‘എട്ടു മണിക്കൂര്‍ ഉറക്കം നല്ലതാണെന്ന് പറയാറുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് ആറു മണിക്കൂര്‍ പോലും ഉറങ്ങാന്‍ കഴിയാറില്ല’

സിനിമാ മേഖലയിലെ ജോലി സമയത്തിന്റെ വിഷയത്തില്‍ വിശദീകരണം നല്കി നടി കീര്‍ത്തി സുരേഷ്. ഹൈദരാബാദില്‍ തന്റെ പുതിയ ചിത്രമായ 'റിവോള്‍വര്‍ റീത്ത'യുടെ പ്രൊമോഷനിടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കരിയറില്‍ പലതരം ഷിഫ്റ്റുകളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും, ചിലപ്പോള്‍ രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 2 മണി വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.
'മഹാനടി'യുടെ ചിത്രീകരണ സമയത്ത് മറ്റ് അഞ്ച് സിനിമകളിലും ഒരേ സമയം അഭിനയിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍, 8 മണിക്കൂര്‍ ഷിഫ്റ്റ് ആണ് ഏറ്റവും അനുയോജ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
“രാവിലെ 9 മണിക്കുള്ള ഷിഫ്റ്റിന്, 7:30-ന് സെറ്റിലെത്തണമെങ്കില്‍, ഞാന്‍ വീട്ടില്‍ നിന്ന് 6:30-ന് ഇറങ്ങണം, അതിനായി 5:30-ന് എഴുന്നേല്‍ക്കണം. വൈകുന്നേരം 6-6:30 ഓടെ പാക്കപ്പ് ആകുമ്പോള്‍, വസ്ത്രം മാറി 7 മണിക്ക് അവിടെനിന്ന് ഇറങ്ങും. വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും സമയം 8:15 ആകും. വസ്ത്രം മാറി 8:30-ന് വര്‍ക്ക്ഔട്ടിന് പോകും, അത് കഴിയുമ്പോഴേക്കും 10 മണിയാകും. കുളിച്ച് അത്താഴം കഴിക്കുമ്പോഴേക്കും സമയം 11 മണിയായിട്ടുണ്ടാകും. ഇനി 11:30-ന് ഉറങ്ങി രാവിലെ 5:30-ന് എഴുന്നേല്‍ക്കണം.” മിക്ക അഭിനേതാക്കളുടെയും ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
“8 മണിക്കൂര്‍ ഉറക്കം നല്ലതാണെന്ന് നമ്മള് പറയാറുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് 6 മണിക്കൂര്‍ പോലും ഉറങ്ങാന്‍ കിട്ടാറില്ല. ഇതൊരു സാധാരണ 9-6 ഷിഫ്റ്റിലെ കാര്യമാണ്. ഇതിലും കൂടുതല്‍ മണിക്കൂര്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വരുന്നുണ്ട്. ഞങ്ങള്‍ക്ക് മുന്‍പ് സെറ്റിലെത്തി ഞങ്ങള്‍ക്ക് ശേഷം പാക്കപ്പ് ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ അവസ്ഥയും ഒന്നാലോചിച്ചു നോക്കൂ”, അവര്‍ വ്യക്തമാക്കി.
“തമിഴിലും തെലുങ്കിലും സാധാരണയായി 9-6 എന്നൊരു സമയക്രമമുണ്ട്. എന്നാല്‍ മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂറാണ് ജോലി. മലയാളത്തില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായ ഷെഡ്യൂളുകളിലാണ് ജോലി ചെയ്യുന്നത്, അത് വളരെ ബുദ്ധിമുട്ടാണ്. അവര്‍ 3-4 മണിക്കൂറാണ് ഉറങ്ങുന്നത്, കേരളത്തിലെ ലൈറ്റ്മാന്മാര് 2-3 മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂ. ആഹാരവും വ്യായാമവും പോലെത്തന്നെ പ്രധാനമാണ് ഉറക്കവും.”
അടുത്തിടെ, 'ദി ഗേള്‍ഫ്രണ്ട്' എന്ന സിനിമയുടെ പ്രൊമോഷനിടെ രശ്മിക മന്ദാനയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. താനും കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാല്‍ കൃത്യമായ ജോലി സമയം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് അവരും അഭിപ്രായപ്പെട്ടു.
സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക പദുകോണ്‍ പിന്മാറിയതു മുതല്‍, സിനിമാ മേഖലയിലെ ജോലി സമയത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: keerthy suresh advocates for ideal 8-hour work shifts in the film industry, discussing actor and technician schedules and the importance of sleep.