ക്ലാരിറ്റിയില്ലാത്ത ഫോണ്‍റീല്‍സില്‍ നിന്നാണ് സിനിമയിലെത്തുന്നത്, വേറെ പണിയില്ലേന്ന് ചിലര്‍ ചോദിച്ചു

അഖില ഭാര്‍ഗവന്‍ | സിദ്ദീക്കുല്‍ അക്ബര്‍
അഖില ഭാര്‍ഗവന്‍ | സിദ്ദീക്കുല്‍ അക്ബര്‍

ഏതോ പുലര്‍കാലത്ത് കണ്ട സുന്ദരസ്വപ്‌നം പോലെയാണ് അഖിലാ ഭാര്‍ഗവന്റെ സിനിമാജീവിതം. സ്മാര്‍ട്ട് ഫോണിന്റെ കാമറയ്ക്ക് മുന്നില്‍ സിനിമകളിലെ രംഗങ്ങള്‍ അഭിനയിച്ച് റീലുകള്‍ ചെയ്യുന്ന സാധാരണ പെണ്‍കുട്ടി. വൈറലായ ആ റീലുകള്‍ ബിഗ്സ്‌ക്രീനിലേക്ക് അവസരമൊരുക്കി. ആരും കൊതിക്കുന്ന എന്‍ട്രി. കിരണ്‍ ജോസി സംവിധാനം ചെയ്ത 'അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സ്' എന്ന ഷോര്‍ട് ഫിലിം അഖിലയുടെ തലവര മാറ്റി. നീതു എന്ന കഥാപാത്രമായി യുട്യൂബില്‍ നിന്ന് മലയാളികളുടെ മനസ്സിലേക്ക്. അവിടെ നിന്ന് സിനിമയിലേക്ക്. 

വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത 'പൂവനി'ലും ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത 'അയല്‍വാശി'യിലും അഖില വേഷമണിഞ്ഞു. തുടര്‍ന്ന് 'പ്രേമലു' എന്ന ഹിറ്റ് ചിത്രത്തിലെ കാര്‍ത്തികയായി. 'സൂക്ഷ്മദര്‍ശിനി'യിലെ സുലുവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 
അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് മലയാളിക്ക് പരിചിതയായി മാറിയ അഖിലാ ഭാര്‍ഗവന്റെ  വിശേഷങ്ങള്‍... 

റീല്‍ സ്റ്റാര്‍ റിയല്‍ സ്റ്റാറായതെങ്ങനെ?
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. സിനിമയിലെ ഭാഗങ്ങള്‍ അനുകരിച്ച് റീല്‍സ് വീഡിയോകള്‍ ചെയ്യും. ഒരിക്കല്‍ 'ബഡായി ബംഗ്ലാവി'ലെ ആര്യച്ചേച്ചിയുടെ  റീല്‍ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. ബഡായി ബംഗ്ലാവിലെ ഒരു എപ്പിസോഡിലേക്ക് ക്ഷണിച്ചു. റീലുകള്‍ കണ്ട് പിന്നീട് ഒരു സിനിമയിലേക്ക് ഓഡിഷന് വിളിച്ചു. തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ പഠനം, ജോലി, വിവാഹം. വിവാഹശേഷമാണ് വീണ്ടും റീലുകള്‍ ചെയ്യാന്‍ തുടങ്ങുന്നത്. അക്കൂട്ടത്തില്‍ വൈറലായ ഒരു റീല്‍ കണ്ടാണ് 'അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സി'ലേക്ക് വിളിക്കുന്നത്. അതിന്റെ നിര്‍മാതാക്കളിലൊരാള്‍ ഗിരീഷേട്ടനായിരുന്നു (ഗിരീഷ് എ.ഡി.). അവിടെ നിന്ന് സിനിമയിലേക്ക്. 'അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സി'ല്‍ അനുരാഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവനായിരുന്നു സിനിമയുടെ സംവിധായകന്‍. പിന്നീട് 'അയല്‍വാശി', 'പ്രേമലു', 'സൂക്ഷ്മദര്‍ശിനി'... 

തൊട്ടതെല്ലാം പൊന്നാണല്ലോ?
കിട്ടിയ അവസരങ്ങളെല്ലാം വലിയ ടീമുകള്‍ക്കൊപ്പമാണ്. അതെല്ലാം വിജയമായി. സിനിമയില്‍ ഏറ്റവും മുന്‍നിരയിലുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. ഒരു സിനിമയും ഇതുവരെ സ്വയം തിരഞ്ഞെടുത്തിട്ടില്ല, ഒഴിവാക്കിയിട്ടുമില്ല. വന്ന അവസരങ്ങളെല്ലാം ചെയ്തു. ഭാഗ്യവശാല്‍ അവയെല്ലാം വിജയിച്ചു.

