോഡ് തകര്‍ക്കാന്‍ അവസാനം മോഹന്‍ലാല്‍തന്നെ നേരിട്ടെത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത് മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' ബോക്‌സോഫീസില്‍ പുലിമുരുകന്റെ അടുത്തുവരെ എത്തിയെങ്കിലും ആ റെക്കോഡ് തകര്‍ക്കാനായില്ല. 127 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. എന്നാല്‍, മറ്റ് അവകാശങ്ങള്‍ അടക്കം 200 കോടിയിലധികം ബിസിനസ് നേടി മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോഡ് ലൂസിഫര്‍ സ്വന്തമാക്കി.
മഞ്ഞുമ്മല്‍ ബോയ്സും പ്രളയവും
കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനംചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' അദ്ഭുതവിജയമായിരുന്നു. മലയാളിയുടെ ഒത്തൊരുമയുടെ കഥപറഞ്ഞ ഈ ചിത്രം തരംഗമായി മാറി. മലയാളത്തില്‍ അന്നുവരെയുണ്ടായ എല്ലാ ബോക്‌സോഫീസ് റെക്കോഡുകളും തകര്‍ത്ത് ഏറ്റവും വലിയ പണംവാരിപ്പടമായി. 175 കോടി രൂപയാണ്
ചിത്രം ബോക്‌സോഫീസില്‍ നേടിയത്. എന്നാല്‍, ആ റെക്കോഡിന് ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 2024-ല്‍ പ്രദര്‍ശനത്തിനെത്തിയ 'മഞ്ഞുമ്മല്‍ ബോയ്സ്' ആ റെക്കോഡും പഴങ്കഥയാക്കി. ഗുണ കേവില്‍ കുടുങ്ങുന്ന ഒരുകൂട്ടം യുവാക്കളുടെ കഥപറഞ്ഞ ചിത്രം കേരളത്തിനു പുറമേ തമിഴ്നാട്ടിലും തരംഗമായി. 242 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി സിനിമ മാറി.
ഒരേയൊരു ലാല്‍
'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ റെക്കോഡ് ആര് തകര്‍ക്കും എന്ന് മലയാളിക്ക് ഒരിക്കല്‍പ്പോലും സംശയമുണ്ടായിരുന്നില്ല. അത് മോഹന്‍ലാല്‍ ആകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എംപുരാന്‍' റിലീസ് പ്രഖ്യാപനത്തോടെ തന്നെ അത് എല്ലാവരും ഉറപ്പിച്ചു. മലയാളസിനിമയ്ക്ക് ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രീസെയില്‍ കളക്ഷന്‍ നേടിക്കൊണ്ട് എംപുരാന്‍ വരവറിയിച്ചു. പ്രതീക്ഷിച്ചപോലെത്തന്നെ മഞ്ഞുമ്മല്‍ ബോയ്സിന്റെ റെക്കോഡ് തകര്‍ത്ത് 250 കോടി ബോക്‌സോഫീസില്‍നിന്ന് നേടാന്‍ എംപുരാന് സാധിച്ചു. അതും പത്തുദിവസംകൊണ്ട്...! എംപുരാന്‍ സ്ഥാപിച്ച ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനി ആര്‍ക്ക് സാധിക്കുമെന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ, മോഹന്‍ലാല്‍! ചിലപ്പോള്‍ ദൃശ്യം-3 ആകാം മലയാളത്തിനെ 500 കോടി എന്ന മാജിക് നമ്പറിലേക്ക് എത്തിക്കാന്‍പോകുന്ന സിനിമ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the blockbuster history of Malayalam cinema, focusing on Mohanlal & Mammootty`s record-breaking films and industry hits. From `Chithram` to `Empuraan`.