രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി, അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ

ജഗദീഷ്‌ പേരക്കുട്ടിക്കൊപ്പം | Photo: മധുരാജ്‌
ജഗദീഷ്‌ പേരക്കുട്ടിക്കൊപ്പം | Photo: മധുരാജ്‌

തിരുവനന്തപുരം കരമനയ്ക്കടുത്ത് കാലടിയിലാണ് ആ വീട്. പലനിറ പൂക്കളണിഞ്ഞ മുറ്റം. വലിയ ചില്ലുജാലകങ്ങളുള്ള വീടിന്റെ പൂമുഖത്തേക്ക് ഒരു പഴയപാട്ട് ഒഴുകിയെത്തി... 
മാനസ മൈനേ വരൂ...
വയലാറിന്റെ വരികള്‍... പക്ഷേ, അകമ്പടിയായി സലില്‍ ചൗധരിയുടെ സംഗീതമില്ല. ശബ്ദം മന്നാഡേയുടേതുമല്ല. വീണ്ടും കാതോര്‍ത്തു. സൈഗാളിന്റെ ഗഹന ശബ്ദമല്ലേ അതെന്ന തോന്നല്‍. കണ്ണടച്ചുതുറക്കും വേഗത്തില്‍ ഉഷാ ഉതുപ്പിന്റെ ഊര്‍ജസ്വരത്തില്‍ അതേ വരികള്‍. പിന്നെയും ശബ്ദപ്പകര്‍ച്ച... ഇത്തവണ എസ്. ജാനകിയുടെ കുയില്‍ നാദം... പിന്നാലെ വന്നു കിഷോര്‍ കുമാര്‍...

വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരം ആര്‍ട്സ് കോളേജിലും മാര്‍ ഇവാനിയോസിലും ആഘോഷനാളുകളില്‍ ഇതേ വരികള്‍ ഇതേ ശബ്ദങ്ങളില്‍ ആരവങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒരേ ഗാനത്തെ നാല് ഗായകരുടെ ശബ്ദത്തില്‍ പാടിയവതരിപ്പിച്ച അതേ പ്രതിഭ അതാ സ്വീകരണമുറിയില്‍. ചുറ്റും ചിരിച്ചും കൈയടിച്ചും മക്കളും കൊച്ചുമക്കളും. പൂക്കളും പാട്ടുംനിറഞ്ഞ വീട്ടില്‍ അവര്‍ക്കിടയില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ജഗദീഷ്. 

പ്രകാശം പ്രസരിപ്പിക്കുന്നൊരു ഛായാചിത്രം മുറിയുടെ ഒരറ്റത്തുണ്ട്. പ്രഗല്ഭയായ ഫോറന്‍സിക് സര്‍ജനും ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമയുടെ ചിത്രം. വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തിലും ആ സാന്നിധ്യം വെളിച്ചംകെടാത്ത ഓര്‍മകളായി വീടാകെ നിറഞ്ഞുനില്‍ക്കുന്നു. ജഗദീഷ് എന്ന അച്ഛന്റെയും അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരായ രണ്ട് പെണ്‍മക്കളുടെയും ജീവിതത്തിലെ ഏറ്റവും വലിയ അധ്യായമാണ് അവര്‍. ജീവിതത്തിന്റെ പലകാലങ്ങളെപ്പറ്റി സിനിമയെപ്പറ്റി ആ അച്ഛനും മക്കളും ഒന്നിച്ചിരുന്നു സംസാരിക്കുമ്പോള്‍ നിലയ്ക്കാത്ത കാറ്റുപോലെ രമയുടെ ഓര്‍മകള്‍ അവര്‍ക്കിടയിലൂടെ ഒഴുകിനടന്നു. 

'ഫാലിമി'യിലെ പരുക്കനായ അച്ഛനെ, 'നേരി'ലെ നിസ്സഹായനായ അച്ഛനെ തന്മയത്വത്തോടെ അരങ്ങില്‍ എത്തിച്ച നടന്‍ അച്ഛന്റെയും അപ്പൂപ്പന്റെയും റോളില്‍ വീട്ടില്‍ സന്തോഷവാനാണ്. തിരക്കുകള്‍ ഒഴിഞ്ഞ ഞായറാഴ്ച രണ്ട് പെണ്‍മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം ജഗദീഷ് ഗൃഹലക്ഷ്മിയുമായി വിശേഷങ്ങള്‍ പങ്കുവെച്ചു.

മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ജഗദീഷ്

 വെള്ളിത്തിരയിലെ അച്ഛന്‍
''മൂത്ത മകള്‍ രമ്യ മധുര മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി അസിസ്റ്റന്റ് പ്രൊഫസറാണ്. രമ്യയുടെ ഭര്‍ത്താവ് തമിഴ്നാട് സൗത്ത് സോണ്‍ ഐ.ജി. നരേന്ദ്രന്‍ നായര്‍. ഇളയ മകള്‍ സൗമ്യ, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സൈക്യാട്രിസ്റ്റ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റാണ് സൗമ്യയുടെ ഭര്‍ത്താവ് പ്രവീണ്‍ പണിക്കര്‍. എനിക്ക് നാല് കൊച്ചുമക്കളാണ്.'' ഗൗരവം തീരെയില്ലാത്ത ഗൃഹനാഥനായി ജഗദീഷ് കുടുംബത്തെ പരിചയപ്പെടുത്തി. 

പ്രാതലിനൊപ്പം ചര്‍ച്ചയ്ക്ക് 'ഫാലിമി'യെത്തി. തിയേറ്ററിലും ഒ.ടി.ടി.യിലും ഒരുപോലെ ഹിറ്റായ സിനിമയിലെ, അച്ഛന്‍ വേഷത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുമ്പോഴും രമ്യയ്ക്ക് ഒരു തിരുത്തുണ്ട്. ''വീട്ടിലെ അച്ഛന്‍ അടിമുടി ജോളിയാണ്. പോസിറ്റീവാണ്.'' 'അബ്രഹാം ഓസ്ലര്‍' എന്ന സിനിമയിലെ ഡോ. സേവി പുന്നൂസാണ് അച്ഛന്റെ കഥാപാത്രങ്ങളില്‍ ഇളയ മകള്‍  സൗമ്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്.
മക്കളുടെ ഇഷ്ടങ്ങള്‍ക്ക് കേള്‍വിക്കാരനായിരിക്കെ ജഗദീഷ് പതിയെ ഓര്‍മകളിലേക്ക് മടങ്ങി. ''കുടുംബസിനിമകളായിരുന്നു രമയ്ക്ക് പ്രിയം. 'ഫാലിമി'യിലെയും 'നേരി'ലെയുമൊക്കെ കഥാപാത്രങ്ങള്‍ ഉറപ്പായും ഇഷ്ടമായേനേ.'' 

കാമ്പുള്ള കഥാപാത്രങ്ങള്‍
അഭിനയജീവിതത്തിന്റെ ആദ്യ പകുതിയില്‍ ഏറെച്ചിരിപ്പിച്ച ജഗദീഷിന് സിനിമയില്‍ ഇക്കാലം ഗൗരവംനിറഞ്ഞ വേഷങ്ങളുടെതാണ്. ആ മാറ്റത്തിലേക്ക് അദ്ദേഹം കടന്നു. ''ജഗദീഷ് 2.0 എന്ന് എന്നെ വിശേഷിപ്പിക്കുന്നുണ്ട് പലരും. എന്നും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഇത്തരം കഥാപാത്രങ്ങളാണ്. അവസരങ്ങള്‍ ഇപ്പോഴാണ് ലഭിക്കുന്നതെന്നുമാത്രം. കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ തമാശകഥാപാത്രമായി ഞാന്‍ ഉറഞ്ഞുപോയി. അതിനെ മറികടന്ന് സ്വഭാവവേഷങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാനുള്ള ധൈര്യം സംവിധായകര്‍ക്ക് ഉണ്ടായതുമില്ല. എങ്കിലും തമാശയില്‍നിന്ന് വേറിട്ട് ചില കഥാപാത്രങ്ങളും ഞാന്‍ ചെയ്തിരുന്നു. മിമിക്സ് പരേഡ്, സ്ത്രീധനം, ഭാര്യ, വെല്‍ക്കം ടു കൊടൈക്കനാല്‍, ഗൃഹപ്രവേശം... അങ്ങനെ കുറേ സിനിമകള്‍. പക്ഷേ, വഴിത്തിരിവ് സമ്മാനിച്ച ചിത്രം 'ലീല'യാണ്. അങ്ങനെയൊരു കഥാപാത്രം തരാന്‍ സംവിധായകന്‍ രഞ്ജിത്തിന് തോന്നി. 

