സ്വന്തമായി സമ്പാദിക്കുമ്പോള്‍ ജീവിതത്തോടുള്ള സമീപനം മാറും: മഹിമാ നമ്പ്യാർ

മഹിമാ നമ്പ്യാർ
മഹിമാ നമ്പ്യാർ

മലയാളികൾക്കും തമിഴർക്കും ഒരുപോലെ പ്രിയപ്പെട്ട നായിക. കരിയറിലെ പുതിയ ഉയരങ്ങളിലേക്കാണ് മഹിമാ നമ്പ്യാരുടെ യാത്ര.

സിനിമാമോഹം 
സിനിമാമോഹം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. അക്കാദമിക് രംഗത്ത് കഴിവ് തെളിയിച്ച കുടുംബമാണ്  എന്റേത്. അല്ലാതെ കലാപാരമ്പര്യമില്ല. അമ്മ അധ്യാപിക.  അച്ഛന്‍ റെയില്‍വേയില്‍ എന്‍ജിനീയറായിരുന്നു. ചേട്ടനും എന്‍ജിനീയറാണ്. ബന്ധുക്കളില്‍ ഏറെയും സര്‍ക്കാര്‍ ജോലിയില്‍. അവരെപ്പോലെ ഞാനും പ്രൊഫഷണല്‍ രംഗത്ത് ശോഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. പഠിപ്പിലും മിടുക്കിയായിരുന്നു ഞാന്‍. എന്നാല്‍ സിനിമയോടായി എനിക്ക് താത്പര്യം. ഏതു സിനിമ കണ്ടാലും വീട്ടിലെ കണ്ണാടിയുടെ മുന്നില്‍ അഭിനയിച്ചുനോക്കുന്ന സ്‌കൂള്‍കാലം. ചിരിക്കുമ്പോഴും കരയുമ്പോഴുമെല്ലാം കണ്ണാടിയുടെ മുന്നില്‍ചെന്ന് ഭാവം എങ്ങനെയുണ്ടെന്ന് നോക്കും. അന്നൊന്നും ശരീരത്തിന് പരിക്കുപറ്റുന്ന ഒരു വിനോദത്തിലും ഏര്‍പ്പെട്ടിരുന്നില്ല. എന്തെങ്കിലും പരിക്ക് പറ്റിയാല്‍ എന്റെ സിനിമാമോഹങ്ങളെ ബാധിക്കും എന്നാണ് അന്നേ ചിന്തിച്ചത്. അപ്പോഴും എങ്ങനെ സിനിമയിലെത്തണം എന്നറിയില്ലായിരുന്നു. ഷൂട്ടിങ്ങിനായി പോലും അന്ന് സിനിമാക്കാര്‍ കാസര്‍കോട് എത്താറില്ല. ഒരിക്കല്‍ ബേക്കല്‍ കോട്ടയില്‍ ലൊക്കേഷന്‍ തിരഞ്ഞെത്തിയ ഒരു സിനിമാടീമിനെ കണ്ടുമുട്ടി. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച് അവര്‍ ഫോട്ടോ എടുത്തുകൊണ്ടുപോയി. ആ ഫോട്ടോ കണ്ടാണ് 'കാര്യസ്ഥനി' ലേക്ക് വിളിച്ചത്. അപ്രതീക്ഷിതമായി വന്ന അവസരം എന്ന് പറയാം. 

സാമ്പത്തിക സ്വാതന്ത്ര്യം 
സ്ത്രീകള്‍ക്ക് മാത്രമല്ല സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ട കാര്യമാണ്. ഒരുപ്രായം കഴിയുമ്പോഴേക്കും അത്തരമൊരു സ്വാതന്ത്ര്യം നേടാനായാല്‍ ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സാധിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മാതാപിതാക്കളാണ്. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനും സ്വന്തം കാലില്‍ നില്‍ക്കാനുമാണ് ചെറുപ്പം തൊട്ടേ അവര്‍ എന്നോട് പറഞ്ഞത്. എന്റെ കോണ്‍ഫിഡന്‍സിനും നിലപാടിനും സാമ്പത്തിക സ്വാതന്ത്ര്യം വളരെ അത്യാവശ്യമായിരുന്നു. 

പ്ലസ് ടു കാലഘട്ടം മുതല്‍ ഞാന്‍ ചെറിയ രീതിയില്‍ സമ്പാദിച്ച് തുടങ്ങിയിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് ആദ്യ സിനിമ. സ്വന്തമായി പണം സമ്പാദിക്കുമ്പോള്‍ അതിന്റെ മൂല്യം മനസ്സിലാകുകയും ജീവിതത്തോടുള്ള സമീപനം മാറുകയും കുറച്ച് കൂടി ഉത്തരവാദിത്വമുള്ളവളാകുകയും ചെയ്യും. നമ്മള്‍ കൂടുതല്‍ പക്വതയുള്ള മനുഷ്യനാകും എന്നാണ് എന്റെ അനുഭവം. പെണ്‍കുട്ടികള്‍ അടിമകളായി ജീവിക്കേണ്ടവരല്ല. സമത്വത്തില്‍ ജീവിക്കേണ്ടവരാണ്. ഫെമിനിസം പറയുന്നത് ഈ സമത്വത്തെ കുറിച്ചാണ്.

(മഹിമ നമ്പ്യാരുമായുള്ള പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

Content Highlights: mahima nambiar grihalakshmi covershoot