വീണ്ടും മമ്മൂട്ടിയോ..? പോറ്റിക്ക് ചെക്ക് വയ്ക്കാനാര്..? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം 31 ന്, സാധ്യതകള്‍ ഇങ്ങനെ..

ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുമോ..? 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങവേ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അതാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന സിനിമയില്‍ കൊടുമണ്‍ പോറ്റിയായി നടത്തിയ അസാമാന്യ പ്രകടനമാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള മത്സരത്തില്‍ എല്ലാവരും സാധ്യത കല്‍പിക്കുന്നത്. എന്നാല്‍ ഒരുപിടി ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും മത്സരത്തില്‍ മുന്നില്‍ തന്നെയുണ്ട്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ എന്നീ മൂന്ന് ചിത്രങ്ങളിലെ പ്രകടനമാണ് ആസിഫ് അലിയ്ക്ക് തുണയാകുന്നത്. മൂന്ന് സിനിമകളിലും വ്യത്യസ്ത വേഷങ്ങളില്‍ ഗംഭീര പ്രകടനമാണ് ആസിഫ് അലി നടത്തിയിരിക്കുന്നത്. കരിയറിലെ വ്യത്യസ്ത പ്രകടനമായ മലൈക്കോട്ടെ വാലിബനുമായി മോഹന്‍ലാല്‍, അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനവുമായി (ARM) ടൊവിനോ തോമസ്, കിഷ്‌കിന്ധാകാണ്ഡത്തിലെ പ്രകടനവുമായി വിജയരാഘവന്‍ തുടങ്ങിയവരെല്ലാം തന്നെ മികച്ച നടന് മത്സരിക്കുന്നുണ്ട്. ഇവ കൂടാതെ സര്‍പ്രൈസ് വിജയികള്‍ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.
ഒക്ടോബര്‍ 31 നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.
36 സിനിമകളാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്‌ക്രീനിംഗാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്‌ക്രീനിംഗില്‍ സിനിമകള്‍ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിലുണ്ട്.
ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയും അംഅ യിലെ പ്രകടനത്തിന് ശ്രുതി ജയന്‍, മീര വാസുദേവ്, സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിന് നസ്രിയ നസീം എന്നിവരാണ് മികച്ച നടിക്കുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ദേശീയ, അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ഫെമിനിച്ചി ഫാത്തിമ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും തിളങ്ങും എന്നാണ് സൂചന. മികച്ച സിനിമ, മികച്ച നടന്‍, നടി, ജനപ്രിയ ചിത്രം എന്നിവയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ്, അജയന്റെ രണ്ടാം മോഷണം (ARM), പ്രേമലു,സൂക്ഷ്മദര്‍ശിനി, ഭ്രമയുഗം,കിഷ്‌കിന്ധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉള്ളത്. നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ്, മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടെ വാലിബന്‍ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാലിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് സൂചന. 2024 ലെ മികച്ച ചിത്രങ്ങള്‍ക്ക് ഉള്ള അവാര്‍ഡാണ് പ്രഖ്യാപിക്കുന്നത്. 128 സിനിമകളാണ് ഇത്തവണ അവാര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. രണ്ട് കമ്മിറ്റികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ തിരഞ്ഞെടുത്തത്.
Content Highlights: The 55th Kerala State Film Awards are announced on October 31st. Mammootty (`Bhrumayugam`) and Asif Ali are strong contenders for Best Actor. Explore other nominations and potential winners.