കുടുംബപ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കഥാപാത്രമാണ്. ഏറ്റെടുക്കണോ എന്ന് സംശയം തോന്നി. രമയോടും കുട്ടികളോടും അഭിപ്രായം ചോദിച്ചു. എന്തായാലും ചെയ്യണം എന്ന് അവര്‍ പറഞ്ഞതോടെ സംശയം മാറി. 'ലീല' തിയേറ്ററില്‍ വിജയിച്ചില്ല. അന്ന് ഒ.ടി.ടി.യും ഇല്ല. പക്ഷേ, വൈകിയാണെങ്കിലും ആ സിനിമയും കഥാപാത്രവും അംഗീകരിക്കപ്പെട്ടു. എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ 'ജലാംശം' എന്ന സിനിമയിലും വ്യത്യസ്തമായ റോള്‍ അവതരിപ്പിച്ചിരുന്നു. 'നാല് പെണ്ണുങ്ങള്‍' ഉള്‍പ്പെടെ അടൂര്‍ സാറിന്റെ സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്തു.''

രണ്ടാം ഇന്നിങ്‌സ്
അമ്മയുടെ മരണം അടിച്ചേല്‍പ്പിച്ച തീവ്രമായ ദുഃഖത്തില്‍നിന്ന് പിടിച്ചുകയറാനുള്ള കച്ചിത്തുരുമ്പായിരുന്നു അച്ഛന് സിനിമയെന്ന് മക്കള്‍. രോഗകാലത്ത് അമ്മയ്ക്ക് കൂട്ടിരുന്ന അച്ഛനെപ്പറ്റി സൗമ്യ പറഞ്ഞുതുടങ്ങി:
''അമ്മയ്ക്ക് വയ്യാതെയായതോടെ, അച്ഛന്റെ മുഖത്തെ ചിരി മാഞ്ഞു. അമ്മയുടെ ആരോഗ്യനില മോശമാകുന്നതിനൊത്ത് അച്ഛന്‍ മാനസികമായി തളര്‍ന്നു. അമ്മ പോയതോടെ, അച്ഛന്റെ വെളിച്ചം കെട്ടതുപോലെയായി. അതില്‍നിന്നൊരു മാറ്റമുണ്ടായത് സിനിമയില്‍ സജീവമായതോടെയാണ്.''

സിനിമയുടെ കൈപിടിച്ച് മറികടന്ന ആ കാലത്തിന്റെ ഓര്‍മകളിലേക്ക് ജഗദീഷ് കടന്നു...''രമ മരിച്ച് അധികം വൈകാതെയാണ് നിസാം ബഷീര്‍ 'റോഷാക്ക്' എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അച്ഛനെന്തായാലും ആ കഥാപാത്രം ചെയ്യണമെന്ന് മക്കള്‍ രണ്ടുപേരും പറഞ്ഞു. എനിക്കൊരു മാറ്റമാകട്ടെയെന്ന് കരുതിയിട്ടാകാം. മമ്മൂക്ക നായകനായ, മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമ. ഷൂട്ടിങ്ങിന്റെ ആദ്യദിവസങ്ങളില്‍ മമ്മൂക്ക പറഞ്ഞു: 'ജഗദീഷ് തനിക്ക് സിനിമയില്‍ ഗംഭീരമായൊരു ഇന്നിങ്സ് ബാക്കിയുണ്ട്.' ഇപ്പോള്‍ എല്ലാവരും അതുതന്നെ എന്നോട് പറയുന്നു. ആ വലിയ നടന്റെ പ്രവചനം ശരിയായതുപോലെ.''

