55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ സോഷ്യൽമീഡിയയിലൂടെ വിമർശിച്ച് നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെയൊന്നും ഒന്നാം നിരയിൽ ഇരുത്താതെ പിൻനിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയെയാണ് അഹാന ചോദ്യം ചെയ്തത്. ചടങ്ങിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറും യാദൃശ്ചികമാണോയെന്ന് അഹാന ചോദിക്കുന്നു. മികച്ച നടി ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ മുൻനിരയിൽ ഇരിക്കാൻ അർഹരാണെന്നും, അവരെ പിൻനിരയിലാക്കിയത് ശരിയല്ലെന്നും അഹാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നിശാഗന്ധിയിൽ നടന്ന പ്രൗഢഗംഭീരമായ പുരസ്കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മികച്ച നടി, മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരരുക്കിയിരുന്നത്.

‘‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, അവാർഡ് ജേതാക്കളുടെ നേട്ടത്തിൽ അങ്ങേയറ്റം ആഹ്ളാദിക്കുന്നു. എങ്കിലും, ആ വീഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയ രീതി മനസ്സിൽ ചെറിയ അസ്വസ്ഥതയുണ്ടാക്കി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറും യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇതിവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാനായില്ല’’ അഹാന കുറിച്ചു. അഹാന പ്രതിഷേധം രേഖപ്പെടുത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi