‘അക്ഷയ് ഖന്നയുടെ അച്ഛൻ വിനോദ് ഖന്ന സ്വർഗ്ഗത്തിലിരുന്ന് മകനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും’

ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ചിത്രം 'ധുരന്ധർ' റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമാലോകത്തെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നതിനിടെ, നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദറും ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.
ചിത്രം കണ്ടതിനുശേഷം തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഖുശ്ബു പ്രതികരണം അറിയിച്ചത്. 'ധുരന്ധർ' സിനിമ തന്നെ അത്യധികം സ്വാധീനിച്ചുവെന്നും ഇതൊരു മികച്ച സിനിമാനുഭവമാണെന്നും അവർ കുറിച്ചു.
'ഒടുവിൽ ധുരന്ധർ കണ്ടു. ഞാൻ അത്ഭുതപ്പെട്ടുപോയി എന്ന് പറയുന്നത് കുറഞ്ഞുപോകും. ആദിത്യ ധറിനും മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഫ്രെയിമും, ഓരോ വാക്കും, ഓരോ നിമിഷവും പ്രചോദനം നൽകുന്നതാണ്. 'യേ നയ ഹിന്ദുസ്ഥാൻ ഹൈ' (ഇത് പുതിയ ഇന്ത്യയാണ്) എന്ന ഡയലോഗ് കേട്ടപ്പോൾ ഞാൻ ഏറ്റവും ഉറക്കെ കൈയടിച്ചു.' സിനിമ കഴിയുമ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ നിറയുമെന്നും നെഞ്ച് അഭിമാനം കൊണ്ട് വിങ്ങുമെന്നും ഖുശ്ബു കുറിച്ചു.
ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും അവർ വാചാലയായി. രൺവീർ സിങ് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചുവെന്നും മാധവൻ പവർഫുൾ ആണെന്നും രാകേഷ് ബേദി ഗംഭീരമായെന്നും അവർ പറഞ്ഞു. എങ്കിലും ചിത്രത്തിൽ ഖുശ്ബുവിനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അക്ഷയ് ഖന്ന ആയിരുന്നു.
'അക്ഷയ് ഖന്ന എന്ന മനുഷ്യൻ തന്റെ വേഷം ഗംഭീരമാക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ അച്ഛൻ വിനോദ് ഖന്ന സ്വർഗ്ഗത്തിലിരുന്ന് മകനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെ വിവരിക്കാൻ വാക്കുകളില്ല.'
2025 ഡിസംബർ 5-ന് റിലീസ് ചെയ്ത ധുരന്ധർ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഏകദേശം 835 കോടി രൂപയിൽ അധികം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ ഈ ചിത്രം, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമ എന്ന റെക്കോർഡും സ്വന്തമാക്കി. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിരയുള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Khushbu Sundar hails `Dhurandhar` as a cinematic masterpiece, praising Akshay Khanna`s impactful performance and the film`s patriotic message. A must-watch!