അതുപോലൊരു പ്രവചനം മൂത്തമകള്‍ രമ്യ നടത്തിയതും അദ്ദേഹം ഓര്‍ത്തു: ''രമ്യയ്ക്ക് കുറച്ച് ജ്യോതിഷമൊക്കെ വശമുണ്ട്. അച്ഛന് ഇനി ഉഗ്രന്‍ സമയമാണെന്ന് രണ്ടുകൊല്ലം മുന്‍പ് ഇവള്‍ പറഞ്ഞു. അന്നത് ആരും വിശ്വസിച്ചില്ലെന്ന പരിഭവം ഇവള്‍ക്കിപ്പോഴുമുണ്ട്.''എങ്കിലെന്താ, ഇപ്പോളത് സത്യമായല്ലോ എന്ന മട്ടില്‍ രമ്യ ചിരിച്ചു.

കലാലയകാലം
പഠനകാലത്ത് നാടകങ്ങളുമായായിരുന്നു ജഗദീഷിന് ബന്ധം. പക്ഷേ, സിനിമയിലെത്താനുള്ള കുറുക്കുവഴിയായിരുന്നില്ല നാടകമെന്ന മുഖവുരയോടെ അദ്ദേഹം സംസാരം തുടര്‍ന്നു: ''സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, ടി.ആര്‍. സുകുമാരന്‍ നായര്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍, വയലാ വാസുദേവന്‍ പിള്ള, ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവര്‍ക്കൊപ്പം അമേച്വര്‍ നാടകങ്ങളുടെ ഭാഗമായി. പഠനകാലത്തുതന്നെ, നടന്‍ എന്ന ലേബല്‍ കിട്ടി. സര്‍വകലാശാലാ കലോത്സവങ്ങളില്‍ മോണോആക്ടിന് സമ്മാനം കിട്ടിയിട്ടുണ്ട്. പ്രീഡിഗ്രിക്കാലത്ത് ബെസ്റ്റ് ആക്ടര്‍ ഫീമെയിലായും ബെസ്റ്റ് ആക്ടര്‍ മെയിലായും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കള്‍മുതല്‍ വെള്ളിവരെ കലാപ്രവര്‍ത്തനം. ശനിയും ഞായറും പകല്‍ മുഴുവനും പഠനം. എം.കോമിന് ഒന്നാംറാങ്ക് നേടി. മറ്റ് ബാച്ചിലെ കുട്ടികള്‍ ടൂര്‍ പോകുമ്പോള്‍ പിരിവെടുത്ത് എന്നെയും ഒപ്പംകൂട്ടുന്ന കാലമായിരുന്നു അത്. ജഗദീഷ് പാട്ടുപാടും എന്തെങ്കിലും കുസൃതി കാണിക്കും എന്നൊക്കെയുള്ള തോന്നലിലാണ്.''

വിദ്യാര്‍ഥി ജീവിതം
എം.കോം. രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ ജഗദീഷ് കാനറാ ബാങ്കില്‍ ജോലിക്ക് കയറി. അധ്യാപനത്തോടുള്ള ഇഷ്ടംകൊണ്ട് അതുപേക്ഷിച്ച് കോളേജ് അധ്യാപകനായി. വിവാഹം കഴിയുംവരെ കോളേജില്‍ വിദ്യാര്‍ഥികളെപ്പോലെതന്നെ ബാച്ച്‌ലര്‍ ജീവിതമായിരുന്നെന്ന് അദ്ദേഹം. ''പ്രാവച്ചമ്പലം നാലാഞ്ചിറ സ്റ്റുഡന്റ്സ് ഒണ്‍ലി ബസ്സില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് യാത്ര.  പതിവുമട്ടിലുള്ള അധ്യാപകനായിരുന്നില്ല. ഞാന്‍ ധരിക്കുന്ന ഷര്‍ട്ടുകള്‍ അധ്യാപകര്‍ക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് വിമര്‍ശിച്ച സഹപ്രവര്‍ത്തകരുണ്ട്.''

