തിയേറ്ററില്‍ റിലീസ് ചെയ്യാതെ കോടികള്‍ നേടിയ സിനിമ; മുടക്കുമുതല്‍ 75 ലക്ഷവും

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിനു മുമ്പ് ഒരു സിനിമയുടെ വിജയം നിര്‍ണയിച്ചിരുന്നത് ബോക്‌സോഫീസിലെ വരുമാനമായിരുന്നു. മുടക്കുമുതലുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ലാഭം കിട്ടിയെന്നത് ചിത്രം ഹിറ്റോ ഫ്‌ളോപ്പോ എന്ന് തീരുമാനിക്കാന്‍ മാനദണ്ഡമായി. മറ്റെല്ലാം രണ്ടാമതായിരുന്നു. എന്നാല്‍ 1988-ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ തന്നെ സൂപ്പര്‍ഹിറ്റായി മാറിയ ഒരു സിനിമയുണ്ട്. ബോളിവുഡിലെ അസാധാരാണമായ ഒരു ഹിറ്റ് സിനിമ, 'ലാല്‍ ദുപ്പട്ട മല്‍മല്‍ കാ'.
ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുമെന്ന പ്രതീക്ഷയായിരിക്കും ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാവുക. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. എന്നാല്‍ 'ലാല്‍ ദുപ്പട്ട മല്‍മല്‍ കാ' നിര്‍മിക്കുമ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നേ അണിയറക്കാര്‍ക്കുണ്ടായിരുന്നില്ല. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഏതാനും ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രം നിര്‍മിച്ച ഒരു സിനിമയാണിത്.
ടി-സീരീസിന്റെ സ്ഥാപകനായിരുന്ന ഗുൽഷൻ കുമാര്‍ ആണ് സിനിമയ്ക്കുപിന്നില്‍. 1988-ല്‍ ഗുൽഷൻ, ഉദിത് നാരായണ്‍, അനുരാധ പൗഡ്വാള്‍, മുഹമ്മദ് അസീസ്, പങ്കജ് ഉദാസ്, സുരേഷ് വാദ്കര്‍ അടക്കം അക്കാലത്തെ മുന്‍നിര ഗായകരുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് റെക്കോഡിങ്‌സ് ഉണ്ടാക്കി. പത്ത് റൊമാന്റിക് ഗാനങ്ങളാണ് അതിലുണ്ടായിരുന്നത്. മജ്റൂഹ് സുല്‍ത്താന്‍പുരി വരികള്‍ രചിക്കുകയും ആനന്ദ്-മിലിന്ദ് സംഗീതം നല്‍കുകയും ചെയ്തു. ആല്‍ബത്തിലെ ഓരോ പാട്ടുകളും വളരെ വേഗത്തില്‍ ഹിറ്റായി.
പാട്ടുകളുടെ വിജയം സാമ്പത്തികലാഭമാക്കി മാറ്റാനുള്ള ഗുൽഷൻ കുമാറിന്റെ ശ്രമമായിരുന്നു സിനിമയെന്ന ആശയം. അങ്ങനെ, ആ ഗാനങ്ങളെ ബന്ധിപ്പിച്ച് ഒരു തിരക്കഥ എഴുതാന്‍ അദ്ദേഹം രണ്‍ബീര്‍ പുഷ്പിനെ ഏര്‍പ്പാടാക്കി. താമസിയാതെ, സാഹില്‍ ഛദ്ദ, വെവര്‍ലി എന്നീ രണ്ട് പുതുമുഖങ്ങളെ പ്രധാനവേഷങ്ങളില്‍ അവതരിപ്പിച്ച് സിനിമയും ചത്രീകരിച്ചു. ഹോം വീഡിയോ ഫോര്‍മാറ്റിലാണ് ചിത്രം റിലീസ് ചെയ്തത്. സംവിധാനം ചെയ്തത് രവീന്ദര്‍ പീപതും.
സൂപ്പര്‍താരങ്ങളൊന്നും ഇല്ലാത്തതിനാല്‍ മുടക്കുമുതല്‍ 75 ലക്ഷത്തില്‍ ഒതുങ്ങി. അതേസമയം, വിഎച്ച്എസ് (വീഡിയോ ഹോം സിസ്റ്റം) വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, ചിത്രം 2 കോടി രൂപ നേടിയതായാണ് വിവരം. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ആല്‍ബം കൂടുതല്‍ വിറ്റഴിഞ്ഞു. ഗുല്‍ഷന്‍ കുമാറിനെ സംഗീത വ്യവസായത്തിന്റെ രാജാവ് എന്നാണ് വിളിച്ചിരുന്നത്.
Content Highlights: made in rs 75 lakh film lal dupatta malmal ka was a superhit without ever releasing