എമ്പുരാനും വീണു; 'ലോക' ഇനി ഭൂലോക ഹിറ്റ്, സര്‍വകാല റെക്കോര്‍ഡും തൂക്കി

ചരിത്രം പിറന്നിരിക്കുന്നു, മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയും മറികടന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര', ലോക ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരിയ മലയാള സിനിമയായി. എമ്പുരാന്‍ നേടിയ 265.5 കോടി എന്ന ആഗോള കലക്ഷന്‍ റിലീസ് ചെയ്ത് 24-ാം ദിനമായ ശനിയാഴ്ച രാവിലെയോടെ ലോക മറികടന്നു. ഇതോടെ ഓള്‍ ടൈം ഹൈയെസ്റ്റ് വേള്‍ഡ് വൈഡ് ഗ്രോസറായിക്കൊണ്ട് ലോക ഇന്‍ഡസ്ട്രി ഹിറ്റ് സൃഷ്ടിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു ഭാഷയിലെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഇതോടെ ഒരു നായികയുടെ പേരിലായി. മോഹന്‍ലാല്‍ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോര്‍ഡുകളാണ് 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആഗോള ബോക്‌സോഫീസില്‍ നിന്ന് 265.5 കോടി നേടിയാണ് മലയാളത്തിലെ സര്‍വകാല ഹിറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 28-നാണ് ലോക പ്രദര്‍ശനത്തിനെത്തിയത്. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം 23-ാം ദിനമായ വെള്ളിയാഴ്ച വരെ 97.90 കോടി കലക്ഷന്‍ നേടിയ 'ലോക' ഇന്ന് നൂറ് കോടി തൊടും. 'തുടരും' ചിത്രത്തിനുപിന്നാലെ കേരള ബോക്‌സോഫീസില്‍ നിന്ന് നൂറുകോടി നേടുന്ന രണ്ടാമത്തെ ചിത്രമായി ഇതോടെ ലോക മാറും.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ആദ്യ ദിനം മുതല്‍ മലയാളത്തിലെ ഓരോ റെക്കോര്‍ഡുകളായി തകര്‍ത്ത് ബോക്‌സോഫീസില്‍ മുന്നേറുകയാണ്. കേരള ബോക്‌സോഫീസില്‍ 'തുടരും' സ്ഥാപിച്ച ഓള്‍ ടൈം റെക്കോര്‍ഡ് മാത്രമാണ് ഇനി ലോകയ്ക്ക് മുന്നില്‍ വീഴാതെ നില്‍ക്കുന്നത്. 118.9 കോടി രൂപയാണ് 'തുടരും' കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം നേടിയ കലക്ഷന്‍. ഈ റെക്കോര്‍ഡ് മറികടക്കണമെങ്കില്‍ 20 കോടി രൂപ കൂടി വരും ദിവസങ്ങളില്‍ കേരള ബോക്‌സോഫീസില്‍ നിന്ന് 'ലോക' നേടണം. എന്നാല്‍ ഈ റെക്കോര്‍ഡും ലോക മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രാക്കര്‍മാരും ട്രെന്‍ഡ് അനലിസ്റ്റുകളും വിലയിരുത്തുന്നു. മലയാളത്തില്‍ നിന്ന് ആദ്യമായി 300 കോടി രൂപ ബോക്‌സോഫീസ് കലക്ഷന്‍ നേടുന്ന സിനിമയായി ലോക മാറുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം. ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ആപ്പുകളില്‍ ഇപ്പോഴും ട്രെന്‍ഡിങ്ങാണ് ലോക. ഓരോ മണിക്കൂറിലും അയ്യായ്യിരത്തിലധികം ടിക്കറ്റുകള്‍ ഇപ്പോഴും ലോകയുടേത് വിറ്റുപോകുന്നു. പുതിയ റിലീസുകള്‍ വന്നിട്ടും ബുക്കിങ്ങില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ലോകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalyani Priyadarshan`s Lokah becomes highest-grossing Malayalam film, surpasses Empuraan`s 265.5 crore collection.