ചെറുപ്പം ഒരു ബാധ്യത
'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലൂടെയാണ് മലയാളസിനിമയിലേക്ക് ജഗദീഷെത്തുന്നത്.  അന്നുമുല്‍ ഇന്നോളം പ്രായത്തെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. ''കണ്ടാല്‍ ചെറുപ്പമാണെന്ന് പലരും പറയാറുണ്ട്. അതില്‍ സന്തോഷം. എന്നാല്‍, അയാള്‍ക്ക് പ്രായം തോന്നില്ല, അതുകൊണ്ട് മുതിര്‍ന്ന കഥാപാത്രങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് ആരും പറയരുത്. ചെറുപ്പം എക്കാലത്തും ഒരു ബാധ്യതയായിരുന്നു. ചെറുപ്പം നഷ്ടപ്പെടുത്താന്‍ മടിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, എനിക്ക് അതിനൊരു മടിയുമില്ല. 'അമ്പട ഞാനേ' എന്ന സിനിമയില്‍ എണ്‍പതുവയസ്സുകാരനെ അവതരിപ്പിച്ച നെടുമുടി വേണുവും കരിയറിന്റെ തുടക്കത്തില്‍ 'പടയോട്ടം' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍വേഷം ചെയ്ത മമ്മൂട്ടിയും മുന്നിലുണ്ട്. പിന്നെ, നമ്മളെന്തിന് ചെറുപ്പമാകണം? ഐ ലുക്ക് യങ്, ബട്ട് അയാം നോട്ട് യങ് എന്ന ബോധ്യം എനിക്കുണ്ട്.''

മടുപ്പില്ല, തൃപ്തന്‍
ഓര്‍മകളുടെ ഓരോ തിരിവില്‍നിന്നും ജഗദീഷിന്റെ സംസാരം രമയിലേക്ക് ചെന്നെത്തിക്കൊണ്ടിരുന്നു. ''മനസ്സിലുള്ള സ്‌നേഹം അതേപടി പ്രകടിപ്പിക്കുന്നയാളാണ് ഞാന്‍. രമ അതിന്റെ നേര്‍വിപരീതവും. അവള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അവളുടെ ഉള്ളിലുള്ള സ്‌നേഹം കാണാന്‍ എനിക്ക് കഴിഞ്ഞു. ഞാനതറിയുന്നുണ്ടെന്ന് അവളും മനസ്സിലാക്കി. അതുതന്നെയാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയം. പത്ത് വാക്ക് പറയേണ്ടിടത്ത്, രമ രണ്ട് വാക്കേ പറയൂ. പക്ഷേ, ആ രണ്ട് വാക്കിന് അത്രത്തോളം ആഴം കാണും. നല്ല വേഷങ്ങളൊന്നും കിട്ടുന്നില്ലല്ലോ എന്ന് ഇടയ്‌ക്കെപ്പോഴെങ്കിലും ഞാന്‍ നിരാശപ്പെടുമ്പോള്‍ രമ പറയും, അതൊക്കെ വരും. വിഷമിക്കരുതെന്ന്.

ഏത് കാര്യത്തിനും പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന രമയും മക്കളും രാഷ്ട്രീയത്തിലേക്കുള്ള എന്റെ പോക്കിനെ എതിര്‍ത്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് പറഞ്ഞപ്പോള്‍ 'അത് വേണോ' എന്ന സംശയം പ്രകടിപ്പിച്ചു. ജീവിതത്തില്‍ എന്തിലെങ്കിലും അപ്പുക്കുട്ടനാവണമല്ലോ. അത്രയേ ഉള്ളൂ. കുറ്റബോധം തീരേയുമില്ല. ജയിച്ചിരുന്നെങ്കില്‍, സിനിമയില്‍ ഈ വേഷങ്ങളൊന്നും ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇപ്പോള്‍ രാഷ്ട്രീയം ഒഴിവാക്കി. എല്ലാ പാര്‍ട്ടിക്കാരോടും ഒരേ അടുപ്പം.''

