അപകടത്തിൽ മഹിമയുടെ മുഖത്ത് ഗുരുതരപരിക്കേറ്റു, 20 തുന്നലുകളിട്ടു; സർജറി കഴിഞ്ഞ് ആറാം ദിവസം സെറ്റിലെത്തി

മഹിമ നമ്പ്യാർ | Instagram
മഹിമ നമ്പ്യാർ | Instagram

മഹിമ നമ്പ്യാർ നായികയായ പുതിയ തമിഴ് സിനിമയാണ് 'മണ്ടാടി'. മതിമാരൻ പുകഴേന്തി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിലെത്തിയത് സൂരിയും സുഹാസുമാണ്. വിനായക ചതുർഥിയോടനുബന്ധിച്ച് സെപ്റ്റംബർ 10-ന് റിലീസ് ചെയ്ത ചിത്രം, നല്ല കളക്ഷനാണ് നേടുന്നത്. 75 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതുവരെയായി, 103 കോടി രൂപ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മഹിമയുടെ പ്രകടനം ഏറെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ സക്‌സസ് മീറ്റ് ഈയിടെ നടന്നിരുന്നു. ചടങ്ങിൽവെച്ച് മഹിമയെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സിനിമയിലെ 'ഉസിറേ നീ താൻ' എന്ന പാട്ടിന്റെ ചിത്രീകരണത്തിനുമുമ്പ് ഒരു അപകടമുണ്ടായിരുന്നു. ദിവസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ അപകടത്തിൽ നടി മഹിമയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുഖത്താണ് മഹിമയ്ക്ക് പരിക്കേറ്റത്.

മുഖമാകെ തകർന്നുപോയെന്നുപറയാം. 20-ലേറെ തുന്നലുകളാണ് ഇടേണ്ടിവന്നത്. അതിനുശേഷം മഹിമ തനിക്ക് സെൽഫി അയച്ചു. ഷൂട്ടിങ് തുടരാനാകുമോ എന്നാണ് താൻ അവരോട് ആദ്യം ചോദിച്ചതെന്നും മതിമാരൻ ഓർക്കുന്നു. അന്ന് ഷൂട്ടിങ് മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അതിനിടെ മഹിമയ്ക്ക് മുഖത്ത് സർജറി ചെയ്യേണ്ടിവന്നു. അതുകഴിഞ്ഞ് ആറാം ദിവസം തന്നെ മഹിമ ചിത്രീകരണത്തിനായി സെറ്റിലെത്തിയെന്നും അദ്ദേഹം ഓർക്കുന്നു. ''വേദനകൾ കടിച്ചുപിടിച്ച് ആ പാട്ടിനായി അവർ നൃത്തംചെയ്തു. അതിനുപിന്നിൽ അവരുടെ വലിയൊരു സമർപ്പണമുണ്ട്''.

'കൊമ്രേഡ് കല്യാൺ' എന്ന തെലുഗുചിത്രമാണ് ഇനി മഹിമയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. മലയാളത്തിൽ മഹിമ അവസാനമായി അഭിനയിച്ചത് 'ബ്രൊമാൻസ്' എന്ന ചിത്രത്തിലാണ്. എന്നമോ നടക്കുത്, കുട്രം 23, കൊടിവീരൻ, പുരിയാത്ത പുതിർ, മാസ്റ്റർപീസ്, ഇരവുക്ക് ആയിരം കൺകൾ, മധുര രാജ, ആർഡിഎക്‌സ്, രത്തം, ജയ് ഗണേഷ് എന്നിവയാണ് മഹിമയുടെ പ്രധാനചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mahima Nambiar suffered a severe facial accident with over 20 stitches prior to a song shoot for Mandadi., Despite undergoing facial surgery, she returned to the movie sets on the sixth day to complete the shoot. Director Mathimaran praised Mahima's dedication during the success meet of the film.