''അവള്‍ പോയശേഷം കുറേനാള്‍ ഞാനാ പാട്ട് പാടിയതേയില്ല, കേട്ടുമില്ല'', കെ.എസ്.ചിത്ര മകളുടെ ഓര്‍മയില്‍

അകാലത്തില്‍ വേര്‍പിരിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ഗായിക കെ.എസ്.ചിത്ര. മകളുടെ പിറന്നാള്‍ദിനത്തില്‍ ഒരു കുറിപ്പും പങ്കുവെച്ചു ചിത്ര. 'ഓരോ ജന്‍മത്തിനും ഓരോ ലക്ഷ്യങ്ങളുണ്ടെന്നും അത് പൂര്‍ത്തിയാക്കി അവര്‍ അനന്തതയിലേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സമയം രോഗശാന്തിയേകുമെന്നും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ അവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് മാത്രമേ അത് സത്യമല്ലെന്ന് മനസ്സിലാവൂ. മിസ് യു നന്ദന', അവര്‍ കുറിച്ചു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും ചിരിയോടെ നേരിടുന്ന, ചിത്ര അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ അകാലമരണം. പിന്നീട് എല്ലാത്തില്‍നിന്നും ഒഴിഞ്ഞുനിന്ന ചിത്രയെയാണ് കാണാനായത്. പതുക്കെപ്പതുക്കെയാണ് ചിത്ര സിനിമയില്‍ സജീവമായത്. 'ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വര്‍ഗത്തില്‍നിന്ന് വന്നൊരു കുഞ്ഞുമാലാഖ'യെന്നാണ് ചിത്ര കുഞ്ഞ് നന്ദനയെ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്.
ഒരിക്കല്‍ ചിത്ര പറഞ്ഞതിങ്ങനെ, ''നന്ദന പോയശേഷം ഞാന്‍ കുറേനാള്‍ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന പാട്ട് കേള്‍ക്കുകയോ പാടുകയോ ചെയ്തില്ല.ആ പാട്ടിലെ വാവേയെന്ന വാക്കിലൂടെ അവളെ വിളിക്കുന്നതായാണ് അവള്‍ കരുതിയിരുന്നത്. രാത്രിയേറെ വൈകിയുള്ള സ്റ്റേജ് പരിപാടിയിലും നന്ദന ഈ പാട്ടുവരുന്നതുവരെ ഉണര്‍ന്നിരിക്കുമായിരുന്നു. പാട്ടിനുവേണ്ടി കണ്ണുമിഴിച്ചിരിക്കും. ആ പാട്ട് കഴിയുന്നതോടെ ഉറക്കത്തിലേക്ക് ചായും. അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി''.
ചിത്രയ്ക്കും വിജയ്ശങ്കറിനും പതിനഞ്ച് വര്‍ഷത്തിനുശേഷം ജനിച്ച കുഞ്ഞാണ് നന്ദന. 2011-ല്‍ ദുബായിലെ എമിറേറ്റ്‌സ് ഹൈറ്റ്‌സിലുള്ള പൂളില്‍ വീണ് മരിക്കുമ്പോള്‍ കുഞ്ഞിന് എട്ടുവയസ്സായിരുന്നു പ്രായം. ഒരു പരിപാടിക്കായി കുടുംബസമേതം ദുബായിലെത്തിയതായിരുന്നു ചിത്ര.
Content Highlights: ks chithra's daughter nandana's birth anniversary