''രമ പോയശേഷം ഞാന്‍ ഈ വീട്ടില്‍ തനിച്ചാണ്. വാരാന്ത്യങ്ങളില്‍ ഇളയമകളും ഭര്‍ത്താവും മക്കളെയും കൊണ്ട് ഇവിടേക്ക് വരും. ജീവിതത്തില്‍ കടമകളെല്ലാം ഭംഗിയായി നിര്‍വഹിച്ചെന്ന ഉത്തമബോധ്യത്തിലാണ് ഞാന്‍ ജീവിക്കുന്നത്. രമ പോയതോടെ, ജീവിതത്തിന് ത്രില്ലില്ലാതെയായി. ഇപ്പോള്‍ എന്റെ മക്കളും സിനിമയുമാണ് കൂട്ടും ലോകവും. 
'കുറേക്കാലംകൂടി ജീവിക്കണ്ടേ, അതിന് ശരീരമൊക്കെ നന്നായി നോക്കണം' എന്ന് ആരെങ്കിലും പറഞ്ഞാല്‍, ഞാനതിന് ചെവികൊടുക്കില്ല. എന്നാല്‍, 'അടുത്ത സിനിമയില്‍ നല്ല റോളാണ്, അതിന് ബോഡി ഫിറ്റാക്കണം' എന്ന് പറഞ്ഞാല്‍ കേള്‍ക്കും. ''

കാണിയുടെ റോളില്‍  
തിരുവനന്തപുരത്തെ സിനിമാസ്വാദകര്‍ക്ക് തിയേറ്ററുകളില്‍ കാണിയുടെ റോളിലും പരിചിതനാണ് ജഗദീഷ്. ''എല്ലാ സിനിമകളും കഴിവതും റിലീസ് ദിവസംതന്നെ ആദ്യഷോയ്ക്ക് കാണും.  വെള്ളിയാഴ്ചദിവസങ്ങളില്‍ ഞാന്‍ തിരുവനന്തപുരത്തുണ്ടെങ്കില്‍ രമ എനിക്ക് ചോറ് പൊതികെട്ടിത്തരും. മൂന്നുഷോയ്ക്കും ഞാന്‍ പോകുമെന്ന് രമയ്ക്കറിയാം. ഉച്ചയ്ക്ക് കഴിക്കാന്‍ തന്നുവിടുന്നതാണ്. അങ്ങനെയൊരു സ്‌നേഹമായിരുന്നു രമ.'' 
   


റെക്കോഡ് ബുക്കില്‍ ഇല്ലാത്ത പ്രതിഭ
ഇരുപതിനായിരത്തിലേറെ മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനാണ് ഡോ. പി. രമ. രോഗം പിടിമുറുക്കിയതോടെ വോളന്ററി റിട്ടയര്‍മെന്റെടുത്ത് വിശ്രമത്തിലേക്ക് കടക്കുംവരെ ജോലിയോട് അവര്‍ കാണിച്ച ആത്മസമര്‍പ്പണത്തെ തികഞ്ഞ ബഹുമാനത്തോടെ കാണുന്നു ജഗദീഷ്.

''വിവാദമായ പല കേസുകളിലും രമ ഹാജരാക്കിയ തെളിവുകള്‍ നിര്‍ണായകമായിട്ടുണ്ട്. അതേപ്പറ്റിയൊന്നും എന്നോടുപോലും ഒന്നും പറയില്ല. കോടതിയില്‍ പോവുമ്പോള്‍ പ്രാര്‍ഥിച്ചിട്ടേ പോകൂ. പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടയ്ക്കും. ജുഡീഷ്യറിയിലെ ഏറ്റവും സമര്‍ഥയായ മെഡിക്കല്‍ വിറ്റ്നെസ്. അതത് ദിവസം ചെയ്യുന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ രാത്രി വൈകുവോളം ഇരുന്നെഴുതുന്ന രമയെ എനിക്കോര്‍മയുണ്ട്. പഠനമുള്‍പ്പെടെ മക്കളുടെ എല്ലാക്കാര്യങ്ങളും പാചകവും രമ തനിയേ കൈകാര്യംചെയ്തിരുന്ന കാലത്തും അത് അങ്ങനെയായിരുന്നു. 

