ബോളിവുഡിലെ ലിംഗപരമായ അസമത്വങ്ങള്‍ തുറന്നടിച്ച് നടി കൃതി സനോണ്‍

ബോളിവുഡിലെ ലിംഗപരമായ അസമത്വങ്ങള്‍ വളരെക്കാലമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ, ഈ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന സൂക്ഷ്മവും എന്നാല്‍ പ്രധാനപ്പെട്ടതുമായ പക്ഷപാതങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കൃതി സനോണ്‍. എന്‍ഡിടിവിയുമായുള്ള സംഭാഷണത്തില്‍, ചെറുതാണെങ്കിലും നടിമാര്‍ നേരിടുന്ന അസമത്വങ്ങള്‍ വെളിവാക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് താരം സംസാരിച്ചു.
ഉദ്യോഗസ്ഥരായ തന്റെ മാതാപിതാക്കള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ എപ്പോഴും തുല്യമായി പങ്കിട്ടിരുന്നുവെന്ന് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തെടുത്തുകൊണ്ട് അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ, തനിക്കോ സഹോദരി നൂപുറിനോ ഒരിക്കലും ലിംഗഭേദത്തിന്റെ പേരില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. സ്വന്തം ഹോബികള്‍ ത്യജിച്ചെങ്കിലും പഠിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടിയ ആളാണ് തന്റെ അമ്മയെന്നും കൃതി പറഞ്ഞു. സ്വതന്ത്രമായി സ്വപ്നം കാണാനും ആഗ്രഹിക്കുന്നതെന്തും പിന്തുടരാനും കൃതിയെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മയാണ്.
പുരുഷ സഹപ്രവര്‍ത്തകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്നെ വിലകുറച്ച് കാണിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചിലപ്പോഴൊക്കെ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കൃതി പറയുന്നു. 'ഒരുപാട് തവണ സംഭവിച്ചിട്ടില്ല, പക്ഷേ പുരുഷ നടന് മെച്ചപ്പെട്ട കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള കാര്യങ്ങള്‍... അത് കാറിന്റെ കാര്യമല്ല, മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്. തുല്യത നല്‍കുക' അവര്‍ പറഞ്ഞു.
കൃതിയുടെ അഭിപ്രായത്തില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടാതെ പോകുന്ന, ആളുകളില്‍ ആഴത്തില്‍ വേരൂന്നിയ മനോഭാവങ്ങളാണ് ഇതിലെ പ്രധാന പ്രശ്‌നം. അവര്‍ കൂട്ടിച്ചേര്‍ത്തു. 'ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പോലും ആദ്യം നടിമാരെ വിളിച്ച് പിന്നീട് നടന്മാര്‍ക്കായി കാത്തിരിക്കുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്. ഈ ചിന്താഗതി മാറണം.' അവര്‍ ഊന്നിപ്പറയുന്നു.
'ദോ പത്തി' എന്ന ചിത്രത്തിലാണ് കൃതി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവും കൃതി തന്നെ. ഷഹീര്‍ ഷെയ്ഖ്, കാജോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ ലഭ്യമാണ്.
ഹിമാന്‍ഷു ശര്‍മ്മയും നീരജ് യാദവും ചേര്‍ന്ന് രചന നിര്‍വഹിച്ച ആനന്ദ് എല്‍ റായിയുടെ റൊമാന്റിക് ഡ്രാമയായ 'തേരെ ഇഷ്‌ക് മേ' എന്ന സിനിമയിൽ ധനുഷിനൊപ്പമാണ് കൃതി അടുത്തതായി അഭിനയിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 28-ന് ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ഷാഹിദ് കപൂര്‍ എന്നിവര്‍ അഭിനയിക്കുന്ന 'കോക്ടെയ്ല്‍ 2' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: kriti sanon opens up about subtle sexism in bollywood, highlighting unequal treatment of actresses compared to male actors.