ഷാരൂഖിനെ കാണാൻ പ്ലസ് വൺ പരീക്ഷ കട്ട് ചെയ്ത കീർത്തി, അഭിനയിക്കാൻ അച്ഛനെ സമ്മതിപ്പിച്ചത് പ്രിയദർശൻ

എപ്പോഴും ഒരു നടിയാകാനായിരുന്നു കീർത്തി സുരേഷിന്റെ ആഗ്രഹം. എന്നാൽ മകൾ നേരത്തേ തന്നെ സിനിമയിൽ അഭിനയിക്കുന്നതിനോട് അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാറിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. അടുത്തിടെ മാഷബിൾ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ, സംവിധായകൻ പ്രിയദർശൻ തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എങ്ങനെയാണെന്നും കരിയറിന്റെ തുടക്കത്തിലുണ്ടായ ചില രസകരമായ സംഭവങ്ങളും കീർത്തി തുറന്നുപറഞ്ഞു.
“എനിക്കെപ്പോഴും അഭിനയിക്കാനാണ് ആഗ്രഹം, എന്നാൽ ഞാൻ നല്ലൊരു നടിയാകില്ലെന്ന് അച്ഛൻ എവിടെയോ കരുതിയിരുന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇല്ല, ആദ്യം പഠിക്കൂ' എന്ന്. ഞാൻ പറഞ്ഞു, 'പ്ലസ് ടു കഴിഞ്ഞു', അപ്പോൾ ബിരുദം വേണമെന്നായി അച്ഛൻ. അങ്ങനെയിരിക്കെ ഒരു ദിവസം പ്രിയൻ (പ്രിയദർശൻ) സാർ അച്ഛനോട് എന്നെ സിനിമയിൽ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. 'ഞാനൊരു പെൺകുട്ടിയെ കണ്ടു, അവളെ സിനിമയിൽ അവതരിപ്പിക്കാമെന്ന് കരുതുന്നു, പക്ഷേ അവളുടെ അച്ഛന് വലിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നില്ല' എന്നാണ് അദ്ദേഹം ചോദിച്ചത്. കേട്ടയുടനെ 'ആളാരെന്ന് പറയൂ, ഞാൻ പോയി സംസാരിക്കാം' എന്ന് അച്ഛന്റെ മറുപടി വന്നു. അപ്പോൾ പ്രിയൻ സാർ പറഞ്ഞു, 'അത് നിങ്ങൾ തന്നെയാണ്' എന്ന്.”
മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീർത്തി സിനിമാജീവിതം തുടങ്ങിയത്.
സംഭാഷണത്തിനിടയിൽ, ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിൽ തന്റെ സഹോദരി ജോലി ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. സൂപ്പർതാരത്തെ കാണാൻ ഈ ബന്ധം എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, അറ്റ്ലിയുടെ ജന്മദിനാഘോഷത്തിൽ വെച്ച് ഷാരൂഖ് ഖാനെ ഒരിക്കൽ കണ്ടിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ അതിനേക്കാൾ വളരെ മുമ്പായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്നും. “11-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്. പ്രിയൻ സാറിന്റെ അസിസ്റ്റന്റായി ഏഴെട്ട് വർഷത്തോളം എന്റെ ചേച്ചി ജോലി ചെയ്തിരുന്നു. അവൾ 'ബില്ലു'വിൽ (2009) പ്രവർത്തിക്കുകയായിരുന്നു. ഞാനും എന്റെ സുഹൃത്തും പരീക്ഷ മുടക്കി സെറ്റിൽ ഷാരൂഖ് ഖാനെ കാണാൻ പോയി. അദ്ദേഹത്തിനൊപ്പമുള്ള ആദ്യ ചിത്രം എന്റെ കൈയിലുണ്ട്. പക്ഷേ ഞാനതിലൊട്ടും നല്ലതല്ല, അതുകൊണ്ട് എനിക്ക് ആ കാലത്തേക്ക് തിരികെ പോകാൻ താല്പര്യമില്ല. ഒരു പഴയ സൽവാറും വലിയൊരു പൊട്ടുമായിരുന്നു എന്റെ വേഷം. എങ്കിലും, നല്ല പഴയകാലം.”-അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Keerthy Suresh admitted to bunking her Class 11 exams to meet Shah Rukh Khan on the sets of Billu., Filmmaker Priyadarshan convinced her father, G Suresh Kumar, to let her enter the film industry