'അനുരാഗ് എന്‍ജിനീയറിങ് വര്‍ക്‌സി'ലൂടെയുള്ള തുടക്കം ഗംഭീരമായല്ലോ...
എന്റെ സുഹൃത്താണ് ഇതിലേക്ക് വിളിക്കുന്നത്. 'സൂപ്പര്‍ ശരണ്യ'യുടെ അസിസ്റ്റന്റ് ഡയറക്ടറായ കിരണ്‍ ജോസിയാണ് സംവിധായകനെന്നും അതിലെ അജിത് മേനോന്‍ എന്ന കഥാപാത്രം ചെയ്ത വിനീത് വാസുദേവാണ് അഭിനയിക്കുന്നതെന്നും നിര്‍മാതാവ് ഗിരീഷേട്ടനാണെന്നും കേട്ടപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു. ഇത്രവലിയ വിജയമാവുമെന്ന് പ്രതീക്ഷിച്ചില്ല. ആളുകള്‍ അനുരാഗിലെ നീതുവല്ലേ... എന്ന് ചോദിക്കുമ്പോള്‍ ഒരുപാട് സന്തോഷം. 

'പ്രേമലു'വാണോ ടേണിങ് പോയിന്റ്?
'അനുരാഗ് എന്‍ജിനീയര്‍ വര്‍ക്‌സി'ലൂടെയും 'പ്രേമലു'വിലൂടെയും ആണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. 'പൂവന്‍' സിനിമയുടെ ഷൂട്ടിങ് സമയംതന്നെ 'പ്രേമലു'വിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്ന് 'ചലോ ഹൈദരാ ബാദ്' എന്നായിരുന്നു 'പ്രേമലു'വിന്റെ പേര്. ഓഡിഷനിലൂടെയാണ് എന്നെ തിരഞ്ഞെടുത്തത്. 
'സൂക്ഷ്മദര്‍ശിനി'യിലേക്ക് എത്തുന്നതും ഓഡിഷനിലൂടെയാണ്. ആ സിനിമയുടെ ഭാഗമാവണമെന്ന് ഞാന്‍ വളരെയധികം ആഗ്രഹിച്ചു. എന്നാല്‍ എന്റെ സംസാരത്തില്‍ കണ്ണൂര്‍ ശൈലിവരുന്നുണ്ടെന്ന് പറഞ്ഞു. കിട്ടാന്‍ സാധ്യത കുറവാണെന്ന് തോന്നി. 'ഭാഷ ശരിയാക്കാം, എന്നെ പരിഗണിക്കണേ...' എന്നുപറഞ്ഞാണ് തിരികെപ്പോന്നത്. എന്തായാലും തിരഞ്ഞെടുക്കപ്പെട്ടു. 

കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍...
'പൂവനി'ലെ എന്റെ ആദ്യരംഗം ഷൂട്ട്‌ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ആന്റണി വര്‍ഗീസ് പെപ്പെയായിരുന്നു നായകന്‍. പെപ്പെ ചേട്ടന്‍ സമാധാനിപ്പിക്കും. ഷോട്ടിന് മുന്‍പേ രംഗങ്ങള്‍ പ്രാക്ടീസ് ചെയ്തും മറ്റും മനസ്സ് ശാന്തമാക്കി. 'അയല്‍വാശിയില്‍' അഭിനയിക്കുമ്പോഴും ഇതേ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഏത് സിനിമയായാലും ആദ്യരംഗം ഷൂട്ട് ചെയ്യുമ്പോഴുള്ള അങ്കലാപ്പ് സ്ഥിരമാണ്. 
ഞാന്‍ പയ്യന്നൂരുകാരിയാണ്. സിനിമയില്‍ എന്റെ കണ്ണൂര്‍ ശൈലി ഇപ്പോഴും വലിയ വെല്ലുവിളിയാണ്. കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളില്‍ ഞാനത് മാറ്റാന്‍ ശ്രമിക്കാറുണ്ട്. 'സൂക്ഷ്മദര്‍ശിനി'യിലെ സുലുവിലേക്കാണ് കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളത്. സുലു വളരെ നിഷ്‌കളങ്കയും കൗശലക്കാരിയുമായ കഥാപാത്രമാണ്. നസ്രിയയ്ക്ക് ഒപ്പമുള്ള രംഗം ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനിലായിരുന്നു. പതിയെ ആ ട്രാക്കിലേക്ക് എത്തി. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ത്തന്നെ നല്ല രസംതോന്നി. ഓരോ രംഗവും കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പ്രാക്ടീസ്‌ചെയ്യാറുണ്ട്. എന്റെതായ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ മികച്ചതാക്കാന്‍ നോക്കും. ഇതെല്ലാം പഠിച്ചത് 'പ്രേമലു'വില്‍നിന്നാണ്.

