ഡേറ്റിങ് ആപ്പുകളിൽ പങ്കാളിയെ തേടുന്നത് മോശമായ പ്രവൃത്തി; കങ്കണ റണൗട്ട്

ഡേറ്റിങ്ആപ്പുകളെയും അത് ഉപയോഗിക്കുന്ന വ്യക്തികളെയും വിമര്‍ശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. ആധുനിക ഡേറ്റിങും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പും ഇന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ തകര്‍ക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്തിടെ 'ഹോട്ടര്‍ഫ്ലൈ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.
ഒരു ഡേറ്റിങ് ആപ്പില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കങ്കണയുടെ മറുപടി ഇങ്ങനെയായിരുന്നു,. 'ഡേറ്റിങ് ആപ്പുകളില്‍ വരാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു മോശം പ്രവൃത്തിയാണ്. അത്തരം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.''
‘ഡേറ്റിങ്എന്ന പേരില്‍ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഭാര്യയോട് വിശ്വസ്തത പുലര്‍ത്താനുള്ള പുരുഷന്റെ പ്രതിജ്ഞയാണ് വിവാഹം. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ കാണാന്‍ കഴിയും, മാതാപിതാക്കള്‍ വഴി പരിചയപ്പെടാന്‍ സാധിക്കും, കോളേജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കും. ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരേയും കണ്ടുമുട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന്. അവിടെയും നിങ്ങള്‍ക്ക് ആരെയും ലഭിക്കാന്‍ പോകുന്നില്ല.
ഇത്തരം പ്ലാറ്റ്ഫോമുകളില്‍ പങ്കാളിയെ തേടുന്നത് മോശമാണെന്നും അംഗീകാരം ആഗ്രഹിക്കുന്നവരും ആത്മവിശ്വാസക്കുറവുള്ളവരാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നതെന്നും അവർ പറഞ്ഞു.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനെയും കങ്കണ വിമര്‍ശിച്ചു. 'നമ്മുടെ സമൂഹത്തില്‍ വിവാഹങ്ങള്‍ വളരെ പ്രധാനമാണ്, ഒരു പുരുഷന്‍ തന്റെ ഭാര്യയോട് വിശ്വസ്തനായിരിക്കുമെന്ന് നല്‍കുന്ന വാഗ്ദാനമാണത്. ഇക്കാലത്ത് ലിവ്-ഇന്‍ ബന്ധങ്ങള്‍ പോലുള്ള പുതിയ ആശയങ്ങളെക്കുറിച്ച് കേള്‍ക്കുന്നു. എന്റെ ജീവിതത്തിലുടനീളം ഞാന്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവരെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത് സ്ത്രീസൗഹാർദ്ദപരമായ കാര്യങ്ങളല്ലെന്ന് എനിക്ക് ഉറപ്പുനല്‍കാന്‍ കഴിയും. നിങ്ങള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആരാണ് സഹായിക്കുക? നാളെ ഒരു ലിവ്-ഇന്‍ ബന്ധത്തിനിടയില്‍ നിങ്ങള്‍ ഗര്‍ഭിണിയായാല്‍, ആരാണ് നിങ്ങളെ പരിപാലിക്കുക?' കങ്കണ ചോദിച്ചു.
ഇതിനുമുമ്പും ഇത്തരത്തിലുള്ള പല വിവാദപരാമര്‍ശങ്ങളിലൂടെയും കങ്കണ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kangana criticizes dating apps and live-in relationships sparking debate on modern dating culture and its impact on Indian society