ഹൊറർ സിനിമ പ്രഖ്യാപിച്ച് റാണ ദഗ്ഗുബാട്ടി, നായിക കങ്കണ റണാവത്ത്

തെലുഗുതാരം റാണ ദഗ്ഗുബാട്ടിയുടെ പ്രൊഡക്ഷനിൽ ഒരു ഹൊറർ ചിത്രം അണിയറയിലൊരുങ്ങുകയാണ്. ബോളിവുഡ് നടിയും എംപിയുമായ കങ്കണാ റണാവത്തിനെ നായികയാക്കിയാണ് ചിത്രമൊരുക്കുന്നത്. ന്യൂഡൽഹിയിൽ ഹാലോവീനോടനുബന്ധിച്ച് നടന്ന ഹോറർകോൺ ഇന്ത്യ 2026-ൽ റാണ ദഗ്ഗുബാട്ടി തന്നെയാണ് സർപ്രൈസായി ഈ പ്രഖ്യാപനം നടത്തിയത്. തികച്ചും വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകനും നടനുമായ രവി ബാബുവാണ് സംവിധാനം. ‘സ്കേരി പിക്ചർ’ (Scary Picture) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
റാണയുടെ പ്രൊഡക്ഷൻ ഹൗസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, അതേസമയം, താരം ചിത്രം വെളിപ്പെടുത്തുന്ന ഇൻസ്റ്റാഗ്രാം വീഡിയോ കങ്കണ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഇതൊരു ഹൊറർ ചിത്രമാണ്. എന്റെ സുഹൃത്തായ രവി ബാബു ആണ് സംവിധായകൻ. തെലുങ്കിൽ അദ്ദേഹം നിരവധി ഹൊറർ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണ്. ചിത്രത്തിന്റെ പേര് ഇവിടെയാണ് ആദ്യമായി പ്രഖ്യാപിക്കുന്നത്.”-റാണ പറഞ്ഞു.
അന്തരിച്ച തെലുങ്ക് നടൻ ചലപതി റാവുവിന്റെ മകനായ രവി ബാബു 1998-ൽ അഭിനയരംഗത്തേക്ക് കടന്നു. 2002 മുതൽ അദ്ദേഹം സംവിധായകന്റെ വേഷമണിഞ്ഞു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ പരീക്ഷണാത്മകമായ ചലച്ചിത്ര നിർമ്മാണ ശൈലിക്ക് പേരുകേട്ടയാളാണ് അദ്ദേഹം. ബോക്സോഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. 2023-ൽ ഒരു പന്നിക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ‘അധുഗോ’ (Adhugo) എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rana Daggubati announced a new horror film titled 'Scary Picture' at HorrorCon India 2026., The film stars Kangana Ranaut in the lead role., It will be directed by offbeat Telugu filmmaker Ravi Babu, marking his Hindi feature film debut.