മറ്റുജില്ലകളിലേക്ക് സ്ഥലംമാറ്റം കിട്ടുമ്പോള്‍ അതൊഴിവാക്കാന്‍ ഇടപെടരുതെന്ന് രമ ഉറപ്പിച്ചുപറയും. ക്വാര്‍ട്ടേഴ്സിലേ താമസിക്കൂ. പരിമിതമായ സൗകര്യങ്ങളുള്ള മുറിയില്‍ ചെറിയൊരു ടി.വി.യും രമയും. കാന്റീനില്‍നിന്ന് ഭക്ഷണം. ഒരുവിധ ആഡംബരവുമില്ല. സ്വന്തംപേരില്‍ സ്ഥലം വാങ്ങുന്നതുപോലും താത്പര്യമില്ല. വീട്ടില്‍ വിവാഹവാര്‍ഷികമോ പിറന്നാളോ ഒന്നും ആഘോഷിക്കില്ല. എന്നാല്‍, ഓണം പോലെയുള്ള വിശേഷദിവസങ്ങള്‍ വരുമ്പോള്‍ ബന്ധുക്കള്‍ക്കെല്ലാം വസ്ത്രങ്ങള്‍ വാങ്ങാന്‍ രമ മുന്നിലുണ്ടാകും. 

ചിട്ടയായ ജീവിതമായിരുന്നു രമയുടേത്. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. വീട്ടിലെ കാര്യങ്ങള്‍ ഒതുക്കി ജിമ്മില്‍ പോകും. മടങ്ങിവന്നശേഷം രണ്ടുമക്കളെയും ട്യൂഷനും സ്‌കൂളിലേക്കും ഡ്രൈവുചെയ്ത് കൊണ്ടുപോകും. കൃത്യം 8.10 ആകുമ്പോഴേക്കും നല്ല വൃത്തിയായി സാരിയുടുത്ത് തയ്യാറായി രമയും ഇറങ്ങും. മക്കള്‍ക്ക് കെട്ടുന്ന പൊതിയില്‍ മീനുണ്ടെങ്കില്‍ അതിന്റെ മുള്ളുമാറ്റിയാണ് രമ വെയ്ക്കുക. വാക്കുകളിലായിരുന്നില്ല പ്രവൃത്തിയിലായിരുന്നു  സ്‌നേഹവും കരുതലും. മള്‍ട്ടിപ്പിള്‍ സിസ്റ്റം ആട്രൊഫി എന്ന രോഗമായിരുന്നു. തിരിച്ചറിയാന്‍ വൈകി. രോഗം രമയെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. രമയ്ക്കുവേണ്ടി പല സ്ഥലങ്ങളിലേക്കും യാത്രകള്‍ ചെയ്തു. കൊച്ചുമക്കളായിരുന്നു രമയുടെ ഏറ്റവും വലിയ സന്തോഷം.'' 

അവരുടെ പൊരുത്തം
അച്ഛനും അമ്മയ്ക്കും ഇടയിലെ ആഴമേറിയ ആത്മബന്ധത്തിന് സാക്ഷികളാണ് ഡോ. രമ്യയും ഡോ. സൗമ്യയും. ''അവരിരുവരും എല്ലാക്കാര്യത്തിലും നേര്‍വിപരീതങ്ങളായിരുന്നു. അതുതന്നെയായിരുന്നു പൊരുത്തത്തിന്റെ രഹസ്യവും,'' രമ്യ ഓര്‍ക്കുന്നു. ''അമ്മ വിട്ടുവീഴ്ചയില്ലാതെ ജോലിയില്‍ മുഴുകി. പല കേസിലും എതിരായി പറയണമെന്നുപറഞ്ഞ് രാത്രിയിലൊക്കെ അമ്മയ്ക്ക് ഫോണ്‍വരും. ഒരു ഭീഷണിക്കുമുന്നിലും അമ്മ വഴങ്ങിയില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മൂക്കുപൊത്തിയാല്‍ അമ്മയത് സഹിക്കില്ല. മൃതദേഹത്തെ നിന്ദിക്കലാണെന്ന് പറയും. അമ്മ ഒരു ലെജെന്‍ഡായിരുന്നെന്ന് പല ഡോക്ടര്‍മാരും പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. ജോലിയുടെ സ്വഭാവം അങ്ങനെയായതുകൊണ്ടാകാം ഗൗരവപ്രകൃതക്കാരിയായിരുന്നു അമ്മ. 
അച്ഛന്‍ വല്ലപ്പോഴുമേ വീട്ടിലുണ്ടാകൂ. അച്ഛന്‍ വരുമ്പോള്‍ സന്തോഷമാണ്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് അപ്പോള്‍ മാത്രം. തമാശകള്‍ പറയും. വീടുണരും. അച്ഛന്‍ വരുന്ന ദിവസം പഠിക്കണ്ട എന്ന ഇളവുമുണ്ട്.'' 

