എനിക്കൊപ്പം പ്രവര്‍ത്തിക്കരുതെന്ന് പല നടന്മാര്‍ക്കും കോളുകള്‍ വന്നു; കങ്കണ റണൗട്ട്

അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. കങ്കണ സംവിധാനം ചെയ്ത എമര്‍ജന്‍സി സെപ്തംബര്‍ 6-ന് റീലിസിനൊരുങ്ങുകയാണ്. സിനിമാമേഖലയിൽ തനിക്കെതിരെ ഗൂഡാലോചനകൾ നടക്കുന്നുണ്ടെന്നും അത് തന്റെ പുതിയ സിനിമയെ ബാധിച്ചുവെന്നും അടുത്തിടെ താരം മനസ്സുതുറന്നു. നിരവധി കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഛായാഗ്രാഹകരും നടന്മാരും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതായും തന്നോടൊപ്പം പ്രവര്‍ത്തിക്കരുതെന്ന രീതിയില്‍ പലരും പല മുന്നറിയിപ്പുകളും നല്‍കുന്നുണ്ടെന്നും കങ്കണ വെളിപ്പെടുത്തി.
''നിരവധി കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഡിഒപിമാരും എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചു. എനിക്കൊപ്പം പ്രവര്‍ത്തിക്കരുതെന്ന് പല നടന്മാര്‍ക്കും കോളുകള്‍ വന്നു. സിനിമാമേഖലയില്‍ എനിക്കെതിരെ ഒരുപാട് ഗൂഢാലോചന നടന്നു. എന്നോടൊപ്പം നിൽക്കുന്നതും എന്റെ സിനിമയുടെ ഭാഗമാകുന്നതും എളുപ്പമല്ല. സിനിമാചിത്രീകരണ സമയത്ത് ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. എന്നാൽ വെല്ലുവിളികള്‍ക്കിടയിലും തന്നോടൊപ്പം പ്രവര്‍ത്തിക്കുകയും കൂടെ നിൽക്കുകയും ചെയ്ത അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, സതീഷ് കൗശിക്, മഹിമ ചൗധരി തുടങ്ങിയവരോടും എമര്‍ജന്‍സി സിനിമയുടെ ടീമിനോടും സ്നേഹവും നന്ദിയും മാത്രം.'' - അവര്‍ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായി തനിക്കെതിരെ ബോളിവുഡില്‍ നടന്ന ഗൂഢാലോചനകളെക്കുറിച്ച് മുമ്പും താരം സംസാരിച്ചിരുന്നു. 'എമർജൻസി'യിൽ ഇന്ദിരഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1975-1977 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം.
Content Highlights: kangana ranaut says conspiracies against her in bollywood