പുഷ്പയായി മഹേഷ് ബാബു വന്നാല്‍ എന്താവുമായിരുന്നു? ആദ്യം പരിഗണിച്ചത് താരത്തെ

'പുഷ്പ' സിനിമകളിലൂടെ അല്ലു അര്‍ജുന്റെ 'പുഷ്പരാജ്' എന്ന കഥാപാത്രം ആഗോള പ്രതിഭാസമായി മാറിയത് നമ്മളെല്ലാവരും കണ്ടതാണ്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം കനത്ത വിജയമാണ് ബോക്‌സോഫീസില്‍ നേടിയത്. കള്‍ട്ട് വിജയമായിരുന്നു 'പുഷ്പ' സീരീസിലെ രണ്ടു സിനിമകളും. ചിത്രത്തില്‍ അല്ലു അര്‍ജുന് പകരം മഹേഷ് ബാബു നായകനായിരുന്നെങ്കില്‍ എങ്ങനെയുണ്ടാകുമായിരുന്നു?
അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയുണ്ടാകാന്‍ കാരണം ചിത്രത്തിലേക്ക് നായകനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് അല്ലു അര്‍ജുനെയല്ല എന്നതാണ്. മഹേഷ് ബാബുവിനെ നായകനാക്കി ആന്ധ്രപ്രദേശിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട തീം അവതരിപ്പിക്കാനാണ് സംവിധായകന്‍ ആദ്യം ആലോചിച്ചിരുന്നത്. തന്റെ പ്രഥമപരിഗണന മഹേഷ് ബാബു ആയിരുന്നെന്ന് സംവിധായകന്‍ പഴയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
പക്ഷേ, താരം സിനിമയില്‍ താത്പര്യം കാണിച്ചില്ല. സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ കാരണം, സുകുമാറുമൊത്ത് ആലോചിച്ചിരുന്ന സിനിമ നടക്കില്ലെന്നും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ മഹേഷ് ബാബു പോസ്റ്റ് പങ്കിടുകയും ചെയ്തു. ഇതോടെ സുകുമാര്‍ തിരക്കഥ പൂര്‍ണമായും മാറ്റി, പുതുക്കിയ പതിപ്പുമായി അല്ലു അര്‍ജുനെ സമീപിക്കുകയായിരുന്നു.
സിനിമയുടെ ആദ്യഭാഗം വിജയിച്ച സമയത്ത് മഹേഷ് ബാബുവിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. 'പുഷ്പ' സിനിമകള്‍ ബോക്‌സോഫീസില്‍ റെക്കോഡിട്ട് മുന്നേറി. 'പുഷ്പ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും നടന്‍ വിജയ് ദേവരകൊണ്ട നിലവിലുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു പുതിയ കഥാപാത്രമായി വരുന്നുണ്ടെന്നും അഭ്യൂഹമുണ്ട്.
1600 കോടിയിലധികം രൂപയാണ് 'പുഷ്പ-ദി റൂൾ' ബോക്‌സോഫീസില്‍ നേടിയത്. ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ചരിത്രവും സൃഷ്ടിച്ചു. 1300 കോടിയിലേറെയാണ് ഇന്ത്യയില്‍ നിന്നുമാത്രം 'പുഷ്പ' നേടിയത്. ഒട്ടേറെ ബോക്സോഫീസ് റെക്കോഡുകള്‍ മറികടക്കുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ ലോകമെമ്പാടും 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രം, ഏറ്റവും വേഗത്തില്‍ ഇന്ത്യയില്‍ 1000 കോടി നേടിയ ചിത്രം അങ്ങനെ നീളുന്നു റെക്കോഡുകള്‍.
Content Highlights: mahesh babu was the first choice for the film pushpa