സൗമ്യയ്ക്കും പറയാനുള്ളത് ആ വ്യത്യാസത്തെപ്പറ്റിത്തന്നെയാണ്: ''കാറോടിക്കുന്ന കാര്യത്തില്‍പ്പോലും അവര്‍ക്കിടയിലെ വ്യത്യാസം പ്രകടമായിരുന്നു. അച്ഛന്‍ മെല്ലെയേ ഓടിക്കൂ. അമ്മ ഓടിക്കുന്ന കാറില്‍ ഒന്നിച്ചു യാത്രചെയ്യുമ്പോള്‍ ഞങ്ങള്‍ അച്ഛനെക്കൊണ്ട് മിമിക്രി ചെയ്യിക്കും. 

മാര്‍ക്ക് കുറഞ്ഞാലൊന്നും അച്ഛന്‍ വഴക്കുപറയില്ല. അച്ഛനോട് എന്തും പറയാം. ഹോസ്റ്റലിലായിരുന്നപ്പോള്‍ അച്ഛന്‍ ഇടയ്ക്കിടെ കാണാന്‍ വരും. അമ്മ അങ്ങനെ വരില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പലഹാരങ്ങളൊക്കെ വാങ്ങിയാണ് അച്ഛന്റെ വരവ്.''

മക്കളുടെ വിലയിരുത്തലുകള്‍ ആസ്വദിച്ച അച്ഛന്റെ മറുപടി ഇങ്ങനെ: ''മക്കളില്‍ രമ്യ എന്നെപ്പോലെയും സൗമ്യ രമയെപ്പോലെയുമാണ്. സിനിമകളുടെ കാര്യത്തില്‍ എന്റെ ഏറ്റവും വലിയ വിമര്‍ശക സൗമ്യയാണ്. എന്റെ എല്ലാ സിനിമയും കാണും. മധുരയിലായതുകൊണ്ട് രമ്യക്ക് പല സിനിമകളും തിയേറ്ററില്‍ കാണാന്‍ സാധിക്കാറില്ല. ഫോണിലൂടെ ഇളയവള്‍ ചേച്ചിക്ക് കഥ വിവരിച്ചുകൊടുക്കുന്നത് കേള്‍ക്കാം. പരോക്ഷമായി രമ തന്ന പിന്തുണ ഇപ്പോള്‍ മക്കളിലൂടെ പ്രകടമായി ലഭിക്കുന്നു.''

പേരക്കുട്ടികളില്‍ ഇളയവനായ എട്ടുമാസക്കാരന്‍ അപ്പുണ്ണി എന്ന അഥര്‍വ് അപ്പൂപ്പനെ നോക്കി ഒരു കുഞ്ഞിളംചിരി ചിരിച്ചു.  നാലുപേരക്കുട്ടികളും മക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ സംതൃപ്തനായ കുടുംബനാഥന്‍ മുറ്റത്തെ ചെടികള്‍ക്കിടയിലേക്കിറങ്ങി. ''രമയ്ക്ക് ചെടികള്‍ വലിയ ഇഷ്ടമായിരുന്നു. ഇവയില്‍ പലതും രമ നട്ടുവളര്‍ത്തിയാണ്. ഈ വീട്ടില്‍ പൂക്കള്‍ ഓര്‍മകള്‍കൂടിയാണ്.'' മൊട്ടിട്ട ഒരു ചെടിയുടെ തലപ്പ് അതുകേട്ടിട്ടാകാം കാറ്റിന്റെ ആയത്തില്‍ ആ കൈയില്‍ ചെന്നുതൊട്ടു.

Content Highlights: malayalam actor jagadish interview