അവര്‍ വരുന്നു; ലോക:ചാപ്റ്റര്‍ 2 പ്രഖ്യാപിച്ചു..

ലോക പോസ്റ്റർ / instagram
ലോക പോസ്റ്റർ / instagram

കാത്തിരുന്ന ആ പ്രഖ്യാപനവും വന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ രണ്ടാം ഭാഗമായ ലോക ചാപ്റ്റര്‍ 2 വിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം വന്നിരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് ഒരുമാസത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ചാത്തന്‍മാര്‍ വരും എന്ന പ്രഖ്യാപനത്തോടെയാണ് ലോക: ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര അവസാനിക്കുന്നത്. ചിത്രത്തില്‍ അതിഥിതാരങ്ങളായെത്തിയ ടൊവിനോയുടെയും ദുല്‍ഖര്‍സര്‍മാന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള രസകരമായ ഒരുസംഭാഷണ വീഡിയോയിലൂടെയാണ് ലോക ചാപ്റ്റര്‍ 2 പ്രഖ്യാപിച്ചിരിക്കുന്നത്.

ചാത്തനായ ടൊവിനോയുടെ മൈക്കല്‍ എന്ന കഥാപാത്രവും ഒടിയനായ ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണിത്. തന്റെ ജ്യേഷ്ഠനായ ചാത്തന്‍ തടവറയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നും അയാളെ നേരിടാന്‍ ചാര്‍ലിയുടെ സഹായം മൈക്കല്‍ ആവശ്യപ്പെടുന്നതുമാണ് രണ്ടാം ഭാഗം അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നാംഭാഗത്തേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം ഭാഗം എന്ന് ഈ സംഭാഷണത്തിലൂടെ തന്നെ വ്യക്തമാകുന്നു. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തന്‍ കഥാപാത്രത്തിന് 389 സഹോദരങ്ങളുണ്ട്. അതില്‍ പ്രശ്‌നക്കാരനായ മറ്റൊരു ചാത്തനായിരിക്കും എതിരാളിയായി അടുത്ത ഭാഗത്തില്‍ എത്തുക എന്നതാണ് വീഡിയോ വ്യക്തമാകുന്നത്. വേറിട്ട ലുക്കിലുള്ള ഈ കഥാപാത്രത്തെയും ടൊവിനോ തന്നെയായിരിക്കും അവതരിപ്പിക്കുക.

മോഹന്‍ലാല്‍ ചിത്രം എമ്പുരാനെയും മറികടന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ലോക ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരിയ മലയാള സിനിമയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. എമ്പുരാന്‍ നേടിയ 265.5 കോടി എന്ന ആഗോള കലക്ഷനാണ് ലോക മറികടന്നത്. ഇന്ത്യയില്‍ ആദ്യമായി ഒരുഭാഷയിലെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഇതോടെ ഒരുനായികയുടെ പേരിലായി.

മോഹന്‍ലാല്‍ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ കൈയടക്കി വച്ച റെക്കോര്‍ഡുകളാണ് 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ആദ്യ ദിനം മുതല്‍ മലയാളത്തിലെ ഓരോ റെക്കോര്‍ഡുകളായി തകര്‍ത്ത് ബോക്‌സോഫീസില്‍ മുന്നേറുകയാണ്. കേരള ബോക്‌സോഫീസില്‍ 'തുടരും' സ്ഥാപിച്ച ഓള്‍ ടൈം റെക്കോര്‍ഡ് മാത്രമാണ് ഇനി ലോകയ്ക്ക് മുന്നില്‍ വീഴാതെ നില്‍ക്കുന്നത്.

എന്നാല്‍ ഈ റെക്കോര്‍ഡും ലോക മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ട്രാക്കര്‍മാരും ട്രെന്‍ഡ് അനലിസ്റ്റുകളും വിലയിരുത്തുന്നു. മലയാളത്തില്‍ നിന്ന് ആദ്യമായി 300 കോടി രൂപ ബോക്‌സോഫീസ് കലക്ഷന്‍ നേടുന്ന സിനിമയായി ലോക മാറുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.

റിലീസ് ചെയ്ത് 29 ാം ദിനത്തിലേക്ക് കടക്കുമ്പോഴും ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങാണ് ലോക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Official announcement for `Lokah: Chapter 2` is out! Tovino Thomas returns as Chathan, with Dulquer Salmaan`s Charlie in a crucial role. Sequel to the highest-grossing Malayalam film.