മേക്കപ്പ് കഴുകിവരാൻ കമൽഹാസൻ പറഞ്ഞപ്പോൾ ഖുശ്ബു അമ്പരന്നു; 'എന്റെ ശാലിനിക്ക് മേക്കപ്പ് വേണ്ട'

തങ്ങളുടെ 20-കളിൽ സിനിമാസെറ്റിൽ ഹെയർ-മേക്കപ്പ് ആർട്ടിസ്റ്റുകൾ ഇല്ലായിരുന്നെന്നും, അത്തരം കാര്യങ്ങളെല്ലാം സ്വയമാണ് ചെയ്തിരുന്നതെന്നും പറയുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. 1990-ലെ തമിഴ് ക്ലാസിക് ചിത്രമായ 'മൈക്കിൾ മദന കാമ രാജൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് കമൽഹാസനുമായി ബന്ധപ്പെട്ടുണ്ടായ മറക്കാനാവാത്ത ഒരു സംഭവവും ഖുശ്ബു പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ ശാലിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഖുശ്ബുവാണ്. അണിഞ്ഞൊരുങ്ങി രാജ്ഞിയെപ്പോലെയാണ് അന്ന് താൻ സെറ്റിലെത്തിയതെന്ന് നടിയോർക്കുന്നു. മുടി ചുരുട്ടി സ്റ്റൈൽ ചെയ്ത്, കടുത്ത ഐഷാഡോയടക്കം പൂർണ്ണമായ മേക്കപ്പ്. എന്നാൽ, ഇതിന് അപ്രതീക്ഷിതമായ പ്രതികരണമാണ് കമൽഹാസനിൽ നിന്ന് ലഭിച്ചത്.
സെറ്റിൽ വെച്ച് ഖുശ്ബു കമലിനെ കണ്ടതും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- "പുറകിൽ ഒരു വാഷ്‌റൂം ഉണ്ട്, പോയി മുഖം കഴുകി വരൂ." അമ്പരന്നുപോയ ഖുശ്ബു കമൽ എന്തോ തെറ്റിദ്ധരിച്ചെന്നാണ് കരുതിയത്. പക്ഷേ, കമൽ ഉറപ്പിച്ചു പറഞ്ഞു, "നിന്റെ മുഖത്ത് മേക്കപ്പിന്റെ ഒരു അംശം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ശാലിനി ഈ സിനിമയിൽ മേക്കപ്പില്ലാതെയാണ് അഭിനയിക്കുന്നത്."
അദ്ദേഹം പറയുന്നതിലെ കലാപരമായ ആശയം പെട്ടെന്നുതന്നെ പിടികിട്ടിയെന്നും ഉടൻതന്നെ മേക്കപ്പ് കഴുകി സെറ്റിലേക്ക് മടങ്ങിവന്നെന്നും ഖുശ്ബു പറഞ്ഞു. ശേഷം, കമൽ നമുക്ക് ഷോട്ടിന് തയ്യാറാകാമെന്നും പറഞ്ഞു.
തുടക്കത്തിൽ ഒരു ശാസനയായിട്ടാണ് തോന്നിയത്. സിനിമയുടെ തനിമയ്ക്ക് അതാവശ്യമാണെന്ന് പിന്നീട് ബോധ്യപ്പെട്ടു, കമൽ ക്ഷുഭിതനോ ക്രൂരനോ ആയിരുന്നില്ലെന്നും ഖുശ്ബു വിശദീകരിച്ചു.
ഇന്നത്തെ സ്പെഷ്യലൈസ്ഡ് ഫിലിം സെറ്റുകളിലെപ്പോലെ അന്ന് വലിയ സൗകര്യങ്ങളൊന്നുമില്ലായിരുന്നെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. സിനിമയിലും ടെലിവിഷനിലും വിജയകരമായ ഒരു കരിയറാണ് ഖുശ്ബു കെട്ടിപ്പടുത്തത്. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Khushboo Sundar recalls how Kamal Haasan asked her to wash off her makeup for `Michael Madana Kama Rajan`. A fascinating look at artistic vision & early career.