സിനിമയിലെ സൗഹൃദങ്ങള്‍
'പ്രേമലു'വിലൂടെയാണ് സിനിമയില്‍ സൗഹൃദങ്ങള്‍ ലഭിച്ചത്. 'പ്രേമലു'വിന്റെ ഷൂട്ട് തുടങ്ങുമ്പോള്‍ മമിതയെയും നസ്ലിനെയും സംഗീതേട്ടനെയുമൊക്കെ ഗ്രൂമിങ് സെഷനില്‍വെച്ചാണ് ആദ്യമായി കാണുന്നത്. ഷൂട്ടിനിടെ ഞങ്ങളെല്ലാം പരസ്പരം കൂട്ടായി. ഷൂട്ടിങ്ങിന് ഹൈദരാബാദില്‍ എല്ലാവരും താമസിച്ചിരുന്നത് 'മധുകുഞ്ച്' എന്ന അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ഞങ്ങള്‍ എല്ലാവരുമുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെയും പേര് മധുകുഞ്ച് എന്നാണ്. ഗ്രൂപ്പില്‍ എല്ലാവരും വളരെ ആക്ടീവാണ്. 'സൂക്ഷ്മദര്‍ശിനി'യില്‍ കൂടുതല്‍ അടുത്തത് പൂജേച്ചി(പൂജ മോഹന്‍)യുമായാണ്.

വരാനിരിക്കുന്ന സിനിമകള്‍?
ഇപ്പോള്‍ അഭിനയിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രൊഡക്ഷന്‍സിന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' എന്ന സിനിമയിലാണ്. ബിജുമേനോന്‍ ചേട്ടനാണ് നായകന്‍. 'പ്രേമലു'വിന്റെ രണ്ടാംഭാഗമുണ്ട്. ഈ വര്‍ഷം അതിന്റെ ചിത്രീകരണം തുടങ്ങും. 

റീല്‍സിലൂടെ സിനിമയിലേക്ക്... തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു
റീലുകള്‍ ചെയ്യുമ്പോള്‍ 'എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, വേറെയൊരു പണിയുമില്ലേ...' എന്നിങ്ങനെ പല ചോദ്യങ്ങളും വന്നിരുന്നു. മെലിഞ്ഞ ശരീര പ്രകൃതിയാണ്. അതിന്റെ പേരില്‍ ബോഡി ഷെയിമിങ്ങിനെയും നേരിട്ടു. എന്നാല്‍ ഇന്ന് ഞാനിവിടെ നില്‍ക്കുന്നതിന് കാരണം റീല്‍സുകളാണ്. റീല്‍സില്‍ലൂടെ ഷോര്‍ട്ട് ഫിലിമിലേക്കും പിന്നീട് സിനിമയിലേക്കും എത്താനായി. 
ഈ നിമിഷം വളരെ ആസ്വദിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴും സന്തോഷം തോന്നുന്നുണ്ട്. വലിയ ക്ലാരിറ്റിയൊന്നുമില്ലാത്ത ഫോണിലായിരുന്നു ആദ്യം റീലുകള്‍ ഷൂട്ട് ചെയ്തിരുന്നത്. ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ നിന്ന് ഞാന്‍ എത്തുന്നത് ബിഗ് സ്‌ക്രീനിലേക്കാണ്. ബിഗ് സ്‌ക്രീനില്‍ എന്നെ ക്കാണുമ്പോള്‍ ഒരുപാട് സന്തോഷം. കുടുംബവും അതേ സന്തോഷത്തിലാണ്.

കുടുംബത്തിന്റെ പിന്തുണ
ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് രാഹുലാണ്. രാഹുലേട്ടനും അഭിനയിക്കാന്‍ വളരെ ഇഷ്ടമാണ്. ഞാന്‍ മടിച്ച് ഇരിക്കുമ്പോഴും രാഹുലേട്ടന്‍ നിര്‍ബന്ധിച്ച് റീല്‍ ചെയ്യിക്കും. 'പ്രേമലു'വിന്റെ ഷൂട്ടിങ് സമയത്ത് എനിക്കൊപ്പമുണ്ടായിരുന്നു. 'പ്രേമലു'വിലെ കാര്‍ത്തിക എന്ന എന്റെ കഥാപാത്രം വിവാഹംചെയ്യുന്നത് രാഹുലേട്ടനെത്തന്നെയാണ്.
 

Content Highlights: malayalam actress akhila bhargavan interview premalu